
വിജയ് ബാബുവിനെതിരായ (Vijay Babu) മി ടൂ (Me Too) ആരോപണത്തില്‍ പ്രതികരണവുമായി നടി മല്ലിക സുകുമാരന്‍ (Mallika Sukumaran). മോശം പെരുമാറ്റം ഉണ്ടായ ആളിന്‍റെയടുത്ത് പിന്നെയും പോയത് എന്തിനെന്ന് പിന്തുണയ്ക്കുന്നവര്‍ ആരോപണമുയര്‍ത്തിയ ആളോട് ചോദിക്കണമെന്ന് മല്ലിക പറയുന്നു. കൗമുദി മൂവീസിനു നല്‍കിയ അഭിമുഖത്തിലാണ് വിജയ് ബാബുവിനെതിരെ മി ടൂ ആരോപണം ഉയര്‍ത്തിയ നടിയെ അവര്‍ വിമര്‍ശിക്കുന്നത്.
"ഇതൊക്കെ മാധ്യമങ്ങളിലൂടെ വായിച്ചുള്ള അറിവാണ്. എന്നോട് നേരിട്ട് ആരും ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല, ഒരു സംഘടനയും പറഞ്ഞിട്ടില്ല. ഒപ്പം നില്‍ക്കുന്ന സ്ത്രീകള്‍ ആ പെണ്‍കുട്ടിയോട് ആദ്യം ഇക്കാര്യം ചോദിക്കണം. രണ്ടുമൂന്ന് പ്രാവശ്യം കഴിഞ്ഞപ്പോള്‍ പിന്നെ എന്തിന് അവിടെ പോയി? ഇയാള്‍ ഈ തരക്കാരനാണെന്ന് അറിയാമെങ്കില്‍ എന്തിന് അവിടെ പോയി? അതിന് വ്യത്യമായ ഒരു ഉത്തരം പറയട്ടെ. 19 പ്രാവശ്യമെന്നോ 16 പ്രാവശ്യമെന്നോ എന്തോ ഞാന്‍ കേട്ടു. അച്ഛനോടോ ആങ്ങളമാരോടോ ബന്ധുക്കളോടോ പൊലീസിനോടോ പറയാമായിരുന്നു. അങ്ങനെ എന്തൊക്കെ വഴികളുണ്ട്. അതൊന്നും ഉപയോഗപ്പെടുത്താതെ പെട്ടെന്നൊരു സുപ്രഭാതത്തില്‍ 19 പ്രാവശ്യം എന്ന് പറയുകയാണ്. ഒരാള്‍ക്കെതിരെ ആരോപണം ഉന്നയിക്കുമ്പോള്‍ തക്കതായ കാരണം വേണം", മല്ലിക സുകുമാരന്‍ പറയുന്നു.
അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ താന്‍ അതിജീവിതയ്ക്കൊപ്പമാണെന്നും അവര്‍ പറയുന്നു. "അതുകൊണ്ടാണ് വീണ്ടും വീണ്ടും അതിജീവിതയുടെ കൂടെ നില്‍ക്കുന്നു എന്ന് പറയാന്‍ കാര്യം. ഞാന്‍ വ്യക്തമായിട്ട് അതിന്‍റെ കാര്യങ്ങള്‍ അറിഞ്ഞ ഒരാളാണ്. ജോലിക്ക് പോയിട്ട് വരുമ്പോള്‍ വഴിയില്‍ കൊണ്ട് തടഞ്ഞു നിര്‍ത്തപ്പെട്ട് അതിക്രമം നേരിട്ടയാളാണ് അത്. ആ തെറ്റ് സംഭവിച്ചതാണെന്ന് എല്ലാവര്‍ക്കും അറിയാം", മല്ലിക സുകുമാരന്‍ പറഞ്ഞു.
ALSO READ : ആറുപേരും പ്രധാന മത്സരാര്‍ഥികള്‍; ഒരാള്‍ ഇന്ന് പുറത്ത്
ഏപ്രില്‍ 26ന് ആണ് നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിനെതിരെ എറണാകുളം സൗത്ത് പൊലീസ് ബലാല്‍സംഗക്കുറ്റത്തിന് കേസ് എടുത്തത്. സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്ലാറ്റിൽ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്തെന്ന പരാതിയുമായി ഏപ്രില്‍ 22ന് ആണ് യുവതി പൊലീസിനെ സമീപിച്ചത്. പിന്നാലെ വിജയ് ബാബുവില്‍ നിന്ന് നേരിട്ട അതിക്രമങ്ങളെക്കുറിച്ച് വിവരിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ അവര്‍ രംഗത്തെത്തിയിരുന്നു. വിമെന്‍ എഗയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‍മെന്‍റ് ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ് നടിയുടെ കുറിപ്പ് എത്തിയത്.
അതേസമയം വിജയ് ബാബുവിനെ കസ്റ്റഡിയില്‍ എടുക്കാന്‍ പൊലീസിന് ഇനിയും കഴിഞ്ഞിട്ടില്ല. അറസ്റ്റ് വാറന്‍റ് യുഎഇ പൊലീസിന് കൈമാറിയിരിക്കുകയാണ്. പ്രതിക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് കൊച്ചി സിറ്റി പൊലീസിന്‍റെ നടപടി. വിജയ് ബാബു യുഎഇയിൽ എവിടെയുണ്ടെന്ന കാര്യത്തില്‍ കൊച്ചി പൊലീസിന് വ്യക്തതയില്ല. ഇത് കണ്ടെത്തി അറിയിക്കാനാണ് യുഎഇ പൊലീസിന് വാറന്‍റ് കൈമാറിയത്. അവരുടെ മറുപടി കിട്ടിയ ശേഷം തുടർനടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. യു എ ഇയിലേക്ക് കടന്ന വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുളള ശ്രമത്തിലാണ് കൊച്ചി സിറ്റി പൊലീസ്. ഇന്‍റർപോൾ വഴി കഴിഞ്ഞ ദിവസം ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് തുടർച്ചയായിട്ടാണ് പിടികിട്ടാപ്പുളളിയായി പ്രഖ്യാപിക്കാൻ ഒരുങ്ങുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ