
നിര്‍മ്മിച്ച സിനിമകള്‍ സമ്മാനിച്ച കടബാധ്യത തനിക്ക് താങ്ങാനാവുന്നില്ലെന്നും ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്നില്ലെന്നും അറിയിച്ചുകൊണ്ട് നിര്‍മ്മാതാവ് മുരളി കുന്നുംപുറത്ത് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ഒരാഴ്ച മുന്‍പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഉടന്‍ തന്നെ മുരളി പിന്‍വലിച്ചിരുന്നു. എന്നാല്‍ മെറ്റയുടെ തന്നെ മറ്റൊരു പ്ലാറ്റ്ഫോം ആയ ത്രെഡ്സിലും പോസ്റ്റ് ചെയ്യപ്പെട്ടിരുന്ന പ്രസ്തുത വീഡിയോ ഇന്നലെ രാത്രിയോടെയാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്. വീഡിയോയില്‍ പറഞ്ഞ കാര്യങ്ങളില്‍ താന്‍ ഉറച്ചുനില്‍ക്കുകയാണെന്ന് വിവിധ മാധ്യമങ്ങളോട് സംസാരിക്കവെ മുരളി കുന്നുംപുറത്ത് ഇന്ന് വ്യക്തമാക്കി.
വെള്ളം, നദികളില്‍ സുന്ദരി യമുന, സുമതി വളവ് എന്നീ സിനിമകളാണ് മുരളി കുന്നുംപുറത്ത് നിര്‍മ്മിച്ചിട്ടുള്ളത്. ഇതില്‍ വെള്ളം തനിക്ക് കാര്യമായ സാമ്പത്തിക നഷ്ടം ഉണ്ടാക്കാത്ത ചിത്രമാണെന്ന് അദ്ദേഹം പറയുന്നു. ജീവിതം തകര്‍ത്ത മദ്യപാന ശീലത്തില്‍ നിന്ന് തിരിച്ചെത്തിയ സ്വന്തം ജീവിതകഥയെ ആസ്പദമാക്കിയ സിനിമ അത് കണ്ട ഒരുപാട് പേരുടെ ജീവിതത്തെ മാറ്റിയിട്ടുള്ളതിനാല്‍ അതിനെ ഒരിക്കലും നഷ്ടം എന്ന് താന്‍ പറയില്ലെന്നും. വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളോറ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത സിനിമയായിരുന്നു നദികളില്‍ സുന്ദരി യമുന. സിനിമകളില്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍ ആയിരുന്നെന്ന് പറഞ്ഞാണ് വിജേഷ് പാണത്തൂര്‍ തന്നെ സമീപിച്ചതെന്നും എന്നാല്‍ അദ്ദേഹം മുന്‍പ് സിനിമയില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്ന് പിന്നീട് താന്‍ തിരിച്ചറിഞ്ഞെന്നും വേണു കുന്നുംപുറത്ത് പറയുന്നു. “ആ സിനിമയുടെ മേല്‍നോട്ടം ധ്യാന്‍ ശ്രീനിവാസന്‍ ആയിരുന്നു. അതുകൊണ്ടാണ് ആ സിനിമ മോശമാവാതെ ഇരുന്നത്. വിജേഷ് പാണത്തൂര്‍ ഈയിടെ സംവിധാനം ചെയ്ത പ്രകമ്പനം ഹിറ്റ് ആയി. ഇപ്പോള്‍ അദ്ദേഹം പണി പഠിച്ചു. ഞങ്ങളുടെ അടുത്ത് എത്തുമ്പോള്‍ ഒന്നും അറിയില്ലായിരുന്നു”, മുരളി കുന്നുംപുറത്ത് പറയുന്നു.
നിര്‍മ്മിച്ച സിനിമകളില്‍ ഏറ്റവും നഷ്ടമുണ്ടാക്കിയത് സുമതി വളവ് ആണെന്നും മുരളി പറയുന്നു. “മാളികപ്പുറം എന്ന ഹിറ്റ് സിനിമ ഒരുക്കിയവര്‍ എന്ന നിലയില്‍ അവരെ അങ്ങോട്ടും അവര്‍ ഇങ്ങോട്ടും അപ്രോച്ച് ചെയ്തിരുന്നു. പക്ഷേ പിന്നീട് ഞാന്‍ അറിഞ്ഞു മാളികപ്പുറം സംവിധാനം ചെയ്തത് ഉണ്ണി മുകുന്ദന്‍ ആണെന്ന്. ആദ്യം ഏഴ് കോടി ബജറ്റ് വരുന്ന മറ്റൊരു സിനിമയാണ് അവരുമായി ഡിസ്കസ് ചെയ്തത്. പിന്നീടാണ് സുമതി വളവിലേക്ക് എത്തിയത്. ഏഴര കോടി ബജറ്റ് വരുമെന്ന് സംവിധായകന്‍ വിഷ്ണു ശശിശങ്കര്‍ പറഞ്ഞ സിനിമ തീര്‍ന്നപ്പോള്‍ 22 കോടി ആയി. നിര്‍മ്മാണം ആരംഭിച്ച സമയത്ത് 12- 13 കോടിക്ക് തീര്‍ക്കാന്‍ പറ്റുമെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ പറഞ്ഞ പടമാണ് അത്. മുഴുവന്‍ തിരക്കഥ വായിച്ചു കേള്‍ക്കാതെ ഒരു നിര്‍മ്മാതാവും സിനിമ ചെയ്യാന്‍ ഇറങ്ങരുത്. സുമതി വളവ് ചെയ്യുമ്പോള്‍ അഭിലാഷ് പിള്ളയുടെ കൈയില്‍ പൂര്‍ത്തിയായ തിരക്കഥ ഉണ്ടായിരുന്നില്ല”, മുരളി കുന്നുംപുറത്ത് പറയുന്നു. മുരളി കുന്നുംപുറത്തിന്‍റെ പക്കലുള്ള രേഖകള്‍ പ്രകാരം 22 കോടി ബജറ്റ് ആയ സിനിമയ്ക്ക് ഇന്ത്യയില്‍ നിന്നും 9.55 കോടിയും വിദേശത്തുനിന്ന് 1.77 കോടിയുമാണ് കളക്ഷന്‍ വന്നത്. മ്യൂസിക് റൈറ്റ്സ് വിറ്റ വകയില്‍ 60 ലക്ഷവും ഒടിടി റൈറ്റ്സ് വഴി 3.87 കോടി രൂപയും ചിത്രത്തിന് ലഭിച്ചു. ആകെ വരവ് 15.79 കോടി. നഷ്ടം 6.67 കോടി.
വീഡിയോ വൈറല്‍ ആയതിന് പിന്നാലെ സിനിമയില്‍ നിന്ന് നിരവധിപേര്‍ തന്നെ വിളിച്ചുവെന്നും ആശ്വസിപ്പിക്കുവെന്നും മുരളി പറയുന്നു. “വേണു കുന്നപ്പള്ളി, ജൂഡ് ആന്തണി, ജയസൂര്യ, ഉണ്ണി മുകുന്ദന്‍, സിദ്ദിഖ് എന്നിവരൊക്കെ വിളിച്ചു. നല്ല കഥയുമായി വന്നാല്‍ ഒരുമിച്ച് സിനിമ ചെയ്യാമെന്ന് വേണു കുന്നപ്പള്ളി പറഞ്ഞു. പടം ചെയ്യാമെന്ന് ജൂഡ് ആന്തണി പറഞ്ഞു”. തന്‍റെ ചിത്രത്തില്‍ അഭിനയിച്ച സൈജു കുറുപ്പ്, ബാലു വര്‍ഗീസ്, ഗോകുല്‍ സുരേഷ്, ശിവദ അടക്കമുള്ളവര്‍ തന്‍റെ അവസ്ഥ മനസിലാക്കി പൈസ ചോദിച്ചിട്ടില്ലെന്നും മുരളി പറയുന്നു. കൊടുക്കാനുള്ളത് എന്നെങ്കിലും അവര്‍ക്ക് കൊടുക്കുമെന്നും.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ