
മലയാളത്തിന്റെ ശ്രീകുമാരൻ തമ്പിക്കിന്ന് എൺപത്തി അഞ്ചാം പിറന്നാൾ. ശ്രീകുമാരൻ തമ്പിയുടെ 50 സിനിമാവർഷങ്ങൾ മലയാളി പ്രേക്ഷകരുടെ സുവർണ കാലം കൂടിയാണ്. ഒരു എഞ്ചിനീയറിൽ നിന്ന് പാട്ടെഴുത്തുകാരനായും ഹിറ്റ് സിനിമകളുടെ അമരക്കാരനായും മാറിയ അദ്ദേഹം എന്നും സമകാലികരിൽ നിന്ന് വഴി മാറി നടന്നു. സിനിമയിലും ജീവിതത്തിലും ഒറ്റയാൾ പോരാളിയായി.
ഹൃദയത്തോട് നാമെന്നും ചേർത്ത് വയ്ക്കുന്ന പാട്ടുകളുടെ ശിൽപിയാണ് ശ്രീകുമാരൻ തമ്പി. പാട്ടെഴുത്തിലും സംവിധാനത്തിലുമെല്ലാം സ്വന്തം വഴി വെട്ടി മുന്നേറിയ ശ്രീകുമാരൻ തമ്പി, 85ന്റെ നിറവിലും മലയാളത്തെ സമ്പുഷ്ടമാക്കുന്ന അതികായനായി നിലനിൽക്കുന്നു.
കുട്ടിക്കാലം മുതൽ തൂലികയെ സ്നേഹിച്ച ആളാണ് ഹരിപ്പാട്ടുകാരനായ ശ്രീകുമാരൻ തമ്പി. 16 വയസിനുള്ളിൽ അദ്ദേഹം എഴുതിയത് മുന്നൂറോളം കവിതകളായിരുന്നു. ഭാസ്കരൻ മാഷും വയലാറും എതിരില്ലാതെ തിളങ്ങുമ്പോഴായിരുന്നു ശ്രീകുമാരൻ തമ്പിയുടെ സിനിമാ അരങ്ങേറ്റം.1966ൽ പുറത്തിറങ്ങിയ കാട്ടുമല്ലികയും പിന്നാലെ ഇറങ്ങിയ ചിത്രമേളയും ആ യുവ പാട്ടെഴുത്തുകാരന് പുതിതിയ മേൽവിലാസം നൽകി. പ്രണയമായും വിരഹമായും ഭക്തിയായും വാത്സല്യമായും എല്ലാം ആ അക്ഷരങ്ങൾ മലയാളിയുടെ ഹൃദയത്തിൽ പെയ്തിറങ്ങി. ഹൃദയഗീതങ്ങളുടെ കവി ആയി ശ്രീകുമാരൻ തമ്പി മാറി.
'ഹൃദയ സരസ്സിലെ പ്രണയ പുഷ്‍പമേ ഇനിയും നിൻ കഥ പറയൂ' എന്ന് എഴുതുമ്പോള്‍ കേവലം 27 വയസ് മാത്രമായിരുന്നു ശ്രീകുമാരൻ തമ്പിക്ക് പ്രായം. തൊട്ടടുത്ത വര്‍ഷം 'ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം..' എന്ന എവര്‍ഗ്രീൻ ഹിറ്റെഴുതി. 'മേഘം പൂത്തു തുടങ്ങി..' എന്നതടക്കമുള്ള ഒട്ടേറെ ഗാനങ്ങള്‍ ശ്രീകുമാരൻ തമ്പിയുടേതായി ഇന്നും ജനം ഏറ്റു പാടുന്നു. 'ഉണരുമീ ഗാനം', 'ഒന്നാം രാഗം പാടി', 'ചുംബനപ്പൂ കൊണ്ടു മൂടി തമ്പുരാട്ടി', 'സന്ധ്യക്കെന്തിന് സിന്ദൂരം', തുടങ്ങി ഒട്ടേറെ ഗാനങ്ങൾ ശ്രീകുമാരൻ തമ്പിയുടെ എഴുത്തില്‍ കാലത്തെ അതിജീവിച്ചങ്ങനെ നിലനിൽക്കുന്നു.
ശ്രീകുമാരൻ തമ്പിയെ കവിതയില്‍ മാത്രം തിരഞ്ഞാല്‍ അത് നീതിയാകില്ല. അദ്ദേഹം സംവിധാനം ചെയ്‍തത് മുപ്പത് സിനിമകളാണ്. മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ളവരുടെ മികച്ച കഥാപാത്രങ്ങള്‍ ശ്രീകുമാരൻ തമ്പിയുടെ സംവിധാനത്തില്‍ പ്രേക്ഷകരിലേക്ക് എത്തി. 'ഗാനം', 'ജയിക്കാനായി ജനിച്ചവൻ', 'ആക്രമണം', 'ഉദയം', 'ചട്ടമ്പിക്കല്യാണി', 'സ്വാമി അയ്യപ്പൻ', 'മോഹിനിയാട്ടം' തുടങ്ങിയവയാണ് പ്രധാനപ്പെട്ടവ. ശ്രീകുമാരൻ തമ്പി സിനിമയ്‍ക്ക് വേണ്ടി എഴുതിയ തിരക്കഥകള്‍ തന്നെ എഴുപത്തിയെട്ടെണ്ണമുണ്ട്. കൂടാതെ ഇരുപത്തിരണ്ട് സിനിമകളും ശ്രീകുമാരൻ തമ്പി നിര്‍മിച്ചു. ആറ് ടെലിവിഷൻ സീരിയലുകളും ശ്രീകുമാരൻ തമ്പിയുടെ നിര്‍മാണത്തിലെത്തി.
പല മേഖലകളിലായി സിനിമയ്‍ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ജെ സി ഡാനിയേൽ പുരസ്‍കാരം നല്‍കി കേരള സര്‍ക്കാര്‍ ശ്രീകുമാരൻ തമ്പിയെ ആദരിച്ചിട്ടുണ്ട്. ശ്രീകുമാരൻ തമ്പിയുടെ 'സിനിമ- കണക്കും കവിതയും' എന്ന ഗ്രന്ഥം, മികച്ച ചലച്ചിത്രഗ്രന്ഥത്തിനുളള ദേശീയ അവാർഡു നേടിയിട്ടുണ്ട്. 'സുഖമെവിടെ ദുഃഖമെവിടെ' എന്ന ഗാനത്തിന് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവലാര്‍ഡ് ലഭിച്ചു. ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്‍ത 'ഗാന'ത്തിന് 1981-ലെ ജനപ്രീതിയാർജ്ജിച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‍കാരം ലഭിച്ചു. മികച്ച ഗാനരചയിതാവിനുള്ള സിനിമാ അവാര്‍ഡ് സംസ്ഥാന തലത്തില്‍ 2011ലും ലഭിച്ചു. ആശാൻ പുരസ്ക്കാരവും ശ്രീകുമാരൻ തമ്പിക്ക് ലഭിച്ചിട്ടുണ്ട്. നാടക ഗാനരചന, ലളിതസംഗീതം എന്നിവയിലെ സമഗ്രസംഭാവനയ്ക്കുള്ള കേരള സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരവും ശ്രീകുമാരൻ തമ്പിയെ തേടിയെത്തിയിട്ടുണ്ട്.
അഞ്ച് പതിറ്റാണ്ട് നീണ്ട കാവ്യജീവിതം. മൂവായിരത്തോളം സിനിമാപാട്ടുകൾ, ലളിതഗാനങ്ങളും നാടകഗാനങ്ങളും വേറെ. തിരക്കഥാകൃത്ത്, സംവിധായകൻ, നിർമ്മാതാവ് എന്നീ റോളുകളിലും ഹിറ്റുകളൊരുക്കി, മലയാള സിനിമയെ മുന്നിൽ നിന്ന് നയിച്ച ശ്രീകുമാരൻ തമ്പി പിൻതലമുറക്ക് നൽകുന്നത് ആത്മസമർപ്പണത്തിന്റെയും അപാരജ്ഞാനത്തിന്റെയും അപൂർവ പാഠങ്ങൾ.
'ആട് 3-വണ്‍ ലാസ്റ്റ് റൈഡ്' എന്ന് ? മറുപടി പറഞ്ഞ് 'പാപ്പൻ'
എന്നെ ഞാനാക്കിയത് ശത്രുക്കളാണെന്ന് വിശ്വസിച്ച മനുഷ്യൻ. സിനിമയുടെ ഒരു കോക്കസിലും പെടാതെ ഒറ്റയാനായി നടന്നു. സ്വത്തല്ല, സ്വത്വവും ആത്മധൈര്യവും അഭിമാനവുമാണ് വലുതെന്ന് പ്രവൃത്തിയിലൂടെ കാണിച്ചു തന്നു അദ്ദേഹം. നിലപാടുകളിലെ കാർക്കശ്യം 85ആം വയസിലും അത് പോലെ പിന്തുടരുന്ന ശ്രീകുമാരൻ തമ്പിക്ക് മലയാളത്തിന്റെ പിറന്നാൾ ആശംസകൾ.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..