
ഒരു സിനിമ ചിത്രീകരണം ഉറപ്പിക്കുന്നതിനു മുൻപ് അത് സംബന്ധിച്ച് തിരക്കഥാകൃത്തും സംവിധായകനും നിർമ്മാതാവും അഭിനേതാക്കളുമൊക്കെ നടത്തുന്ന സുദീർഘമായ ചർച്ചകളുണ്ട്. അത്തരത്തിൽ ചർച്ചകളിലൂടെ മുന്നോട്ടുപോകുന്ന പ്രോജക്റ്റുകളിൽ ഒരു ചെറിയ ശതമാനം മാത്രമാണ് ബിഗ് സ്ക്രീനിലേക്ക് എത്തപ്പെടുക. നടക്കാതെപോയ പ്രോജക്റ്റുകളെക്കുറിച്ച് പല താരങ്ങളും അണിയറ പ്രവർത്തകരുമൊക്കെ പിൽക്കാലത്ത് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ നിർമ്മാതാവായി തനിക്ക് പങ്കാളിത്തം ഉണ്ടാവേണ്ടിയിരുന്ന, നടക്കാതെപോയ ഒരു പ്രോജക്റ്റിനെക്കുറിച്ച് സംസാരിക്കുകയാണ് മണിയൻപിള്ള രാജു. മഹേഷും മാരുതിയും എന്ന, താൻ നിർമ്മിക്കുന്ന പുതിയ ചിത്രത്തിൻറെ വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ ചർച്ച ഓർത്തെടുത്തത്. ഛോട്ടാ മുംബൈയുടെ വിജയത്തിനു ശേഷം അൻവർ റഷീദിൻറെ സംവിധാനത്തിൽ താൻ നിർമ്മിക്കാനിരുന്ന ഒരു സിനിമയെക്കുറിച്ചുള്ള ചർച്ചകളിലാണ് ഈ കഥയും വന്നുപെട്ടതെന്ന് പറയുന്നു മണിയൻപിള്ള രാജു. സച്ചി-സേതു ആയിരുന്നു തിരക്കഥാകൃത്തുക്കൾ.
മണിയൻപിള്ള രാജു പറയുന്നു
"സച്ചി-സേതു എഴുതിയ ചോക്ലേറ്റ് എന്ന പടം നടക്കുമ്പോൾ അതിൻറെ കഥാതന്തു കേട്ടപ്പോൾത്തന്നെ എനിക്ക് ഒരു പുതുമ തോന്നി. വിമെൻസ് കോളെജിൽ പഠിക്കുന്ന ഒരേയൊരു ആൺകുട്ടി. ഞാൻ നിർമ്മിച്ച ഛോട്ടാ മുംബൈയുടെ ക്യാമറാമാൻ അഴകപ്പനായിരുന്നു അതിൻറെയും ഛായാഗ്രാഹകൻ. പടം നന്നായിട്ടുണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ചോക്ലേറ്റ് തീർന്നതിനു ശേഷം അഴകപ്പൻറെ കയ്യിൽ നിന്ന് നമ്പർ വാങ്ങി ഞാൻ സച്ചി- സേതുവിനെ വിളിച്ചു. എനിക്കുവേണ്ടി ഒരു പടം ചെയ്യണമെന്ന് പറഞ്ഞു. അപ്പോഴേക്ക് ഛോട്ടാ മുംബൈ ഇറങ്ങി നന്നായി പോകുന്നുണ്ട്. സച്ചി- സേതുവിനെക്കൊണ്ട് നമുക്ക് ഒരു കഥയെഴുതിക്കാമെന്ന് അൻവർ റഷീദിനോട് ഞാൻ പറഞ്ഞു.
ALSO READ : തിയറ്ററുകളില്‍ നിന്ന് മുടക്കുമുതല്‍ തിരിച്ചുപിടിച്ച് സ്‍ഫടികം; ചരിത്രമായി റീ റിലീസ്
ഒരു ഫ്ലാറ്റ് എടുത്ത് ഞങ്ങൾ നാലുപേരുംകൂടി ഇരുന്നു. പക്ഷേ കൊണ്ടുവരുന്ന ഒരു കഥയിലേക്കും അൻവർ അടുക്കുന്നില്ല. അവസാനം മോഹൻലാലിനെവച്ച് ഇവർ (സച്ചി- സേതു) ഒരു കഥയുണ്ടാക്കി. ഞാൻ നോക്കുമ്പോൾ ഒരു നിർമ്മാതാവ് എന്ന നിലയിൽ എന്നെക്കൊണ്ട് അത് ബാലൻസ് ചെയ്യാനാവില്ല. മോഹൻലാൽ വലിയ ഒരു ഗുസ്തിക്കാരനായിട്ടും അയാളുടെ അടുത്ത് പഠിക്കാൻ പോകുന്ന ആളായി പൃഥ്വിരാജും. നായകനായി ട്രൈ ചെയ്തിട്ട് പരാജയപ്പെട്ട ആളാണ് പൃഥ്വിയുടെ കഥാപാത്രം. ഹൈദരാബാദ് ആണ് കഥാപശ്ചാത്തലം. ഹെലികോപ്റ്റർ സംഘട്ടനമൊക്കെയുണ്ടെന്ന് ഇവർ പറഞ്ഞപ്പോഴേ ഞാൻ ഞെട്ടി. ഞാൻ മോഹൻലാലിനെ നോക്കി കണ്ണ് കാണിച്ചു. എൻറെ മുഖത്തെ വിളർച്ച കണ്ട് മോഹൻലാൽ ഇടപെട്ടു- ഇത് ക്ലീഷേ പോലെയുണ്ടല്ലോ, നമുക്ക് വേറെ പിടിച്ചൂടേ എന്ന്. അപ്പോഴാണ് എനിക്ക് ശ്വാസം വീണത്. അപ്പോൾ അൻവർ റഷീദും പറഞ്ഞു, നമുക്ക് ഒരു ഇടവേള എടുക്കാമെന്ന്. പിന്നീടൊരിക്കലാണ് മഹേഷും മാരുതിയും എന്ന ചിത്രത്തിൻറെ കഥ സേതു എന്നോട് പറയുന്നത്."
അതേസമയം മഹേഷും മാരുതിയും തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് സേതുവാണ്. ആസിഫ് അലിയും മംമ്ത മോഹൻദാസുമാണ് കേന്ദ്രകഥാപാത്രങ്ങള്‍. എൺപതുകളിലെ ഒരു മാരുതി കാറിനെയും 'ഗൗരി' എന്ന പെൺകുട്ടിയേയും ഒരുപോലെ പ്രണയിക്കുന്ന മഹേഷ് എന്ന ചെറുപ്പക്കാരന്റെ ത്രികോണ പ്രണയത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ