2026ഉം വ്യത്യസ്തം, വരാനിരിക്കുന്നത് ഗംഭീര ലൈനപ്പുകൾ; 'അറിയാല്ലോ മമ്മൂട്ടിയാണ്...!'

Published : Jan 15, 2026, 11:13 AM IST
Mammootty

Synopsis

വരാനിരിക്കുന്നത് പ്രേക്ഷകർ ഉറ്റുനോക്കുന്ന വേഷപ്പകർച്ചകൾ..

വ്യത്യസ്തങ്ങളായ വേഷങ്ങളിലൂടെ ഓരോതവണയും പ്രേക്ഷകരെ ഞെട്ടിക്കുകയാണ് മമ്മൂട്ടി. ആ നിരയിൽ ഏറ്റവും ഒടുവിലത്തേതു മാത്രമാണ് കളങ്കാവൽ. കൊവിഡാനന്തരം നടത്തിയ സിനിമാ തെരഞ്ഞെടുപ്പുകളിലൂടെ സ്വയം നവീകരിക്കുന്ന മമ്മൂട്ടി കോടി ക്ലബ്ബുകൾക്കെല്ലാം അപ്പുറമുള്ള കാഴ്ചയാണ്. അതുകൊണ്ടു തന്നെയാണ് സ്വയം ചലഞ്ച് ചെയ്യുന്ന, പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന തെരഞ്ഞെടുപ്പുകളാകും മമ്മൂട്ടിയുടേതെന്ന് പ്രേക്ഷകരെന്നും പ്രതീക്ഷിക്കുന്നതും. 2026ഉം വ്യത്യസ്തമല്ല, പ്രതീക്ഷയുള്ള സിനിമകളാണ് മമ്മൂട്ടിയുടേതായി അണിയറയിലുള്ളത്.

ആദ്യത്തേത് സിനിമാ പ്രേമികൾക്കിടയിൽ ഈ വർഷത്തെ മോസ്റ്റ് ആൻ്റിസിപ്പേറ്റഡ് റിലീസുകളിൽ ഒന്നായ ചത്താ പച്ചയാണ്. ജനുവരി 22ന് ആഗോള റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന സിനിമയിൽ മമ്മൂട്ടിയുടെ കാമിയോ പ്രതീക്ഷിക്കുന്നുണ്ട് പ്രേക്ഷകർ. മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള WWE സ്റ്റൈൽ ആക്ഷൻ കോമഡി ചിത്രമായി എത്തുന്ന 'ചത്താ പച്ച- റിങ് ഓഫ് റൗഡീസ്' സംവിധാനം ചെയ്യുന്നത് നവാഗതനായ അദ്വൈത് നായർ ആണ്. ഫോർട്ട് കൊച്ചിയിലുള്ള ഒരു അണ്ടർ ഗ്രൗണ്ട് WWE സ്റ്റൈൽ റെസ്ലിങ് ക്ലബ്‌ പശ്ചാത്തലമാക്കി ഒരുക്കുന്ന സിനിമയിൽ അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത് എന്നിവരാണ് താരങ്ങൾ.

മോഹൻലാലും മമ്മൂട്ടിയും വീണ്ടും

മമ്മൂട്ടിയും മോഹൻലാലും 19 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ബിഗ് ബജറ്റ് മൾട്ടിസ്റ്റാർ സിനിമയാണ് പാട്രിയറ്റ്. മഹേഷ് നാരായണൻ്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, രേവതി എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ഏപ്രിലിലാണ് ചിത്രത്തിൻ്റെ റിലീസ് പ്രതീക്ഷിക്കുന്നത്.

‘ഉണ്ട’യ്ക്ക് ശേഷം മമ്മൂട്ടിയും ഖാലിദ് റഹ്മാനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് അടുത്തത്. പാൻ ഇന്ത്യൻ ബ്ലോക്ബസ്റ്റർ ആയ മാർക്കോയുടെ നിർമ്മാതാക്കളായ ക്യൂബ്സ് എൻ്റർടെയിന്മെൻ്റ് ആണ് നിർമ്മാണം. മമ്മൂട്ടി എന്ന നടനും താരത്തിനും ഉള്ള ആദരമായാണ് ചിത്രം ഒരുക്കുന്നതെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നു. മലയാളത്തിലെയും മലയാളത്തിന് പുറത്തുനിന്നുമുള്ള താരങ്ങൾ ചിത്രത്തിൽ അണിനിരക്കുമെന്നാണ് വിവരം.

മമ്മൂട്ടി- അടൂർ ചിത്രവും 2026ൽ തുടക്കം കുറിക്കുന്ന പ്രൊജക്ട് ആണ്. നീണ്ട 32 വർഷങ്ങൾക്കിപ്പുറമാണ് അടൂരും മമ്മൂട്ടിയും ഒന്നിക്കുന്നത് എന്നത് സിനിമാപ്രേമികളെ സംബന്ധിച്ച് വലിയ കൗതുകമാണ്. കളങ്കാവലിനു ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന സിനിമയാകും ഇത്. ഇത് നാലാമത്തെ തവണയാണ് അടൂർ ഗോപാലകൃഷ്ണൻറെ സംവിധാനത്തിൽ മമ്മൂട്ടി എത്തുന്നത്. അനന്തരം, മതിലുകൾ, വിധേയൻ എന്നിവയാണ് ഇതിനകം ചെയ്ത മൂന്ന് ചിത്രങ്ങൾ.

കാരിക്കാമുറി ഷൺമുഖൻ വീണ്ടും

22 വർഷങ്ങൾക്കുശേഷം കാരിക്കാമുറി ഷൺമുഖൻ ആയി മമ്മൂട്ടി വീണ്ടും വരുന്നതും ഈ വർഷമാണ്. പ്രകാശ് വർമയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഷൺമുഖനായി മമ്മൂട്ടി വീണ്ടും എത്തുന്നത്. 2004ൽ, രഞ്ജിത്ത് എഴുതി സംവിധാനം ചെയ്ത ബ്ലാക്ക് എന്ന ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച കാരിക്കാമുറി ഷൺമുഖൻ അതിഥി വേഷത്തിലാകും പുതിയ ചിത്രത്തിൽ.

നിതീഷ് സഹദേവ്- മമ്മൂട്ടി കോമ്പോയിൽ അണിയറയിലുള്ളത് പുതുമയുള്ള ആക്ഷൻ ചിത്രമാകുമെന്നാണ് സംവിധായകൻ വ്യക്തമാക്കിയത്. കേരള-തമിഴ്നാട് ബോർഡർ പശ്ചാത്തലമാക്കി ഒരുങ്ങുന്ന സിനിമയിൽ മമ്മൂട്ടി ഒരു ഗ്യാങ്സ്റ്റർ ആയി എത്തുമെന്നാണ് വിവരം. അമരനു ശേഷം രാജ്കുമാർ പെരിയസ്വാമി ധനുഷിനൊപ്പം ഒരുക്കുന്ന ധനുഷ് 55നായി മമ്മൂട്ടിയെ സമീപിച്ചതായും വാർത്തകൾ വന്നിരുന്നു.

സമീപകാലത്ത് സ്റ്റാർഡം എല്ലാം മാറ്റിവച്ച് ക്യാരക്ടർ റോളുകളിൽ, മറ്റാരും ചെയ്യാത്ത ഒരുപിടി മികച്ച കഥാപാത്രങ്ങളുമായാണ് മമ്മൂട്ടി നമുക്ക് മുന്നിലെത്തിയത്. വേഷപ്പകർച്ചകൾ കൊണ്ട് ഓരോ തവണയും ഞെട്ടിക്കുന്ന മമ്മൂട്ടി എന്ന മഹാനടൻ പുതു തലമുറ സംവിധായകർക്കൊപ്പവും പ്രതിഭാധനരായ മുൻതലമുറയ്ക്കൊപ്പവും ഒന്നിച്ച് പ്രേക്ഷകരെ കൂടുതൽ അത്ഭുതപ്പെടുത്തുന്ന, അഭിമാനം കൊള്ളിക്കുന്ന വർഷമാകട്ടെ 2026ഉം.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കുറേ നാളുകള്‍ക്ക് ശേഷമാണ് പൊതുവേദിയില്‍ വരുന്നത്, അതിന്റെ ഉത്കണ്ഠയുണ്ടായിരുന്നു: ഭാവന
'ഇതാണ് ആക്ടിംഗ്', കാളിദാസിനോട് ജയറാം, വീഡിയോ പുറത്ത്