
ഓറാ ടെയ്ൽ സ്റ്റുഡിയോസിന്റെ ബാനറിൽ നവാഗത സംവിധായകൻ അഭയ് ശങ്കർ കഥ, തിരക്കഥ, സംഭാഷണം എഴുതി സംവിധാനം ചെയ്യുന്ന ഹൊറർ ത്രില്ലർ ചിത്രം ‘എഫ് 6 ബിൽഡിംഗ് ഐവറി സ്ട്രീറ്റ്’തമിഴിലും മലയാളത്തിലുമായി എത്തുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇതിനോടകം പ്രേക്ഷകർക്കിടയിൽ മികച്ച പ്രതികരണം നേടുകയാണ്. ഹൊറർ, ത്രില്ലർ ഘടകങ്ങൾക്കൊപ്പം കുടുംബ ബന്ധങ്ങൾ, കോമഡി, പ്രണയം എന്നിവയും സമന്വയിപ്പിച്ചുകൊണ്ട് വ്യത്യസ്തമായൊരു സിനിമാനുഭവമാണ് ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കാനൊരുങ്ങുന്നത്. നവാഗത സംവിധായകനെന്ന നിലയിൽ ശ്രദ്ധേയമായൊരു പ്രമേയവുമായാണ് അഭയ് ശങ്കർ സിനിമാരംഗത്തേക്ക് എത്തുന്നത്.
ഇരുണ്ടതും ദുരൂഹത നിറഞ്ഞതുമായ ഒരു കെട്ടിടത്തിന്റെ പശ്ചാത്തലത്തിൽ ഭയത്തോടെയും അമ്പരപ്പോടെയും നിൽക്കുന്ന അമ്മയുടെയും മകന്റെയും ചിത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ പ്രധാന ആകർഷണം. ചിത്രത്തിന്റെ നിഗൂഢമായ അന്തരീക്ഷവും കഥാപശ്ചാത്തലവും സൂചിപ്പിക്കുന്ന പോസ്റ്ററിലെ ദൃശ്യാവിഷ്കാരം പ്രേക്ഷകരിൽ ആകാംക്ഷയും ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകളും വർധിപ്പിക്കുന്നു. കേരളത്തിൽ നിന്ന് പുതിയൊരു ജീവിതം തേടി അമ്മയോടൊപ്പം ചെന്നൈയിലേക്ക് താമസം മാറിയെത്തുന്ന ചെറുപ്പക്കാരനായ ഒരു സിനിമാമോഹിയുടെ ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. എന്നാൽ പുതിയ താമസസ്ഥലത്ത് ഇവർക്ക് നേരിടേണ്ടിവരുന്ന ദുരൂഹവും അമാനുഷികവുമായ സംഭവങ്ങൾ അവരുടെ ജീവിതത്തെ ഭീതിയുടെ നിഴലിലാക്കുന്നു. ആ വീട്ടിനുള്ളിൽ അരങ്ങേറുന്ന ഭയാനകമായ സംഭവങ്ങളും അതിനു പിന്നിലെ നിഗൂഢതകളുമാണ് ചിത്രം അവതരിപ്പിക്കുന്നത്.
കലേഷ് രാമാനന്ദ് നായകനായെത്തുന്ന ചിത്രത്തിൽ ശ്രദ്ധ ഗോകുൽ നായികയാകുന്നു. ഹൃദയം, വർഷങ്ങൾക്കു ശേഷം, ഫേസസ്, ഗാർഗി എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെയും തമിഴരുടെയും പ്രിയങ്കരനായി മാറിയ കലേഷ് ഈ ചിത്രത്തിൽ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ദൃശ്യം 3-ലെ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രം ചെയ്ത ശ്രദ്ധ ഈ ചിത്രത്തിലൂടെ നായികയായി അരങ്ങേറുകയാണ്. കുടുംബ പ്രേക്ഷകരുടെ സ്വന്തം പ്രിയപ്പെട്ട കലാരഞ്ജിനി 'മോഹിനിയാട്ടം' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഈ സിനിമയിൽ നായകന്റെ അമ്മയുടെ വേഷത്തിൽ വളരെ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തമിഴകത്തിലെ പ്രിയ താരങ്ങളായ രമേഷ് തിലക്, തലൈവാസൽ വിജയ്, ചാർമിള, ടി.എസ്.ആർ. ശ്രീനിവാസൻ, കുംകി അശ്വിൻ, ഡോ. അമർ രാമചന്ദ്രൻ, പ്രതിഭാ പ്രതാപ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. വർഷങ്ങൾക്കു ശേഷം ഈ ചിത്രത്തിലൂടെ വെള്ളിത്തിരയിൽ സജീവമാവുകയാണ് നടി ചാർമിള.
തമിഴിലും മലയാളത്തിലും തെലുങ്കിലും പല സൂപ്പർ ഹിറ്റ് ഗാനങ്ങൾ കൊടുത്തിട്ടുള്ള സംഗീത സംവിധായകൻ ശ്രീജിത്ത് ഇടവനയാണ് ഈ ചിത്രത്തിന്റെ സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നത്. മലയാളത്തിലും തമിഴിലും നിരവധി സിനിമകൾ ചെയ്തിട്ടുള്ള പ്രശാന്ത് പ്രണവമാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. സൂപ്പർ ഹിറ്റ് സംവിധായകൻ പ്രിയദർശന്റെ ഒപ്പം, മരക്കാർ അറബിക്കടലിന്റെ സിംഹം, ഹിന്ദി ചിത്രം ഭൂത് ബംഗ്ലാവ് എന്നിവ ചെയ്ത എം എസ് അയ്യപ്പൻ നായരാണ് ഈ ചിത്രത്തിലെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത്. സ്റ്റണ്ട് മാസ്റ്റർ ജാക്കി ജോൺസൺ ഈ ചിത്രത്തിലെ പ്രോജക്ട് ഡിസൈനറായും ദീപു ചന്ദ്രൻ വി.എഫ്.എക്സ് വിഭാഗത്തിന്റെ ചുമതലയും വഹിക്കുന്നു.
വിനീത് ശ്രീനിവാസൻ, ഹിഷാം അബ്ദുൽ വഹാബ്, അനില രാജീവ് എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. നവീൻ കണ്ണൻ, ഭീം ജി, നവീൻ മാരാർ, രഞ്ജിത്ത് എന്നിവരാണ് ഗാനരചയിതാക്കൾ. പ്രദീപ് ശങ്കറാണ് കളറിംഗ് കൈകാര്യം ചെയ്തിരിക്കുന്നത്. വളരെ വ്യത്യസ്തമായ പോസ്റ്റർ ഡിസൈൻസും ലിറിക്കൽ സോങ് വിഡിയോസും ചെയ്തിരിക്കുന്നത് എസ് കെ ഡി ആണ്. സൗണ്ട് ഡിസൈനും മിക്സിംഗും സി.എം. സാദിഖും സൗണ്ട് എഡിറ്റിംഗ് ചരൺ വിനായകും ചേർന്ന് ചെന്നൈ ആർ കെ സ്റ്റുഡിയോസിൽ നിർവഹിക്കുന്നു. കോർ എക്സിക്യൂട്ടീവ്സ് ആയി മിഥുൻ മാമ്മൂട്ടിലും എം ഉമയും ഈ ചിത്രത്തിന്റെ ഭാഗമായിരിക്കുന്നു. എസ്.പി. നാഗരാജ് കലാസംവിധാനവും കെ. മഹേന്ദ്രൻ പ്രൊഡക്ഷൻ മാനേജ്മെന്റും കെ. രാമു വസ്ത്രാലങ്കാരവും രോഹിണി കെ.എസ്. മേക്കപ്പും കൈകാര്യം ചെയ്യുന്നു.
ചെന്നൈയിലും തിരുവനന്തപുരത്തുമായാണ് ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നത്. 2027 ജനുവരിയിൽ ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്. പി ആർ ഒ ആയി കേരളത്തിൽ എം കെ ഷെജിനും തമിഴ് നാട്ടിൽ എയിം സതീഷ് ഗ്രൂപ്പും കൈകാര്യം ചെയ്യുന്നു. പി ആർ ഒ- എം കെ ഷെജിൻ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ