മുണ്ടുടുത്ത് ജോജു, സാരിയില്‍ നിമിഷ; വെനീസ് മേളയില്‍ മലയാളത്തിന്റെ അഭിമാനമായി 'ചോല'

By Web TeamFirst Published Sep 3, 2019, 3:58 PM IST
Highlights

സനൽ കുമാർ ശശിധരൻ, ജോജു ജോർജ്ജ്, നിമിഷ സജയൻ, സിജോ വടക്കൻ ,ഷാജി മാത്യു എന്നിവർ സിനിമയെ പ്രതിനിധീകരിച്ച് റെഡ് കാർപ്പറ്റിൽ എത്തി. 

വെനീസ് രാജ്യാന്തര ചലച്ചിത്ര മേളയിൽ മലയാള സിനിമയ്ക്കു അഭിമാന മുഹൂർത്തം. സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത 'ചോല' മേളയിൽ പ്രദർശിപ്പിച്ചു. 

വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് പ്രശസ്തമായ വെനീസ് ചലച്ചിത്രമേളയിൽ ഒരു മലയാള ചിത്രം പ്രദർശിപ്പിക്കുന്നത്. സനൽ കുമാർ ശശിധരൻ, ജോജു ജോർജ്ജ്, നിമിഷ സജയൻ, സിജോ വടക്കൻ ,ഷാജി മാത്യു എന്നിവർ സിനിമയെ പ്രതിനിധീകരിച്ച് റെഡ് കാർപ്പറ്റിൽ എത്തി. 

കേരളീയ വസ്ത്രമായ മുണ്ടുടുത്താണ് ജോജു സ്റ്റേജിൽ എത്തിയത്. സാരിയായിരുന്നു നിമിഷയുടെ വേഷം. കൈയ്യടികളോടെയാണ് ചിത്രത്തിന്റെ പ്രവർത്തകരെ കാണികൾ വരവേറ്റത്. ചോലയുടെ ആദ്യ പ്രദർശനമാണ് വെനീസിൽ നടന്നത്. 

ലോകസിനിമയിലെ പുതിയ ട്രെൻഡുകളെ പരിചയപ്പെടുത്തുന്ന ഒറിസോണ്ടി മത്സരവിഭാഗത്തിലാണ് ചോല  പ്രദർശിപ്പിച്ചത്. വിഭാഗത്തിൽ ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഒരേയൊരു ചിത്രമാണ് ചോല. വെനീസ് ലഗൂണിലെ ലിഡ ദ്വീപിലാണ് ലോകത്തെ മൂന്ന് പ്രധാന ചലചിത്രമേളകളിലൊന്നായ വെനീസ് ഫിലിം ഫെസ്റ്റിവൽ നടക്കുന്നത്.  ജോജു ജോർജ്, നിമിഷ സജയൻ, നവാഗതനായ അഖിൽ വിശ്വനാഥ് എന്നിവരാണ് ചോലയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

അടൂർ ഗോപാലകൃഷ്ണന്റെ  മതിലുകൾ, നിഴൽകുത്ത്  എന്നിവയാണ് ഇതിനു മുൻപ് വെനീസ് ചലച്ചിത്രമേളയിലേക്ക് മലയാളത്തിൽ നിന്ന് പ്രദർശിപ്പിക്കപ്പെട്ട ചലച്ചിത്രങ്ങൾ. അപ്പു പാത്തു പപ്പു പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ജോജു ജോർജ്ജ് നിർമ്മിച്ച ചോലയുടെ സഹനിർമ്മാതാക്കൾ സിജോ വടക്കനും, നിവ് ആർട്ട് മൂവീസുമാണ്. 
 

click me!