
മലയാളത്തിൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനായി എത്തുന്ന പേട്രിയറ്റ്. മെയ് 1 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, ദർശന രാജേന്ദ്രൻ, രേവതി, ഗ്രേസ് ആന്റണി തുടങ്ങീ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.
പതിനെട്ട് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ഇത്തരത്തിലുള്ള സിനിമകൾ കാണാൻ പ്രേക്ഷകർ വളർന്നു എന്ന ധൈര്യത്തിലാണ് ഇങ്ങനെയുള്ള ചിത്രങ്ങൾ തങ്ങൾ ഏറ്റെടുക്കുന്നത് എന്നാണ് മമ്മൂട്ടി പറയുന്നത്.
"ഞങ്ങൾ നിങ്ങളെ വളർത്തിയെടുത്തു എന്നൊക്കെ പറയുന്ന കാലം പോയി; നിങ്ങൾ വളർന്നതുകൊണ്ടാണ് ഞങ്ങൾ വളർന്നത്. ഇത്തരത്തിലുള്ള സിനിമകൾ കാണാൻ മാത്രം പ്രേക്ഷകർ വളർന്നിരിക്കുന്നു എന്ന ധൈര്യത്തിലാണ് ഇങ്ങനെയുള്ള ചിത്രങ്ങൾ ഞങ്ങൾ ഏറ്റെടുക്കുന്നത്. അല്ലാതെ നീയാണോ ഞാനാണോ വലുത് എന്ന് മത്സരിക്കാനല്ല ഞങ്ങൾ വരുന്നത്. എന്നെ സംബന്ധിച്ചിടത്തോളം, ലാലിനെ സംബന്ധിച്ചിടത്തോളം ഇതുവരെ ചെയ്തിട്ടില്ലാത്ത കഥാപാത്രങ്ങളാണ് ഇതിലേത്." മമ്മൂട്ടി പറയുന്നു.
"മലയാള സിനിമാ പ്രേക്ഷകർക്ക് അധികം പരിചയമില്ലാത്ത കഥാപാത്രങ്ങളായാണ് ഞങ്ങൾ വരുന്നത്. പരിചയമില്ലാത്ത കഥാപശ്ചാത്തലമാണ് ഈ സിനിമയുടേത്. ദേശീയ- അന്തർദേശീയതലത്തിലേക്ക് നമ്മുടെ കഥാ പരിസരം മാറുകയാണ്. നമ്മൾ അത്രത്തോളം വളരുന്നു എന്നതിന്റെ തെളിവാണിത്. ഈ സിനിമ ഇപ്പോൾ ചെയ്തില്ലെങ്കിൽ ഇത്തരമൊന്ന് സംഭവിക്കാൻ ഇനിയും മലയാള സിനിമയിൽ പത്തോ പതിനഞ്ചോ വർഷം കഴിയണം. നമ്മൾ പതിനഞ്ച് കൊല്ലം മുൻപിലാണ്, പുറകിലല്ല. അതുകൊണ്ട് ധൈര്യമായിട്ട് ഇങ്ങനെയൊരു സിനിമയെടുക്കാൻ സാധിച്ചു. അതിന് പ്രൊഡക്ഷൻ സൈഡിൽ നിന്നും മറ്റ് ടെക്നീഷ്യൻമാരിൽ നിന്നും വലിയ പിന്തുണ ലഭിച്ചു." മമ്മൂട്ടി കൂട്ടിച്ചേർത്തു. പേട്രിയറ്റ് പ്രസ് മീറ്റിനിടെയായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ