ബ്രഹ്‍മപുരത്തേക്ക് ചികിത്സാ സംഘത്തെ അയക്കാന്‍ മമ്മൂട്ടി; മരുന്നുകള്‍ സൗജന്യമായി നല്‍കും

Published : Mar 13, 2023, 10:48 PM IST
ബ്രഹ്‍മപുരത്തേക്ക് ചികിത്സാ സംഘത്തെ അയക്കാന്‍ മമ്മൂട്ടി; മരുന്നുകള്‍ സൗജന്യമായി നല്‍കും

Synopsis

ആവശ്യമുള്ളവര്‍ക്ക് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും സൗജന്യമായി നല്‍കും

മാലിന്യ സംസ്കരണ പ്ലാന്‍റിലെ തീപിടുത്തത്തെ തുടര്‍ന്ന് ആരോഗ്യപരമായ പ്രശ്നങ്ങള്‍ നേരിടുന്ന ബ്രഹ്‍മപുരത്തെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് വൈദ്യസഹായവുമായി മമ്മൂട്ടി. മമ്മൂട്ടിയുടെ നിര്‍ദേശാനുസരണം രാജഗിരി ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം ചൊവ്വാഴ്ചമുതല്‍ സൗജന്യ പരിശോധനയ്ക്കായി ഈ പ്രദേശങ്ങളില്‍ എത്തും. പുക ഏറ്റവും കൂടുതല്‍ വ്യാപിച്ച പ്രദേശങ്ങളിലാണ് മരുന്നുകളും ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും ഉള്‍പ്പെടെയുള്ളവയുമായി സഞ്ചരിക്കുന്ന മെഡിക്കല്‍ യൂണിറ്റ് പര്യടനം നടത്തുക.

ചൊവ്വാഴ്ച വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തിലെ ഒന്നാംവാര്‍ഡായ ബ്രഹ്മപുരത്താണ് വൈദ്യസംഘത്തിന്റെ പരിശോധന. ബുധനാഴ്ച കുന്നത്ത്‌നാട് പഞ്ചായത്തിലെ പിണര്‍മുണ്ടയിലും വ്യാഴാഴ്ച തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ വടക്കേ ഇരുമ്പനം പ്രദേശത്തും പരിശോധനയുണ്ടാകും. വിദഗ്ദ്ധ പരിശോധനയ്ക്കുള്ള സജ്ജീകരണങ്ങളൊരുക്കിയ വാഹനം വീടുകള്‍ക്കരികിലെത്തും. ഇതില്‍ ഡോക്ടറും നഴ്‌സുമുണ്ടാകും. മരുന്നുകളും ആവശ്യമുള്ളവര്‍ക്ക് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും സൗജന്യമായി നല്‍കും. ഡോ. ബിജു രാഘവന്റെ നേതൃത്വത്തിലാണ് സഞ്ചരിക്കുന്ന മെഡിക്കല്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനം. ഇവയില്‍ നിന്ന് ലഭിക്കുന്ന പരിശോധനാ വിവരങ്ങള്‍ വിലയിരുത്താന്‍ ആശുപത്രിയില്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ.സണ്ണി പി ഓരത്തെല്‍, ശ്വാസകോശ വിഭാഗത്തിലെ ഡോ. വി രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്.

വിഷപ്പുക മൂലം വലയുന്ന ആത്‌സ്മ രോഗികള്‍ക്കടക്കം ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ വലിയൊരളവില്‍ സഹായകരമാകുമെന്ന് രാജഗിരി ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍സണ്‍ വാഴപ്പിളളി പറഞ്ഞു. വായുവിലെ ഓക്സിജനെ വേര്‍തിരിച്ചെടുക്കുകയാണ് ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ ചെയ്യുന്നത്. ലഭ്യമായ വായുവില്‍ നിന്ന് ഇവ വിഷവാതകങ്ങളെ പുറംതളളി ഏകദേശം 90-95 ശതമാനം ഓക്സിജന്‍ നല്‍കും. മുറിയില്‍ നിന്നോ പരിസരത്തു നിന്നോ വായുവിനെ സ്വീകരിച്ച് ശുദ്ധീകരിച്ച്, ആവശ്യമുള്ള വ്യക്തിക്ക് ഓക്‌സിജന്‍ മാത്രമായി നല്‍കുകയാണ് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ ചെയ്യുക.

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ പ്രസ്ഥാനമായ കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണലാണ് ബ്രഹ്മപുരത്തെ മെഡിക്കല്‍ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നത്. പുകയില്‍ നിന്ന് സംരക്ഷണം നല്‍കുന്ന ഉന്നത നിലവാരത്തിലുള്ള മാസ്‌കുകള്‍ ബ്രഹ്മപുരത്ത് വിതരണം ചെയ്യുന്നതിനായി കെയര്‍ ആന്റ് ഷെയര്‍ വൈദ്യസംഘത്തിന് കൈമാറിയിട്ടുണ്ട്. 'പുക ശ്വസിച്ചതുമൂലമുണ്ടായ ശാരീരിക അസ്വസ്ഥതകള്‍ ഒരുപാട് പേര്‍ക്കുണ്ട്. പലരും ആശുപത്രിയില്‍ പോകാന്‍ മടിച്ച് വീട്ടില്‍ തന്നെയിരിക്കുകയാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. അവര്‍ക്കുകൂടി പ്രയോജനമാകും വിധമാണ് വൈദ്യപരിശോധനയ്ക്കുള്ള സൗകര്യമൊരുക്കുന്നത്'- കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ കെ മുരളീധരന്‍ പറഞ്ഞു. മെഡിക്കല്‍ യൂണിറ്റിന്റെ യാത്രാ പാതകളെക്കുറിച്ചും സമയത്തെക്കുറിച്ചും അറിയാന്‍ 7736584286 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണെന്നും പ്രവര്‍ത്തകര്‍ അറിയിച്ചു.

ALSO READ : 'ഒരു നാഴികക്കല്ലായിരിക്കും ഈ ചിത്രം'; മലൈക്കോട്ടൈ വാലിബനിലെ അവസരത്തെക്കുറിച്ച് ഹരികൃഷ്‍ണന്‍ ഗുരുക്കള്‍

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

35 ലക്ഷം വാങ്ങി വഞ്ചിച്ചെന്ന പരാതി; മെന്‍റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയ്ക്കുമെതിരെ കേസ്
റിലീസ് അനുമതി ലഭിക്കുമോ? ജനനായകൻ വിധി ചൊവ്വാഴ്‌ച