
തമിഴ് സൂപ്പര്‍താരം അജിത്ത് കുമാര്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട വിവരം ഇന്നലെ രാത്രിയാണ് എത്തിയത്. ഏറെ ആരാധകരുള്ള താരമായതിനാല്‍ അത് അപ്പോള്‍ത്തന്നെ സോഷ്യല്‍ മീഡിയയില്‍ പടരാനും തുടങ്ങിയിരുന്നു. വര്‍ഷാവര്‍ഷം നടത്താറുള്ള പതിവ് ആരോഗ്യ പരിശോധനകള്‍ക്കായാണ് അദ്ദേഹം ആശുപത്രിയില്‍ എത്തിയതെന്നും കാര്‍ഡിയോ, ന്യൂറോ പരിശോധനകള്‍ക്ക് അദ്ദേഹം വിധേയനായതായുമൊക്കെ ചില ട്രേഡ് അനലിസ്റ്റുകള്‍ അറിയിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന് ഗുരുതര രോഗം ആണെന്ന തരത്തിലും സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടന്നു. ഇപ്പോഴിതാ വിഷയത്തില്‍ ആദ്യ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അജിത്ത് കുമാറിന്‍റെ മാനേജര്‍ ആയ സുരേഷ് ചന്ദ്ര.
അജിത്ത് കുമാറിന് ബ്രെയിന്‍ ട്യൂമര്‍ ആണെന്ന് കണ്ടെത്തിയതായായിരുന്നു സോഷ്യല്‍ മീഡിയയിലെ ഒരു പ്രചരണം. ഇത് വ്യാജമാണെന്ന് സുരേഷ് ചന്ദ്ര പറയുന്നു. സണ്‍ ന്യൂസ് ആണ് സുരേഷ് ചന്ദ്രയെ ഉദ്ധരിച്ച് വാര്‍ത്ത കൊടുത്തിരിക്കുന്നത്. "അജിത്ത് കുമാറിന് ബ്രെയിന്‍ ട്യൂമര്‍ ആണെന്ന പ്രചരണം തെറ്റാണ്. പതിവ് ആരോഗ്യ പരിശോധനകള്‍ക്കിടെ അദ്ദേഹത്തിന്‍റെ ചെവിയ്ക്ക് താഴെ ഒരു നീര്‍വീക്കം കണ്ടെത്തുകയായിരുന്നു. അര മണിക്കൂറിനുള്ളില്‍ അത് ചികിത്സിച്ചു. കഴിഞ്ഞ രാത്രി തന്നെ അദ്ദേഹത്തെ ജനറല്‍ വാര്‍ഡിലേക്കും മാറ്റിയിരുന്നു. അപ്പോളോ ആശുപത്രിയില്‍ നിന്ന് ഇന്ന് രാത്രിയോ നാളെയോ അദ്ദേഹം വീട്ടിലേക്ക് പോകും", സുരേഷ് ചന്ദ്ര പറയുന്നു.
തമിഴില്‍ ഏറെ ആരാധകരുള്ള താരമാണ് അജിത്ത് കുമാര്‍. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളൊന്നും ഉപയോഗിക്കാത്ത അജിത്ത് കുമാറിനുവേണ്ടി മാനേജര്‍ സുരേഷ് ചന്ദ്രയാണ് അവശ്യ സമയങ്ങളില്‍ പ്രതികരണങ്ങള്‍ അറിയിക്കാറ്. വിടാ മുയര്‍ച്ചിയാണ് അദ്ദേഹത്തിന്‍റേതായി അടുത്ത് വരുന്ന ചിത്രം. മഗിഴ് തിരുമേന് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്.
ALSO READ : ഖത്തറിലെ താരനിശ അവസാന നിമിഷം റദ്ദാക്കി; കാരണം വിശദീകരിച്ച് സംഘാടകര്‍
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ