
മഞ്ജു വാര്യരുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമായിരുന്നു സിബി മലയിൽ സംവിധാനം ചെയ്ത 'സമ്മർ ഇൻ ബത്‌ലഹേം' എന്ന ചിത്രത്തിലെ ആമി. മഞ്ജു വാരിയർ, സുരേഷ് ഗോപി, ജയറാം, കലാഭവൻ മണി എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയതാരങ്ങൾ ഒന്നിച്ച ചിത്രത്തിൽ മോഹൻലാൽ അതിഥിവേഷത്തിലും എത്തിയിരുന്നു. ഇരുപത്തിയേഴ് വർഷങ്ങൾക്ക് ശേഷം ചിത്രം റീ റിലീസായി എത്തുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ ആമി എന്ന കഥാപാത്രത്തെ കുറിച്ച് മഞ്ജു വാര്യർ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്. സമ്മർ ഇൻ ബത്‌ലഹേം ചെയ്യുന്ന സമയത്ത് താൻ അഭിരാമി എന്ന കഥാപാത്രത്തെ വേണ്ട രീതിയിൽ മനസിലാക്കിയില്ല എന്നും, ഇപ്പോഴാണ് ആ കഥാപാത്രം ലഭിച്ചതെങ്കിൽ കൂടുതൽ നന്നായി ചെയ്യാൻ കഴിഞ്ഞേനെ എന്നും മഞ്ജു വാര്യർ പറയുന്നു.
"സമ്മർ ഇൻ ബത്‌ലഹേം ചെയ്യുന്ന സമയത്ത് അഭിരാമിയെ ഞാന്‍ വേണ്ട രീതിയില്‍ മനസ്സിലാക്കിയിരുന്നില്ല. അഭിരാമി അനുഭവിച്ച ആത്മസംഘര്‍ഷങ്ങളും കടന്നുപോയ മാനസികാവസ്ഥയും ഉള്ളിലൊതുക്കിയാണല്ലോ മറ്റുള്ളവര്‍ക്ക് മുന്നില്‍ കളിച്ചു ചിരിച്ച് നിന്നത് എന്ന് ആലോചിക്കുമ്പോള്‍ അത്ഭുതവും ഭയവും തോന്നാറുണ്ട്." മഞ്ജു വാര്യർ പറയുന്നു.
"മനുഷ്യരുടെ മാനസികാരോഗ്യത്തെക്കുറിച്ച് വലിയ രീതിയിൽ ചർച്ചകൾ നടക്കുന്ന ഇന്നത്തെ കാലഘട്ടത്തിലിരുന്ന് ആലോചിക്കുമ്പോൾ എങ്ങനെയായിരിക്കും ഡിപ്രഷനിലേക്ക് വീണുപോകാതെ മാനസികമായി അഭിരാമി നടത്തിയ യാത്രയെന്ന് അത്ഭുതത്തോടെ ആലോചിക്കാറുണ്ട്. ഇപ്പോഴാണ് ആ കഥാപാത്രമായി ഞാൻ അഭിനയിക്കുന്നത് എങ്കിൽ കുറച്ചുകൂടെ മെച്ചപ്പെടുത്തി അഭിനയിക്കാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്." മഞ്ജു വാര്യർ കൂട്ടിച്ചേർത്തു. കോക്കേഴ്സ് എന്റർടെയ്ൻമെന്റിന് നൽകിയ അഭിമുഖത്തിലായിരുന്നു മഞ്ജുവിന്റെ പ്രതികരണം.
അതേസമയം കോക്കേഴ്സ് ഫിലിംസിനോടൊപ്പം അഞ്ജന ടാക്കീസ്, എവരിഡേ ഫിലിംസ് എന്നിവരുമായി സഹകരിച്ച് ആണ് ചിത്രം റീ റിലീസായി തിയേറ്ററുകളിൽ എത്തിക്കുന്നത്. ദേവദൂതൻ, ഛോട്ടാ മുംബൈ എന്നീ ചിത്രങ്ങൾക്ക് ശേഷം ഹൈ സ്റ്റുഡിയോസിൻ്റെ നേതൃത്വത്തിലാണ് ചിത്രം 4K നിലവാരത്തിൽ റീമാസ്റ്റേർ ചെയ്യുന്നത്. സഞ്ജീവ് ശങ്കർ ഛായാഗ്രാഹകനായ ചിത്രത്തിൻ്റെ എഡിറ്റർ എൽ ഭൂമിനാഥൻ ആണ്. വിദ്യാസാഗറിന്റെ സംഗീതവും ഗിരീഷ് പുത്തഞ്ചേരിയുടെ വരികളും ഇന്നും മലയാളികളുടെ ഹൃദയത്തിൽ മുഴങ്ങുന്നു. കെ ജെ യേശുദാസ്, കെ എസ് ചിത്ര, സുജാത, എം.ജി ശ്രീകുമാർ, ശ്രീനിവാസ്, ബിജു നാരായണൻ എന്നിവരാണ് ചിത്രത്തിലെ ഗായകർ.
പ്രൊഡക്ഷൻ കൺട്രോളർ: എം.രഞ്ജിത്, ക്രീയേറ്റീവ് വിഷനറി ഹെഡ്: ബോണി അസ്സനാർ, കലാസംവിധാനം: ബോബൻ, കോസ്റ്റ്യൂംസ്: സതീശൻ എസ്.ബി, മേക്കപ്പ്: സി.വി. സുദേവൻ, കൊറിയോഗ്രാഫി: കല, ബൃന്ദ, അറ്റ്മോസ് മിക്സ്:ഹരിനാരായണൻ, കളറിസ്റ്റ്: ഷാൻ ആഷിഫ്, ഡിസ്ട്രിബ്യൂഷൻ: കോക്കേഴ്സ് മീഡിയ എന്റർടൈൻമെന്റ്സ്, പ്രോജക്ട് മാനേജ്മെൻ്റ്: ജിബിൻ ജോയ് വാഴപ്പിള്ളി,സ്റ്റുഡിയോ: ഹൈ സ്റ്റുഡിയോ, മാർക്കറ്റിംഗ്: ഹൈപ്പ്, പി.ആർ.ഒ: പി.ശിവപ്രസാദ്, പബ്ലിസിറ്റി ഡിസൈൻസ്: അർജുൻ മുരളി, സൂരജ് സൂരൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.