ഓണ്‍ലൈന്‍ വിദ്യാഭ്യാസം വഴിമുട്ടിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ ചലഞ്ചുമായി മമ്മൂട്ടി

By Web TeamFirst Published Jun 15, 2021, 11:58 AM IST
Highlights

നിങ്ങളുടെ വീടുകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന  മൊബൈല്‍ ഫോണുകള്‍ വെറുതെ ഇരിക്കുകയാണോ? എങ്കില്‍ ഫോണില്ലാത്ത ഒരു  കുട്ടിക്ക് കൈമാറിക്കൂടെ എന്നാണ് മമ്മൂട്ടിയുട ചോദ്യം. 'വിദ്യാമൃതം' എന്നാണ് ക്യാമ്പയിന്റെ പേര്.
 

കൊച്ചി: നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട് ഫോണ്‍ ചലഞ്ചുമായി നടന്‍ മമ്മൂട്ടി. സ്മാര്‍ട്ട് ഫോണ്‍ ഇല്ലെന്ന ഒറ്റക്കാരണത്താല്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം വഴിമുട്ടിയ  വിദ്യാര്‍ത്ഥികള്‍ക്ക് കരുതലുമായാണ് സൂപ്പര്‍ താരത്തിന്റെ ഇടപെടല്‍.

നിങ്ങളുടെ വീടുകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന  മൊബൈല്‍ ഫോണുകള്‍ വെറുതെ ഇരിക്കുകയാണോ? എങ്കില്‍ ഫോണില്ലാത്ത ഒരു  കുട്ടിക്ക് കൈമാറിക്കൂടെ എന്നാണ് മമ്മൂട്ടിയുട ചോദ്യം. 'വിദ്യാമൃതം' എന്നാണ് ക്യാമ്പയിന്റെ പേര്.  തന്റെ ജീവ കാരുണ്യ പ്രസ്ഥാനമായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ വഴിയുള്ള പദ്ധതിയുടെ വിശദാംശങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെയാണ് മമ്മൂട്ടി അറിയിച്ചത്.

'സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തത് മൂലം ഓണ്‍ലൈന്‍ പഠനം നിഷേധിക്കപ്പെടുന്ന നിരവധി കുട്ടുകള്‍ നമുക്ക് ചുറ്റുമുണ്ട്.  വീട്ടില് ഉപയോഗിക്കാതെ ഇരിക്കുന്ന സ്മാര്‍ട്ട് ഫോണ്‍, ടാബ്ലറ്റ്, ലാപ്‌ടോപ് എന്നിവ അവര്‍ക്ക് കൈമാറിയാല്‍ അത് വലിയ  ആശ്വാസം ആകും. ലോകത്ത് എവിടെനിന്നും അത് തങ്ങളെ ഏല്‍പ്പിച്ചാല്‍ അര്‍ഹതപ്പെട്ട കൈകളില്‍  എത്തിക്കുമെന്ന്  മമ്മൂട്ടി ഉറപ്പ് നല്‍കുന്നു.

സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ അത് ഒരു കവറിലക്കി തൊട്ടടുത്തുള്ള 'സ്പീഡ് ആന്‍ഡ് സേഫ് ' കൊറിയര്‍ ഓഫീസില്‍ എത്തിച്ചാല്‍ മാത്രം മതി. കൊറിയര്‍ ഓഫീസില്‍ ഒരു ഡിക്ലറേഷന്‍ കൂടി കൊടുത്താല്‍ സൗജന്യമായി മൊബൈല്‍ കെയര്‍ ആന്‍ഡ് ഷെയര്‍ ഓഫീസിലേക്ക് അയക്കാം . അവിടെ ലഭിക്കുന്ന മൊബൈലുകള്‍ മുന്‍ഗണനാക്രമത്തില്‍ കുട്ടികള്‍ക്ക് എത്തിച്ചു കൊടുക്കും. പദ്ധതിക്ക് മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍ ഇന്റര്ണഷാനലിന്റെ പിന്തുണയുമുണ്ട്.
 

click me!