
മഞ്ജു വാര്യരുടെ (Manju Warrier) ഏറ്റവും പുതിയ ചിത്രമായ ആയിഷയുടെ (Ayisha) യുഎഇയിലെ (UAE) ചിത്രീകരണം പൂർത്തിയായി. 40 ദിവസത്തെ ആദ്യ ഷെഡ്യൂളാണ് യുഎഇയിൽ പൂർത്തിയാക്കിയത്. രണ്ടാംഘട്ട ചിത്രീകരണത്തിനായി ടീം ഇന്ത്യയിലേക്ക് മടങ്ങി. കഴിഞ്ഞ രണ്ട് ആഴ്ചകളായി റാസൽ ഖൈയ്മയിലും ഫുജിറയിലുമായാണ് ചിത്രീകരണം പൂർത്തിയാക്കിയതെന്ന് ചിത്രത്തിന്റെ സംവിധായകൻ ആമിർ പള്ളിക്കൽ ഗൾഫ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
“ഞങ്ങളുടെ ഫാമിലി ഡ്രാമയുടെ 90 ശതമാനവും യുഎഇയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. കാരണം കഥ ഇവിടം അടിസ്ഥാനമാക്കിയുള്ളതാണ്, അതിനാൽ ഞങ്ങൾക്ക് അത് മറ്റെവിടെയും ചിത്രീകരിക്കാൻ കഴിയില്ല. ഇപ്പോൾ ഞങ്ങൾ ഞങ്ങളുടെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കി, ബാക്കി ഭാഗങ്ങൾ മുംബൈയിലും കേരളത്തിലും ചിത്രീകരിക്കും, ”ദുബൈ എയർപോർട്ടിൽ നിന്ന് ആമിർ പള്ളിക്കൽ പറഞ്ഞു. മലയാളി-അറബ് പ്രതിഭകൾ ഒരുമിച്ചഭിനയിച്ച ചിത്രമാണ് ആയിഷയെന്നും പള്ളിക്കൽ കൂട്ടിച്ചേർത്തു.
“മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി, 80 ശതമാനവും മലയാളികളല്ലാത്ത ഒരു താരനിരയാണ് ഞങ്ങൾക്കുള്ളത്. ഞങ്ങൾ ഓഡിഷനുകൾ നടത്തി, അറബ് അഭിനേതാക്കളെ തിരഞ്ഞെടുക്കുകയായിരുന്നു ... ഭാഷ ഒരു തടസ്സമായിരുന്നില്ല, ഞങ്ങൾ ആശയവിനിമയം കൂടുതലും ഇംഗ്ലീഷിലാണ് നടത്തിയത്, ”പള്ളിക്കൽ പറഞ്ഞു. ഈ മേഖലയിൽ ചിത്രീകരിക്കുന്ന ആദ്യ സിനിമയല്ല ‘ഐഷ’. ഫഹദ് ഫാസിലിന്റെ ‘ഡയമണ്ട് നെക്ലേസ്’, നിവിൻ പോളിയുടെ ‘ജേക്കബിന്റെ സ്വർഗരാജ്യം’ തുടങ്ങിയ മലയാളം ബ്ലോക്ക്ബസ്റ്ററുകൾ ചിത്രീകരിച്ചതും ഈ പ്രദേശത്താണ്.
7 ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. യുഎഇയിൽ പ്രധാന റോഡ് അടച്ച് ആയിഷയുടെ ചിത്രീകരണം നടത്തുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തിവന്നിരുന്നു. മഞ്ജു വാര്യരുടെ മികച്ച കഥാപാത്രമായാണ് 'ആയിഷ' ഒരുങ്ങുന്നത്. ക്ലാസ്മേറ്റ്സിലൂടെ ശ്രദ്ധേയയായ നടി രാധികയും ചിത്രത്തിൽ സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. മലയാളത്തിനും അറബിക്കിനും പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്‍റെ രചന. ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയയാണ് നിര്‍മ്മാണം. ഫെതര്‍ ടച്ച് മൂവി ബോക്‌സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്‌സിറ്റ് സിനിമാസ് എന്നീ ബാനറുകളില്‍ ശംസുദ്ദീന്‍, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി ബി എന്നിവരാണ് ഈ ചിത്രത്തിന്‍റെ സഹ നിർമ്മാതാക്കൾ.
സജ്‌ന, പൂര്‍ണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യുഎഇ), ജെന്നിഫര്‍ (ഫിലിപ്പൈന്‍സ്), സറഫീന (നൈജീരിയ), സുമയ്യ (യമന്‍), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിൽ നടൻ പ്രഭുദേവയാണ് കെറിയോഗ്രാഫി ചെയ്യുന്നത്. നീണ്ട ഇടവേളയ്ക്കു ശേഷമാണ് പ്രഭുദേവ ഒരു മലയാള സിനിമയില്‍ നൃത്ത സംവിധായകനായി എത്തുന്നത്. ബി കെ ഹരിനാരായണൻ, സുഹൈല്‍ കോയ എന്നിവരുടെ വരികൾക്ക് എം ജയചന്ദ്രന്‍ സംഗീതം പകരുന്ന ഈ ചിത്രത്തില്‍ പ്രശസ്‍ത ഇന്ത്യൻ, അറബി പിന്നണി ഗായകര്‍ പാടുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ