മലയാള സിനിമയും തെലങ്കാനയിലേക്ക് ? ബ്രോ ഡാഡിയടക്കം ഏഴ് സിനിമകളുടെ ഷൂട്ടിംഗ് കേരളത്തിന് പുറത്തേക്ക്

By Web TeamFirst Published Jul 14, 2021, 12:32 PM IST
Highlights

കേരളത്തിൽ തന്നെ ഷൂട്ടിംഗ് നടത്താൻ പരമാവധി ശ്രമിച്ചെന്നും എന്നാൽ ഒരു വഴിയുമില്ലാതെയാണ് അവസാനം ഹൈദരാബാദിലേക്ക് ഷൂട്ടിംഗ് മാറ്റേണ്ടി വന്നതെന്നും ആൻ്റണി പെരുമ്പാവൂർ പറഞ്ഞു.

കൊച്ചി: ഇൻഡോർ ഷൂട്ടിംഗിന് പോലും അനുമതി കിട്ടാതെ വന്നതോടെ മലയാള സിനിമ തെലങ്കാനയിലേക്ക്. മോഹൻലാലിനെ നായകനാക്കി പൃഥിരാജ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ബ്രോ ഡാഡിയടക്കം ഏഴോളം മലയാള സിനിമകളുടെ ഷൂട്ടിംഗ് കേരളത്തിന് പുറത്തേക്ക് മാറ്റി. തെലങ്കാന, തമിഴ്‍നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലേക്കാണ് വിവിധ മലയാള സിനിമകളുടെ ഷൂട്ടിംഗ് മാറ്റിയിരിക്കുന്നത്. ബ്രോ ഡാഡിയുടെ ഷൂട്ടിംഗ് നാളെ ഹൈദരാബാദിൽ ആരംഭിക്കും.

കേരളത്തിൽ തന്നെ ഷൂട്ടിംഗ് നടത്താൻ പരമാവധി ശ്രമിച്ചെന്നും എന്നാൽ ഒരു വഴിയുമില്ലാതെയാണ് അവസാനം ഹൈദരാബാദിലേക്ക് ഷൂട്ടിംഗ് മാറ്റേണ്ടി വന്നതെന്നും ആൻ്റണി പെരുമ്പാവൂർ പറഞ്ഞു. ബ്രോ ഡാഡി കൂടാതെ ജിത്തൂ ജോസഫ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തിൻ്റെ ഷൂട്ടിംഗും കേരളത്തിൽ പ്ലാൻ ചെയ്തിരുന്നു. ഇതിനായി ഇടുക്കിയിൽ വലിയൊരു സെറ്റും ഇട്ടു. നിലവിലെ സാഹചര്യത്തിൽ ഈ സിനിമയുടെ ഷൂട്ടിംഗും കേരളത്തിന് പുറത്തേക്ക് മാറ്റേണ്ട അവസ്ഥയാണ്.

18 മാസം മുൻപ് സെൻസർ പൂർത്തിയായ ചിത്രമാണ് മരക്കാർ അറബിക്കടലിൻ്റെ സിംഹം. ഈ സിനിമ എന്ന് തീയേറ്ററിലെത്തിക്കാനാവും എന്നറിയില്ല. പുതിയ സിനിമകളുടെ ഷൂട്ടിംഗ് തുടങ്ങാൻ അനുമതി കാത്ത് ഒരുപാട് കാത്തിരുന്നു. മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും സിനിമ മന്ത്രി സജി ചെറിയാനേയും എല്ലാം ഇക്കാര്യത്തിൽ നിരന്തരം ബന്ധപ്പെട്ടു. ചിത്രം ഇൻഡോറായി ഷൂട്ട് ചെയ്യാൻ സാധിക്കുമെന്നും അൻപത് പേരെ വച്ചെങ്കിലും ഷൂട്ട് തുടങ്ങാൻ അനുവദിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. എന്നിട്ടും ഒരു തീരുമാനം വരാത്ത സാഹചര്യത്തിൽ വലിയ വേദനയോടെ ഷൂട്ടിംഗ് കേരളത്തിന് പുറത്തേക്ക് മാറ്റുന്നത്.

കേരളത്തിൽ നിന്നും പുറത്തേക്ക് ഷൂട്ടിംഗ് മാറ്റുന്നതോടെ ചിത്രത്തിൻ്റെ ബജറ്റിലും വലിയ വർധനയുണ്ടാവും. സാഹചര്യം ഇത്രയും മോശമായ സ്ഥിതിക്ക് ഇനി വേറെ വഴിയില്ല. ഇക്കാര്യത്തിൽ ആരേയും കുറ്റപ്പെടുത്താനില്ല. എങ്കിലും ഇൻഡോർ ഷൂട്ടിംഗിനുള്ള അനുമതി കേരളത്തിൽ കൊടുക്കാമായിരുന്നു എന്ന അഭിപ്രായം എനിക്കുണ്ട് - ആൻ്റണി പെരുമ്പാവൂർ പറഞ്ഞു.

നേരത്തെ ടെലിവിഷൻ പരിപാടികൾക്ക് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഷൂട്ടിം​ഗ് നടത്താൻ സംസ്ഥാന സർക്കാ‍ർ തീരുമാനിച്ചിരുന്നു. ഇതേ രീതിയിൽ സിനിമാ ഷൂട്ടിം​ഗും അനുവദിക്കണം എന്നാണ് ഫെഫ്ക അടക്കമുള്ള സംഘടനകളുടേയും ചലച്ചിത്രസംഘടനകളുടേയും അണിയറ പ്രവർത്തകരുടേയും ആവശ്യം. ഭൂരിപക്ഷം ചലച്ചിത്ര പ്രവർത്തകരും ഇതിനോടകം ഫസ്റ്റ് ഡോസ് വാക്സീൻ സ്വീകരിച്ച കാര്യവും ഇവ‍ർ ചൂണ്ടിക്കാട്ടുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!