
മലയാളത്തിലെ ഒരു പിടി ചിത്രങ്ങൾ ഒടിടി റിലീസ് ആയ മാസമാണ് ജൂൺ. പൃഥ്വിരാജ് ചിത്രം ജനഗണമന മുതൽ മഞ്ജു വാര്യർ ചിത്രം ജാക്ക് ആന്റ് ജിൽ വരെയുള്ളവ ഒടിടിയിൽ റിലീസ് ചെയ്ത് കഴിഞ്ഞു. ആസിഫലിയെ നായകനാക്കി രാജീവ് രവി ഒരുക്കിയ കുറ്റവും ശിക്ഷയും ജൂൺ 24 ന് ഒടിടിയിൽ റിലീസ് ചെയ്യും. നെറ്റ്ഫ്ലിക്സിലാണ് കുറ്റവും ശിക്ഷയും റിലീസ് ചെയ്യുന്നത്. കാസർകോഡ് ജില്ലയിൽ നടന്ന ഒരു ജ്വല്ലറി മോഷണ കേസിന്റെ അന്വേഷണത്തെ ആസ്പദമാക്കിയുള്ള ഇൻവസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് കുറ്റവും ശിക്ഷയും. ഷറഫുദീൻ, അലൻസിയർ ലോപ്പസ്, സെന്തിൽ കൃഷ്ണ, ശ്രിന്ദ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
ആമസോൺ പ്രൈമിൽ ജൂൺ 16ന് ജാക്ക് ആന്റ് ജിൽ റിലീസ് ചെയ്തു. സന്തോഷ് ശിവൻ സംവിധാനം ചെയ്ത ചിത്രത്തിൽ മഞ്ജു വാര്യർക്ക് പുറമെ കാളിദാസ് ജയറാം, സൗബിൻ ഷാഹിർ, നെടുമുടി വേണു എന്നിവരും അഭിനയിച്ചിരിക്കുന്നു. നയൻതായരുയുടെ സർവൈവൽ ത്രില്ലർ ഒ 2 ജൂൺ 17ന് ഹോട്ട്സ്റ്റാറിൽ ഡയറക്ട് റിലീസ് ചെയ്തു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
ഡിജോ ജോസ് സംവിധാനം ചെയ്ത ജനഗണമന ജൂൺ 2ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തിരുന്നു. തിയേറ്ററിൽ വൻ പ്രേഷക പ്രതികരണം നേടിയ ബോക്സ്ഓഫീസ് ഹിറ്റ് ചിത്രമാണ് ജനഗണമന. മമ്മൂട്ടി ചിത്രം സിബിഐ 5 ജൂൺ 12 ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തിരുന്നു. കെജിഎഫ് ചാപ്റ്റർ 2 ആമസോൺ പ്രൈമിൽ ജൂൺ 3 ന് റിലീസ് ചെയ്തു. .
നിഖില വിമൽ, നസ്ലിൻ, മാത്യു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളായി അരുൺ ഡി ജോസ് ഒരുക്കിയ ജോ ആൻഡ് ജോ ജൂൺ 10 ന് ആമസോൺ പ്രൈമിലും പത്രോസിന്റെ പടപ്പുകൾ ജൂൺ 10ന് സീ 5ലും റിലീസ് ചെയ്തു. 21 ഗ്രാംസ് ജൂൺ 10ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് റിലീസ് ചെയ്തത്. ആസിഫലി നായകനാകുന്ന ജിസ് ജോയ് ചിത്രം ഇന്നലെ വരെ ജൂൺ 9ന് സോണി ലീവിൽ റിലീസ് ചെയ്തു. ജിസ് ജോയുടെ ആദ്യ ത്രില്ലർ ചിത്രമാണ് ഇന്നലെവരെ. ആന്റണി വർഗീസും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.