
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു വില്ലനാണ് ചർച്ചാ വിഷയം. അതും സൂപ്പർ ഹിറ്റ് ചിത്രം ജയിലറിലെ 'വർമന്‍'. ഓഗസ്റ്റ് 10ന് ജയിലർ തിയറ്ററിൽ എത്തിപ്പോൾ, രജനികാന്തിനൊപ്പമോ അതിനെക്കാൾ മേലെയോ കസറിയ വർമയെ ഗംഭീരമാക്കിയത് വിനായകൻ ആണ്. ഡാൻസറായി ബിഗ് സ്ക്രീനിൽ എത്തി പിന്നീട് കോമേഡിയനായും വില്ലനായും മലയാളത്തിൽ കസറിയ വിനായകന്റെ മറ്റൊരു നിറഞ്ഞാട്ടമായിരുന്നു ജയിലർ. കണ്ണിലെ തീഷ്ണതയും കോമഡിയും അഭിനയവും കൊണ്ട് വിനായകൻ നേടിയെടുത്തത് മലയാളികളുടെ മാത്രമല്ല, തെന്നിന്ത്യയിൽ ഒട്ടാകെയുള്ള സിനിമാസ്വാദകരുടെ പ്രശംസയാണ്.
വർമനെ കാണിച്ചു കൊണ്ടാണ് ജയിലർ തുടങ്ങുന്നത്. ആദ്യ കാഴ്ചയിൽ തന്നെ ആ കഥാപാത്രം എത്രത്തോളം തീഷ്ണമായിരിക്കും എന്ന് ഓരോ കാണിക്കും മനസിലാക്കി കൊടുക്കാൻ വിനായകനായി. പിന്നീട് തമിഴും മലയാളവും കൂടിക്കലർന്ന സംഭാഷണത്തിലൂടെ സൂപ്പർ സ്റ്റാർ രജനികാന്തിനൊപ്പം കട്ടയ്ക്ക് നിന്ന വർമനെ നിറഞ്ഞ ഹർഷാരവത്തോടെ പ്രേക്ഷകർ സ്വീകരിച്ചു. അവർ ഒന്നടങ്കം പറഞ്ഞു, 'ഇന്ത്യൻ സിനിമയിൽ സമീപകാലത്ത് കണ്ട ഏറ്റവും മികച്ച വില്ലനാണ് വർമൻ'.
ജയിലർ റിലീസ് ചെയ്ത് ഒരുവാരത്തോട് അടുക്കുമ്പോഴും വിനായകനെ, വിനായകനിലെ നടനെ പുകഴ്ത്തി കൊണ്ടേയിരിക്കുകയാണ് മലയാളികൾ. 'നായകൻ തിളങ്ങണമെങ്കിൽ വില്ലൻ അതിശക്തനായിരിക്കണം. അതാണ് വർമൻ. മനസിലായോ സാറേ', എന്നാണ് ഇവർ പറയുന്നത്.
"സ്വന്തം ശബ്ദത്തിൽ , തമിഴന്മാർക്ക് പരിചിതമല്ലാത്ത താളത്തിൽ, രജനികാന്തിനോട് ഒപ്പം കട്ടക്ക് നിൽക്കുന്ന, ഒരു പക്ഷെ ഈ സിനിമയിൽ രാജനിയേക്കാൾ സീൻ ഉണ്ടായേക്കാവുന്ന വില്ലൻ..ശരിക്കും വിനായകന്റെ കൂടി വിജയമാണ് ഈ പടം, ഓർമ്മ വെച്ച നാൾ മുതൽ ഷോലെയിലെ ഗബ്ബാർ സിങ് ആയിരുന്നു വില്ലൻ വിഗ്രഹം...വർമ്മയുടെ മുമ്പിൽ ഗബ്ബാർ സിങ് എന്ന വിഗ്രഹം നിഷ്പ്രഭൻ, നായകനോളം തന്നെ പ്രതിനായകനും വിട്ടുകൊടുക്കാതെ മത്സരിച്ചഭിനയിക്കുകയായിരുന്നു ജയിലറിൽ. ഒരുപക്ഷെ കലാഭവൻ മണി ഒഴിച്ചിട്ട സ്ഥാനം ഇനിയങ്ങോട്ട് തമിഴ് പടങ്ങളിൽ വിനായകനെ കാത്തിരിക്കുമെന്നുറപ്പാണ്. ഓരോ ഇമോഷനും അതിന്റെ പെർഫെക്ഷനിൽ നിർത്തിയ ക്രൂരതയുടെ അന്ന്യായ നെഗറ്റീവ് കഥാപാത്രം. മലയാളവും തമിഴും പറയുന്ന വില്ലൻ. വർമ്മൻ വിനായകനിൽ ഭദ്രം. അഭിനയത്തിന്റെ തീ പടർത്തി പ്രേക്ഷകരിലേക്ക് ഇറങ്ങിചെല്ലുന്ന വിനായകൻ, വിനായകൻ വർമ്മനെ തകർത്താടി. വില്ലത്തരത്തിന്റെ പരമകോണിൽ ആറാടുന്ന വിനായകൻ ആരുടെ പ്രതിയോഗിയാണ് എന്നതാണ് പ്രധാനം. സ്റ്റൈൽ മന്നന്റെ പ്രതിയോഗിയായി ഫുൾ ടൈം വില്ലൻ, പവർ ചാർജ്ജ് ആണ്. നായകനോളം തന്നെ പ്രതിനായകനും വിട്ടുകൊടുക്കാതെ മത്സരിച്ചഭിനയിക്കുകയായിരുന്നു ജയിലറിൽ വിനായകന്റെ വർമ്മൻ", എന്നിങ്ങനെ പോകുന്നു കമന്റുകൾ.
സിനിമാ ഗ്രൂപ്പുകളിലും മറ്റും വിനായകൻ തന്നെയാണ് താരം. കേരളത്തിൽ ജയിലർ ഇത്രത്തോളം വിജയിക്കാൻ കാരണം മോഹൻലാലും വിനായകനും ആണെന്ന് പറയുന്നവരും ഏറെയാണ്. എന്തായാലും രജനികാന്തും മോഹൻലാലും ശിവരാജ് കുമാറും വിനായകനും കസറിയ ചിത്രം നെൽസൺ ദിലീപ് കുമാർ എന്ന സംവിധയകന്റെ വലിയൊരു തിരിച്ചുവരവ് കൂടിയാണ്.
നിറഞ്ഞ സദസിൽ 'ജയിലർ' കണ്ട് ശിവാണ്ണൻ; കാല് തൊട്ടുതൊഴുതും പൊന്നാട അണിയിപ്പിച്ചും ആരാധകർ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..