
അനാരോഗ്യത്തെ തുടര്‍ന്ന് വിശ്രമ ജീവിതം നയിക്കുന്ന മമ്മൂട്ടിയുടെ പുതിയ ചിത്രം പങ്കുവച്ച് അദ്ദേഹത്തിന്‍റെ പ്രിയപ്പെട്ടവര്‍. മമ്മൂട്ടിയുടെ പേഴ്സണല്‍ അസിസ്റ്റന്‍റും മമ്മൂട്ടി കമ്പനി എംഡിയുമായ ജോര്‍ജ് പകര്‍ത്തിയ ചിത്രമാണിത്. ചിത്രത്തില്‍ തന്‍റെ പ്രിയ ഹോബികളില്‍ ഒന്നായ ക്യാമറ ഉപയോഗിച്ച് ചിത്രം പകര്‍ത്തുന്ന മമ്മൂട്ടിയെയാണ് കാണാനാവുക. കടലിന് അഭിമുഖമായി നിന്ന് അവിടേക്ക് ഫോക്കസ് ചെയ്യുന്ന മമ്മൂട്ടിയാണ് ചിത്രത്തില്‍. ജോര്‍ജിനൊപ്പം മമ്മൂട്ടിയുടെ സോഷ്യല്‍ മീഡിയ മാനേജര്‍ ആയ വിഷ്ണു സുഗതന്‍ അടക്കമുള്ളവരും ഇതേ ചിത്രം പങ്കുവച്ചിട്ടുണ്ട്.
എല്ലാം അറിയുന്നവന്‍ എന്ന് അര്‍ഥം വരുന്ന ഒംനിസിയന്‍റ് എന്ന ഇംഗ്ലീഷ് വാക്കാണ് ചിത്രത്തിനൊപ്പം അത് പങ്കുവച്ചവരെല്ലാം കുറിച്ചിരിക്കുന്നത്. മഹേഷ് നാരായണന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം, നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവല്‍ എന്നിവയാണ് മമ്മൂട്ടിയുടേതായി വരാനിരിക്കുന്ന ചിത്രങ്ങള്‍. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം മോഹന്‍ലാല്‍, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ തുടങ്ങി വലിയ താരനിരയും അണിനിരക്കുന്നുണ്ട്. 80 കോടിയോളം നിര്‍മ്മാണച്ചെലവ് പ്രതീക്ഷിക്കുന്ന ചിത്രത്തില്‍ രണ്‍ജി പണിക്കര്‍, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, രേവതി, ദര്‍ശന രാജേന്ദ്രന്‍, സെറിന്‍ ഷിഹാബ്, പ്രകാശ് ബെലവാടി എന്നിവര്‍ക്കൊപ്പം നയന്‍താരയും ഒരു ശ്രദ്ധേയ കഥാപാത്രമായി എത്തുമെന്ന് കരുതപ്പെടുന്നു. മഹേഷ് നാരായണന്‍ തന്നെ രചനയും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകന്‍ മനുഷ് നന്ദന്‍ ആണ്.
അതേസമയം മമ്മൂട്ടി കമ്പനി തന്നെയാണ് കളങ്കാവലിന്‍റെ നിര്‍മ്മാണം. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. മമ്മൂട്ടിക്കൊപ്പം മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നത് വിനായകന്‍ ആണ്. ‘കുറുപ്പ്’ എന്ന ചിത്രത്തിന്‍റെ സഹരചയിതാവായിരുന്നു ജിതിന്‍ കെ ജോസ്. തെക്കന്‍ കേരളത്തിലെ ഭദ്രകാളീക്ഷേത്രത്തിലെ ഉത്സവച്ചടങ്ങുകളെ പറയുന്ന പേരാണ് കളങ്കാവല്‍ എന്നത്. എന്നാല്‍ അതുമായി ചിത്രത്തിന് ബന്ധമുണ്ടോ എന്ന് വ്യക്തമല്ല. ജിതിന്‍ കെ ജോസും വിഷ്ണു ശ്രീകുമാറുമാണ് ചിത്രത്തിന്‍റെ രചന. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം ഫൈസൽ അലി, ചിത്രസംയോജനം പ്രവീൺ പ്രഭാകർ. ബസൂക്കയാണ് മമ്മൂട്ടിയുടേതായി അവസാനം തിയറ്ററുകളില്‍ എത്തിയ ചിത്രം. നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്ത ചിത്രം വിഷു റിലീസ് ആയാണ് തിയറ്ററുകളില്‍ എത്തിയത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ