
പുത്തൻതലമുറയുടെ സിനിമാ സങ്കൽപ്പങ്ങളെ പരിപൂർണ്ണമായി ഉപയോഗപ്പെടുത്തുന്ന പുതിയ സംവിധായകന്റെ ചിത്രമാണ് റോഷാക്ക് എന്ന് മമ്മൂട്ടി. ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ് ചെയ്തപ്പോൾ തന്നെ പ്രേക്ഷകരിൽ ആകാംക്ഷ വർധിച്ചുവെന്ന് മമ്മൂട്ടി പറഞ്ഞു. പേരിനെപ്പറ്റി പലരും ചർച്ച ചെയ്തുകണ്ടു. അത് ചിത്രത്തിന് ഗുണം ചെയ്തുവെന്നും മമ്മൂട്ടി പറഞ്ഞു. ഖത്തറിൽ റോഷാക്കിന്റെ പ്രമോഷന് എത്തിയപ്പോഴായിരുന്നു മമ്മൂട്ടി ഇക്കാര്യങ്ങൾ പറഞ്ഞത്.
മമ്മൂട്ടിയെ കാണുന്നതിനായി നിരവധി പേരാണ് പരിപാടി സംഘടിപ്പിച്ച സ്ഥലത്തേയ്ക്ക് എത്തിയത്. ഇത്രയും ആളുകൾ സിനിമ കാണുന്നതിനും എത്തുമെന്നാണ് കരുതുന്നതെന്ന് മമ്മൂട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു. പേര് കൊണ്ട് പ്രേക്ഷകരിൽ ആകാംക്ഷ സൃഷ്ടിക്കാൻ സാധിച്ചു എന്ന പോലെ സിനിമയ്ക്കും കഴിയുമെന്നാണ് പ്രതീക്ഷ. ഏഴാം തീയതി ചിത്രം ലോകമെമ്പാടും റിലീസിനൊരുങ്ങുകയാണെന്നും എല്ലാവരും ചിത്രം കാണണമെന്നും മമ്മൂട്ടി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് റോഷാക്കിന്റെ സെൻസറിംഗ് പൂർത്തിയായത്. ക്ലീൻ യു/എ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. 'കെട്ട്യോളാണെന്റെ മാലാഖ' എന്ന ചിത്രത്തിനു ശേഷം നിസാം ബഷീർ ഒരുക്കുന്ന ചിത്രമാണ് റോഷാക്ക്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിർമ്മിക്കപ്പെടുന്ന ചിത്രത്തിന്റെ ഓവർസീസ് വിതരണം നിർവഹിച്ചിരിക്കുന്നത് ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
അഡ്വേഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബ്‍ലീസ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ സമീർ അബ്ദുള്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബാദുഷയാണ് പ്രൊജക്ട് ഡിസൈനർ. കിരൺ ദാസ് ചിത്രസംയോജനവും മിഥുൻ മുകുന്ദൻ സംഗീത സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. ഷാജി നടുവില്‍ ആണ് കലാസംവിധാനം. പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ചമയം റോണക്‌സ് സേവ്യർ, ആൻസ് എസ് ജോർജ്, വസ്ത്രാലങ്കാരം സമീറ സനീഷ്, പിആർഒ പ്രതീഷ് ശേഖർ, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ, വിഷ്ണു സുഗതൻ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ