
നടൻ മമ്മൂട്ടിയുടെ(Mammootty) 'കാഴ്ച' നേത്ര ചികിത്സ പദ്ധതിയുടെ(Eye Treatment Project ) മൂന്നാം പതിപ്പ് തുടങ്ങുന്നു. നേത്ര ചികിത്സ കേന്ദ്രമായ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ഹോസ്പ്പിറ്റലും മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടഷനും സംയുക്തമായാണ് കാഴ്ച്ച 3 സംഘടിപ്പിക്കുന്നത്. ഈ വരുന്ന ഞായറാഴ്ച്ചയാണ് മൂന്നാം പതിപ്പ് നടക്കുക.
ലിറ്റില്‍ ഫ്ളവര്‍ ഹോസ്പിറ്റലിലെ നേത്രബാങ്കിന്റെ സുവര്‍ണ്ണ ജൂബിലിയോട് അനുബന്ധിച്ചാണ് കാഴ്ച 3 നടക്കുന്നത്. കാഴ്ച പദ്ധതി ഇത്തവണ ആദിവാസി മേഖലയില്‍ കൂടുതല്‍ സേവന പ്രവര്‍ത്തനങ്ങള്‍ ചെയ്യാനാണ് ലക്ഷ്യമിടുന്നത്. 2005ല്‍ കാഴ്ച സിനിമയുടെ ചിത്രീകരണത്തിനിടെയാണ് മമ്മൂട്ടി ജീവകാരുണ്യ പ്രവര്‍ത്തനമായ കാഴ്ച പദ്ധതി ആരംഭിക്കുന്നത്. 2010ലാണ് പദ്ധതിയുടെ രണ്ടാം പതിപ്പ് നടന്നത്. പദ്ധതിയുടെ ആദ്യ രണ്ട് പതിപ്പുകളിലൂടെ നിരവധി പേര്‍ക്കാണ് കാഴ്ച ലഭിച്ചത്.
പദ്ധതിയെ കുറിച്ച് മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് റോബർട്ട് കുര്യാക്കോസ് കുറിച്ചത്
സൂപ്പർ ഹിറ്റ് സിനിമകൾക്ക് രണ്ടാം ഭാഗം വരുന്നത് സ്വാഭാവികം. സിനിമ മെഗാഹിറ്റും നായകൻ മെഗാസ്റ്റാറും ആണെങ്കിൽ സിനിമക്ക് അഞ്ചു ഭാഗങ്ങൾ വരെ വരും, അത് ലോക സിനിമ വ്യവസായത്തിൽ തന്നെ ചരിത്രവും ആകും, അതാണല്ലോ സി ബി ഐ എന്നാൽ ഒരു ജീവകാരുണ്യ പദ്ധതിക്ക് രണ്ടു ഭാഗങ്ങൾ ഉണ്ടാവുക അത് രണ്ടും ഗംഭീര വിജയങ്ങൾ ആവുക എന്ന അപൂർവ്വത മമ്മൂക്കയുടെ കാഴ്ച്ച എന്ന നേത്ര ചികിത്സ പദ്ധതിയിലൂടെ നാം കണ്ടു. പതിനായിരങ്ങൾക്ക് പ്രയോജനപ്പെട്ട ആ പദ്ധതി ഇതാ വീണ്ടും വരുന്നു. കേരളത്തിലെ ഏറ്റവും വലിയ നേത്ര ചികിത്സ കേന്ദ്രമായ അങ്കമാലി ലിറ്റിൽ ഫ്‌ളവർ ഹോസ്പിറ്റലും മമ്മൂക്കയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടഷനും സംയുക്ത മായി അവതരിപ്പിക്കുന്ന "കാഴ്ച്ച 3 " അടുത്ത ദിവസം തന്നെ മമ്മൂക്ക നാടിന് സമർപ്പിക്കും. ഏതെങ്കിലും ഒരു വ്യക്തി യുടെ പേരിൽ രാജ്യത്ത് ഇന്നേവരെ നടന്ന ഏറ്റവും വലിയ സൗജന്യ നേത്ര ചികിത്സ പദ്ധതി ആണ് കാഴ്ച്ച. ഇന്നേവരെ അതിലും വലിയ സമാനമായ ഒരു ക്യാമ്പെയിൻ നടന്നതായി ചരിത്രമില്ല. അപ്പോൾ "കാഴ്ച്ച 3" സമാനതകളില്ലാത്ത മറ്റൊരു ചരിത്രം സമ്മാനിക്കുമെന്ന് സംശയലേശമന്യേ പറയാം. ആദ്യത്തെ കാഴ്ച്ച പദ്ധതി 2005/06 ഇൽ ആണ് ആരംഭിച്ചത്. അന്ന് ആശുപത്രിയുടെ ഭാഗത്തു നിന്നും ക്യാമ്പെയിൻ നയിച്ച അസിസ്റ്റന്റ് അഡ്മിനിസ്ട്രറ്റർ ശ്രീമതി മേരി സെബാസ്റ്റ്യനും ടീമും ഇത്തവണയും നേതൃത്വത്തിൽ ഉണ്ടന്നത് പദ്ധതിയുടെ വിജയം ഊട്ടി ഉറപ്പിക്കും. ഇത്തരം പദ്ധതികളുടെ നടത്തിപ്പിനായി അന്ന് മുതൽ ചങ്ക് പറിച്ചു കൂടെ നിൽക്കുന്ന മുഴുവൻ സുഹൃത്തുക്കളും ഇപ്പോഴും അതേ പടി ഉണ്ടന്നത് അഭിമാനകരം ആണ്. ആദ്യത്തെ രണ്ട് പദ്ധതികളും നടപ്പാക്കി വിജയിപ്പിച്ചത് മമ്മൂട്ടി ഫാൻസ് വെൽഫയർ അസോസിയേഷൻ പ്രവർത്തകർ ആണ് എന്നത് അഭിമാനത്തോടെ ഓർക്കുന്നു. ഇക്കുറിയും അസോസിയേഷൻ വഴി വരുന്ന അപേക്ഷകൾക്ക് കൂടുതൽ പ്രാധാന്യം ലഭിച്ചിരിക്കും. ഇത്തവണത്തെ ചികിത്സ പദ്ധതികളിലും ഗുണഫോക്താക്കളിലും എല്ലാം ചെറിയ വിത്യാസങ്ങൾ ഉണ്ട്. അത്തരം കാര്യങ്ങൾ അടുത്ത ദിവസങ്ങളിൽ തന്നെ പുറത്ത് വരും.. ഈ പദ്ധതികൾക്ക് താങ്ങായി മുന്നേ തുടങ്ങി ഉണ്ടായിരുന്ന വടക്കുംപാടാൻ അച്ഛനും ഡോ ടോണി ഫെർണാണ്ടാസും ഡോ സ്റ്റിജി ജോസഫ്മെല്ലാം സാന്നിധ്യം കൊണ്ട് അനുഗ്രഹിക്കും എന്ന പ്രതീക്ഷയിൽ പ്രിയപ്പെട്ടവർക്കായി ഈ സന്തോഷവാർത്ത പങ്കു വക്കുന്നു.