'സാറിനൊക്കെ റേഷനരി വാങ്ങാന്‍ നാണമില്ലേയെന്ന് അയാള്‍ ചോദിച്ചു'; നല്‍കിയ മറുപടിയെക്കുറിച്ച് മണിയന്‍പിള്ള രാജു

By Web TeamFirst Published Apr 5, 2020, 12:05 PM IST
Highlights

"തിരുവനന്തപുരം ജവഹര്‍ നഗറിലുള്ള റേഷന്‍ കടയിലേക്ക് നടന്നു പോകുമ്പോള്‍ എതിരെ വന്നയാള്‍ എവിടേക്കാണെന്ന് ചോദിച്ചു. റേഷന്‍ വാങ്ങാനെന്ന് പറഞ്ഞപ്പോള്‍, സാറിനൊക്കെ നാണമില്ലേ റേഷനരി വാങ്ങാനെന്ന് പ്രതികരണം.."

ജീവിതത്തില്‍ ആദ്യമായി സൗജന്യ റേഷന്‍ വാങ്ങിയതിന്‍റെ അനുഭവം പങ്കുവച്ച് നടന്‍ മണിയന്‍പിള്ള രാജു. ലോക്ക് ഡൌണ്‍ കാരണമുള്ള വീട്ടിലിരിപ്പിനിടെയാണ് സര്‍ക്കാരിന്‍റെ സൌജന്യ റേഷന്‍ വിതരണം ആരംഭിച്ചത്. ഭാര്യയുടെ പേരിലുള്ള വെള്ളക്കാര്‍ഡിലെ നമ്പരിന്‍റെ അവസാനം ഒന്ന് ആയതിനാല്‍ ആദ്യദിവസം തന്നെ റേഷന്‍ വാങ്ങാന്‍ പോയെന്നും മണിയന്‍പിള്ള രാജു പറയുന്നു. മലയാള മനോരമ ദിനപത്രത്തിലാണ് മണിയന്‍ പിള്ള രാജു തന്‍റെ അനുഭവം പങ്കുവെക്കുന്നത്.

"തിരുവനന്തപുരം ജവഹര്‍ നഗറിലുള്ള റേഷന്‍ കടയിലേക്ക് നടന്നു പോകുമ്പോള്‍ എതിരെ വന്നയാള്‍ എവിടേക്കാണെന്ന് ചോദിച്ചു. റേഷന്‍ വാങ്ങാനെന്ന് പറഞ്ഞപ്പോള്‍, സാറിനൊക്കെ നാണമില്ലേ റേഷനരി വാങ്ങാനെന്ന് പ്രതികരണം. 'എനിക്കൊരു നാണക്കേടുമില്ല. ഇതൊക്കെ നാണക്കേടാണെങ്കില്‍ ഈ നാണക്കേടിലൂടെയാണ് ഞാന്‍ ഇവിടം വരെ എത്തിയത്' എന്നുപറഞ്ഞ് മകനെയും കൂട്ടി വേഗം നടന്നു", മണിയന്‍ പിള്ള രാജു പറയുന്നു.

ഒരു പൈസ പോലും കൊടുക്കാതെ റേഷന്‍ കടയില്‍ നിന്ന് 10 കിലോ പുഴുക്കലരിയും അഞ്ച് കിലോ ചമ്പാവരിയും വാങ്ങിയെന്നും വീട്ടിലെത്തി ചോറു വച്ചപ്പോള്‍ നല്ല രുചിയായിരുന്നെന്നും മണിയന്‍ പിള്ള രാജു. റേഷനരി മോശമെന്നു ചിലരുടെയൊക്കെ ഫേസ്ബുക്ക് പോസ്റ്റുകള്‍ കണ്ടാണ് അരി വാങ്ങാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറയുന്നു. "കുട്ടിക്കാലത്ത് കഴിക്കുന്ന പ്ലേറ്റില്‍ നിന്ന് ഒരു വറ്റ് താഴെ വീണാല്‍ അച്ഛന്‍ നന്നായി വഴക്കു പറയും. ആ ചോറ് പെറുക്കിയെടുപ്പിച്ചു കഴുപ്പിക്കും. അഞ്ചു മക്കലഉള്ള കുടുംബത്തില്‍ റേഷനരി ആയിരുന്നു പ്രധാന ആഹാരവും ആശ്രയവും", മണിയന്‍പിള്ള രാജു പറഞ്ഞവസാനിപ്പിക്കുന്നു. 
 

click me!