
മലയാള സിനിമയുടെ ചരിത്രം എടുത്തുകഴിഞ്ഞാൽ അതിൽ മുൻപന്തിയിൽ നിൽക്കുന്നൊരു പേരാണ് ജികെ പിള്ളയുടേത്(GK Pillai). വില്ലനായും, സ്വഭാവ നടനായും മുത്തച്ഛനായും അച്ഛനായും അദ്ദേഹം മലയാള സിനിമയിൽ നിറഞ്ഞുനിന്നു. നിത്യഹരിത നായകൻ പ്രേംനസീറിലൂടെ മലയാളത്തിന് ലഭിച്ച ഈ അതുല്യ പ്രതിഭ അരങ്ങൊഴിയുമ്പോൾ ഓരോ മലയാളികളുടെയും മനസ്സിൽ ഒരു നോവുണർത്തുകയാണ്.
97 കഴിഞ്ഞ ജി കെ പിള്ളയുടെ അഭിനയജീവിതം നീണ്ടുനിന്നത് 67 വർഷമാണ്. പ്രേംനസീറിന്റെ ജന്മനാടായ ചിറയിൻകീഴാണ് ജി കേശവപിള്ളയെന്ന ജി കെ പിള്ളയുടെയും നാട്. ശ്രീചിത്തിരവിലാസം സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. അതിനു ശേഷം സൈന്യത്തിൽ ചേർന്ന അദ്ദേഹം 15 വർഷം സൈനിക സേവനം അനുഷ്ഠിച്ചു. പ്രേംനസീറുമായുണ്ടായിരുന്ന അടുപ്പമാണ് ജി.കെ. പിള്ളയെ സിനിമയിലെത്തിച്ചത്. ജി കെ പിള്ള വില്ലനായി ഏറ്റവും കൂടുതൽ അഭിനയിച്ചതും നസീർ നായകനായ സിനിമകളിലായിരുന്നു.
1954 ൽ സ്‌നേഹസീമ എന്ന ചിത്രത്തിലെ പൂപ്പള്ളി തോമസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ്
ജി കെ അഭിനയജീവിതം ആരംഭിച്ചത്. തുടർന്ന് ഹരിശ്ചന്ദ്ര, മന്ത്രവാദി, സ്‌നാപക യോഹന്നാൻ, പട്ടാഭിഷേകം, നായരു പിടിച്ച പുലിവാൽ, കൂടപ്പിറപ്പ് തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു. കണ്ണൂർ ഡീലക്‌സ്, സ്ഥാനാർഥി സാറാമ്മ, ലോട്ടറി ടിക്കറ്റ്, കോട്ടയം കൊലക്കേസ്, കൊച്ചിൻ എക്‌സ്പ്രസ് തുടങ്ങിയ സിനിമകളിൽ വില്ലൻകഥാപാത്രങ്ങളെ അവതരിപ്പിച്ചു. വടക്കൻപാട്ട് ചിത്രങ്ങളിലെ വേഷങ്ങളിലാണ് ഏറെ തിളങ്ങിയത്. 350 ഓളം ചിത്രങ്ങളിൽ ജികെ പിള്ള അഭിനയിച്ചു. വില്ലൻ വേഷങ്ങൾ കൂടാതെ സ്വഭാവ നടനായും അദ്ദേഹം തിളങ്ങി.
എൺപതുകളുടെ അവസാനം വരെ സിനിമകളിൽ സജീവമായിരുന്നു അദ്ദേഹം. അതിനു ശേഷം വളരെ കുറച്ചു സിനിമകളിലെ ജി കെ പിള്ള അഭിനയിച്ചിട്ടുള്ളൂ. 1972ൽ അടൂർ ഗോപാലകൃഷ്ണന്റെ സ്വയം വരം എന്ന സിനിമയിൽ അസിസ്റ്റന്റ് സംവിധായകനും അസിസ്റ്റന്റ് എഡിറ്ററുമായി ജി കെ പിള്ള പ്രവർത്തിച്ചു.
2005മുതലാണ് ജി കെ പിള്ള ടെലിവിഷൻ സീരിയലുകളിൽ അഭിനയിയ്ക്കാൻ തുടങ്ങിയത്. കടമറ്റത്തു കത്തനാർ ആയിരുന്നു അദ്ദേഹം അഭിനയിച്ച ആദ്യ സീരിയൽ. തുടർന്ന് വിവിധ ചാനലുകളിലായി പല സീരിയലുകളിൽ ജി കെ പിള്ള അഭിനയിച്ചു. 2011-14 കാലത്ത് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത 'കുങ്കുമപ്പൂവ്' എന്ന സീരിയലിൽ ജി കെ പിള്ള അവതരിപ്പിച്ച കഥാപാത്രം കുടുംബപ്രേക്ഷകർക്കിടയിൽ അദ്ദേഹത്തെ പ്രിയങ്കരനാക്കി. ‘കാര്യസ്ഥൻ’ എന്ന ദിലീപ് ചിത്രത്തില്‍ പുത്തേഴത്തെ കാരണവരായി എത്തിയതോടെ പുതുതലമുറയ്ക്ക് ജി.കെ.പിള്ള ഏറെ പരിചിതനായി. മലയാള സിനിമയുടെ പ്രിയങ്കരനായ നടന്‍ വിടപറയുമ്പോള്‍ അദ്ദേഹത്തിന്‍റെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൂടെ ജി കെ പിള്ള ഇനിയും മലയാളികളുടെ മനസ്സില്‍ ജീവിക്കും.