'ബിലാലി'ല്‍ അബു ജോണ്‍ കുരിശിങ്കലായി ആരു വരും? മംമ്തയുടെ മറുപടി

By Web TeamFirst Published Nov 24, 2020, 11:03 PM IST
Highlights

ദുല്‍ഖര്‍, ഫഹദ്, കാര്‍ത്തിക്, ആര്യ തുടങ്ങി നിരവധി പേരുകള്‍ ആരാധകര്‍ ഈ റോളിലേക്ക് ചര്‍ച്ച ചെയ്തിരുന്നു. 

പുറത്തിറങ്ങിയ സമയത്ത് വേണമെങ്കില്‍ 'അണ്ടര്‍റേറ്റഡ്' എന്ന് വിശേഷിപ്പിക്കാവുന്ന തരത്തില്‍ സ്വീകരിക്കപ്പെട്ട ചിത്രമായിരുന്നു ബിഗ് ബി. ഒരുപക്ഷേ മുഖ്യധാരാ മലയാളസിനിമയില്‍ ദൃശ്യപരമായി കാലത്തിനു മുന്‍പേ എത്തിയ ചിത്രമെന്നും വിശേഷിപ്പിക്കാം. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നീട് ഇങ്ങോട്ട് കടന്നുവന്നപ്പോള്‍ യുവസിനിമാപ്രേമികള്‍ക്കിടയില്‍ കള്‍ട്ട് പദവി തന്നെ നേടിയ ചിത്രവുമായി ബിഗ് ബി മാറി. രണ്ട് വര്‍ഷം മുന്‍പ് അമല്‍ നീരദ് ബിഗ് ബിയുടെ രണ്ടാംഭാഗമായ ബിലാല്‍ എന്ന ചിത്രം പ്രഖ്യാപിച്ചത് മലയാളസിനിമാ ലോകം തന്നെ ആവേശത്തോടെയാണ് കേട്ടത്. പ്രീ പ്രൊഡക്ഷന്‍ പൂര്‍ത്തിയാക്കി, ചിത്രീകരണത്തിലേക്ക് കടക്കാനിരിക്കവെയാണ് ലോക്ക് ഡൗണ്‍ നിലവില്‍ വന്നത്. ബിഗ് ബിയിലെ താരങ്ങളെല്ലാം വീണ്ടും സ്ക്രീനിലെത്തുന്ന ചിത്രത്തില്‍ ഒരു കഥാപാത്രത്തെ ആര് അവതരിപ്പിക്കും എന്നത് 'ബിലാല്‍' പ്രഖ്യാപനത്തിനു ശേഷം ഏറെ ചര്‍ച്ചയായതാണ്. 'അബു ജോണ്‍ കുരിശിങ്കല്‍' എന്ന കഥാപാത്രമാണ് അത്. ദുല്‍ഖര്‍, ഫഹദ്, കാര്‍ത്തിക്, ആര്യ തുടങ്ങി നിരവധി പേരുകള്‍ ആരാധകര്‍ ഈ റോളിലേക്ക് ചര്‍ച്ച ചെയ്തിരുന്നു. ഇപ്പോഴിതാ യുട്യൂബ് ചാനലായ മൂവി മാന് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തില്‍ റിമി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മംമ്ത മോഹന്‍ദാസിനു നേര്‍ക്കും ഈ ചോദ്യമുണ്ടായി. പേര് വെളിപ്പെടുത്തിയില്ലെങ്കിലും ഒരു താരം തന്നെയായിരിക്കും അബുവായി എത്തുകയെന്ന് മംമ്ത പറയുന്നു.

"ബിലാലിന്‍റെ ഷൂട്ടിംഗ് തീരുമാനിച്ചിരുന്നതിനു മൂന്ന് ദിവസം മുന്‍പാണ് ലോക്ക് ഡൗണ്‍ സംഭവിക്കുന്നത്. ബിലാലില്‍ അബു ജോണ്‍ കുരിശിങ്കലായി ഒരു സ്റ്റാര്‍ തന്നെ വരുന്നുണ്ട്. അത് ആരായിരിക്കും എന്നുള്ളത് സസ്പെന്‍സ് ആണ്. ഷൂട്ടിലേക്ക് കടക്കാനിരുന്നതിന്‍റെ കുറച്ചുദിവസം മുന്‍പാണ് ആ കഥാപാത്രത്തെ ആരാണ് അവതരിപ്പിക്കുന്നതെന്ന് ഞങ്ങള്‍തന്നെ അറിഞ്ഞത്", മംമ്ത പറയുന്നു.

നേരത്തെ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തില്‍ 'ബിലാലി'നെക്കുറിച്ച് മംമ്ത ഇങ്ങനെ പറഞ്ഞിരുന്നു. "ബിഗ് ബിയുടെ ഭാഗമായിട്ടുള്ള എല്ലാവരും വെയ്റ്റ് ചെയ്യുന്ന സിനിമയാണ് ബിലാല്‍. ബിഗ് ബിയിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും ബിലാലില്‍ 13 വയസ് കൂടും. അങ്ങനെയാണ് അതിന്‍റെ ടൈം സ്പാന്‍ കണക്കാക്കിയിരിക്കുന്നത്. ഞാന്‍ അവതരിപ്പിക്കുന്ന റിമി ടോമി എന്ന കഥാപാത്രം ബിലാലിന്‍റെ ഫാമിലിയിലെ ഒരു അംഗമാണ് ഇപ്പോള്‍. മുന്‍പ് ബിലാലിന് കുറച്ചൊരു അകല്‍ച്ചയുള്ള കഥാപാത്രമായിരുന്നു അത്. പക്ഷേ ഇപ്പോള്‍ അവള്‍ ആ കുടുംബത്തിലെ ഒരു അംഗമാണ്. ബാല ചെയ്യുന്ന മുരുകന്‍ എന്ന കഥാപാത്രത്തെക്കാള്‍ സ്നേഹം റിമിക്ക് ആ കുടുംബത്തില്‍ ഇപ്പോള്‍ കിട്ടുന്നുണ്ട്. ഈ 13 വര്‍ഷം കൊണ്ട് സ്ത്രീസമൂഹത്തിലും മാറ്റങ്ങളുണ്ടായിട്ടുണ്ടല്ലോ. ആ മാറ്റം ബിലാലിലെ സ്ത്രീകഥാപാത്രങ്ങളില്‍ ഉണ്ടാവും. ബിഗ് ബിയില്‍ ഒരു സീനിലോ മറ്റോ ബിലാലിനെ വിളിക്കാന്‍ വാഹനവുമായി പോകുന്ന റിമി ഉണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ അവള്‍ ആ ഗ്യാങ്ങിന്‍റെ ഭാഗം തന്നെയാണ്. അത്തരത്തിലുള്ള മാറ്റങ്ങള്‍, പക്വതയൊക്കെ എല്ലാവര്‍ക്കുംതന്നെ ഉണ്ടാവും. അതേ ആക്ടിവിറ്റീസ്, പക്ഷേ പുതിയ ഗ്യാങ്ങ് മെമ്പേഴ്സ്. എല്ലാവരും വെയ്റ്റ് ചെയ്യുകയാണ്. പക്ഷേ ഒരു വലിയ സിനിമയാണ്. കൊവിഡ് ഒക്കെ മാറിയാലേ അത് പ്രാക്റ്റിക്കല്‍ ആവൂ", മംമ്ത പറഞ്ഞിരുന്നു.

click me!