
2024ന്റെ തുടക്കം മലയാള സിനിമയ്ക്ക് സുവർണ കാലഘട്ടം ആണെന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല. ജനുവരി മുതൽ റിലീസ് ചെയ്ത എല്ലാം സിനിമകളും ഹിറ്റ്, സൂപ്പർ ഹിറ്റ്, ബ്ലോക് ബസ്റ്റർ നിരയിലേക്ക് ഉയർന്നത് വളരെ പെട്ടെന്ന് ആയിരുന്നു. മലയാള സിനിമയ്ക്ക് അന്ന്യമായിരുന്ന കോടി ക്ലബ്ബുകളുടെ അതിപ്രസരം ആയിരുന്നുവെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. ഒടുവിൽ മലയാളത്തിലെ ആദ്യ 200 കോടി ക്ലബ്ബ് സിനിമയും പിറവിയെടുത്തു. 1000 കോടിയുട ബിസിനസും മലയാളത്തിന് സ്വന്തം. എന്നാൽ പുതുവർഷം പിറന്ന് നാല് മാസത്തിന് ശേഷം മോളിവുഡിന് വേണ്ടത്ര ശോഭിക്കാൻ സാധിച്ചില്ല. റിലീസ് ചെയ്ത് വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ ഒഴിച്ച് ബാക്കി സിനിമകളെല്ലാം തന്നെ പരാജയം നേരിട്ടിരുന്നു.
ഇനി വരാനിരിക്കുന്നത് ഒട്ടനവധി മലയാള സിനിമകളാണ്. പ്രത്യേകിച്ച് ഓണത്തിന് തിയറ്ററുകളിൽ എത്തുന്നത് വമ്പൻ ചിത്രങ്ങളാണ് എന്നതിൽ യാതൊരു സംശയവും ഇല്ല. ടൊവിനോ തോമസ്, ആസിഫ് അലി, ആന്റണി വർഗീസ് തുടങ്ങി നിരവധി പേരുടെ സിനിമകൾ ഓണം റിലീസായി തിയറ്ററുകളിൽ എത്തും. ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന അജയന്റെ രണ്ടാം മോഷണം ആണ് ടൊവിനോയുടെ ഓണച്ചിത്രം. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ ത്രീഡി ചിത്രത്തിൽ ട്രിപ്പിൾ റോളാണ് ടൊവിനോ എത്തുന്നത്. മലയാളത്തിന് ഒപ്പം ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസിനാണ് എആർഎം ഒരുങ്ങുന്നത്.
രാജ് ബി ഷെട്ടിയും ആന്റണി വർഗീസും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന കൊണ്ടൽ ആണ് മറ്റൊരു സിനിമ. അജിത്ത് മാമ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷൻ ഡ്രാമയായിട്ടാണ് ഒരുങ്ങുന്നത്. ആർഡിഎക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സോഫിയ പോൾ നിർമിക്കുന്ന ചിത്രം കൂടിയാണിത്. ഓണത്തിന് അടിപ്പൂരം തീർക്കാൻ ആന്റണിയും രാജ് ബി ഷെട്ടിയും എത്തുമ്പോൾ പ്രതീക്ഷകൾ വാനോളമാണ്.
ഷെബി ചൗഘട്ട് സംവിധാനം ചെയ്ത 'ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്' ആണ് മറ്റൊരു ഓണച്ചിത്രം. സെപ്റ്റംബർ 13ന് ആണ് ചിത്രം തിയറ്ററുകളിൽ എത്തുക. ഷാജി കൈസ്- ആനി ദമ്പതികളുടെ മകൻ റുഷിൻ ആണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ആസിഫ് ആലി ചിത്രം 'കിഷ്കിന്ധാ കാണ്ഡം' ആണ് മറ്റൊരു സിനിമ. സെപ്റ്റംബർ 12ന് തിയറ്ററുകളിൽ എത്തുന്ന ചിത്രത്തിൽ അപർണ ബാലമുരളി ആണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
സുരേഷ് ഗോപിയുടെ ഇളയ മകൻ നായകനായി എത്തുന്ന കുമ്മാട്ടിക്കളിയും ഓണത്തിന് തിയറ്ററുകളിൽ എത്തും. ഒമർ സംവിധാനം ചെയ്യുന്ന ബാഡ് ബോയ്സ് എന്ന സിനിമയും ഓണത്തിന് തിയറ്ററുകളിൽ എത്തുന്നുണ്ട്. ഒരിടവേളയ്ക്ക് ശേഷം റഹ്മാൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന മലയാള സിനിമ കൂടിയാണിത്. ഇവയ്ക്ക് ഓപ്പം വിജയിയുടെ ഗോട്ട് എന്ന സിനിമയും ഈ മാസം റിലീസ് ചെയ്യുന്നുണ്ട്. സെപ്റ്റംബർ അഞ്ചിന് ചിത്രം തിയറ്ററുകളിൽ എത്തും.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിന് ശേഷം വലിയ വിവാദങ്ങളാണ് മലയാള സിനിമാ മേഖലയിൽ അരങ്ങേറുന്നത്. ഓരോ ദിവസവും തങ്ങൾ നേരിട്ട അതിക്രമങ്ങളുടെ വിവരങ്ങൾ തുറന്നു പറഞ്ഞ് നിരവധി അഭിനേത്രികളാണ് രംഗത്ത് എത്തുന്നത്. അതുകൊണ്ട് തന്നെ റിലീസിന് ഒരുങ്ങുന്ന മലയാള സിനിമകളുടെയും മുന്നോട്ടുള്ള ഇന്റസ്ട്രിയുടെ യാത്രയെയും വിവാദങ്ങൾ ബാധിക്കുമോ ഇല്ലയോ എന്നത് കാത്തിരുന്ന് തന്നെ അറിയേണ്ടിയിരിക്കുന്നു.
ആറ് സിനിമകൾ, 200 കോടി തൊട്ടു തൊട്ടില്ല ! ബോക്സ് ഓഫീസ് നിറയ്ക്കാനാകാതെ മോഹൻലാൽ
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ