'സജീവ രാഷ്ട്രീയത്തിൽ താല്പര്യമില്ല, സ്ഥാനാർത്ഥിയാകാൻ ആരും ആവശ്യപ്പെട്ടിട്ടുമില്ല'; നിലപാടുമായി മമ്മൂട്ടി

By Web TeamFirst Published Mar 9, 2021, 1:06 PM IST
Highlights

ദി പ്രീസ്റ്റ് എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു മമ്മൂട്ടി നയം വ്യക്തമാക്കിയത്. 

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചർച്ചകൾ സജീവമാകുന്നതിനിടെ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി നടൻ മമ്മൂട്ടി. സജീവ രാഷ്ട്രീയത്തിൽ താല്പര്യമില്ലെന്നും സ്ഥാനാർത്ഥിയകാൻ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും താരം മാധ്യമങ്ങളോട് പറഞ്ഞു. ദി പ്രീസ്റ്റ് എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു മമ്മൂട്ടി നയം വ്യക്തമാക്കിയത്. 

'ഞാൻ രാഷ്ട്രീയത്തിൽ വരുന്നുവെന്ന വാർത്തകൾ കണ്ടിട്ടുണ്ട്. അത്തരം കാര്യങ്ങളോട് ഞാൻ പ്രതികരിക്കാറില്ല. സജീവ രാഷ്ട്രീയത്തിൽ താല്പര്യമുള്ള ആളല്ല ഞാൻ. എന്റെ ഏറ്റവും വലിയ രാഷ്ട്രീയമാണ് ഞാൻ ചെയ്ത് കൊണ്ടിരിക്കുന്നത്. അത് സിനിമയാണ്. ഈ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയകാൻ ആരും ആവശ്യപ്പെട്ടിട്ടുമില്ല, ഞാൻ ആരോടും പറഞ്ഞിട്ടുമില്ല. തൽക്കാലം അതിനോട് താല്പര്യമില്ല' എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ. 

അതേസമയം, പ്രീസ്റ്റ് വ്യാഴാഴ്ച തീയേറ്ററിലെത്തും. സംസ്ഥാനത്ത് സെക്കൻഡ് ഷോ നടത്താന്‍ അനുമതി നൽകിയതിന് പിന്നാലെയാണ് റിലീസ് പ്രഖ്യാപിച്ചത്. സെക്കൻഡ് ഷോ അനുവദിച്ചില്ലെങ്കിൽ സാമ്പത്തികമായി മുന്നോട്ടുപോകാൻ കഴിയില്ലെന്നും അതിനാൽ തിയേറ്റർ അടച്ചിടേണ്ടി വരുമെന്നുമായിരുന്നു ഉടമകളുടെ നിലപാട്. വിനോദ നികുതിയിലെ ഇളവ് മാർച്ച്‌ 31 ന് ശേഷവും വേണമെന്നും ചേംമ്പര്‍ ആവശ്യപ്പെട്ടിരുന്നു. ആവശ്യം ഉന്നയിച്ച് സംഘടന മുഖ്യമന്ത്രിക്ക് കത്ത് നൽകുകയും ചെയ്തിരുന്നു. സെക്കൻഡ് ഷോ ഇല്ലാത്തതിനാൽ റിലീസുകളും കൂട്ടത്തോടെ മാറ്റിവച്ചിരിക്കുകയായിരുന്നു.

click me!