മലയാള സിനിമയുടെ 'സീന്‍ മാറുമോ'? എങ്ങനെയുണ്ട് 'മഞ്ഞുമ്മല്‍ ബോയ്‍സ്'? ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ

Published : Feb 22, 2024, 12:31 PM ISTUpdated : Feb 22, 2024, 01:30 PM IST
മലയാള സിനിമയുടെ 'സീന്‍ മാറുമോ'? എങ്ങനെയുണ്ട് 'മഞ്ഞുമ്മല്‍ ബോയ്‍സ്'? ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ

Synopsis

യുവനിരയിലെ ശ്രദ്ധേയ സംവിധായകന്‍ ചിദംബരമാണ് സംവിധാനം

സൂപ്പര്‍താര സാന്നിധ്യമില്ലാതെതന്നെ റിലീസിന് മുന്‍പ് ഹൈപ്പ് സൃഷ്ടിക്കുന്ന ചിത്രങ്ങള്‍ അപൂര്‍വ്വമാണ്. അത്തരത്തിലൊന്നാണ് ഇന്ന് തിയറ്ററുകളിലെത്തിയ മഞ്ഞുമ്മല്‍ ബോയ്സ്. യുവതാരനിരയെ അണിനിരത്തി ചിദംബരം സംവിധാനം ചെയ്തിരിക്കുന്ന ചിത്രം സര്‍വൈവല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. റിലീസിന് മുന്‍പ് ഒറ്റ ദിവസത്തെ അഡ്വാന്‍സ് ബുക്കിംഗിലൂടെ മാത്രം ചിത്രം നേടിയത് ഒന്നര കോടിയ്ക്ക് അടുത്താണെന്ന് പറഞ്ഞാല്‍ ചിത്രം നേടിയ പ്രേക്ഷകശ്രദ്ധ എത്രയെന്ന് മനസിലാവും. ആദ്യ ഷോകള്‍ക്കിപ്പുറം ലഭിക്കുന്ന പ്രേക്ഷകാഭിപ്രായങ്ങളിലേക്കായിരുന്നു മലയാള സിനിമാ വ്യവസായത്തിന്‍റെ ശ്രദ്ധ മുഴുവനും. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷകരുടെ ആദ്യ അഭിപ്രായങ്ങള്‍ പുറത്തെത്തിയിരിക്കുകയാണ്.

വന്‍ ഹൈപ്പ് നേടിയ ചിത്രങ്ങള്‍ ആദ്യ ദിനം തന്നെ വീഴുക പതിവാണ്. എന്നാല്‍ മഞ്ഞുമ്മല്‍ ബോയ്സിന്‍റെ കാര്യത്തില്‍ അത്തരം ആശങ്കകള്‍ക്ക് ഇടയില്ലെന്ന് സൂചിപ്പിക്കുന്നതാണ് പ്രേക്ഷകരുടെ ആദ്യ പ്രതികരണങ്ങള്‍. യുവാക്കളുടെ ഫ്രണ്ട്ഷിപ്പ് വൈബ് അനുഭവിപ്പിക്കുന്ന ചിത്രം മികച്ച സര്‍വൈവല്‍ ത്രില്ലര്‍ എന്ന നിലയിലേക്ക് ടെന്‍ഷന്‍റെ ഗിയര്‍ ഷിഫ്റ്റ് ചെയ്യുന്നുണ്ടെന്നും മികച്ച തിയറ്റര്‍ അനുഭവമാണെന്നും ആദ്യ ഷോ കണ്ട പ്രേക്ഷകര്‍ പറയുന്നു. സുഷിന്‍ ശ്യാമിന്‍റെ സംഗീതത്തിനും കൈയടികളുണ്ട്. മലയാള സിനിമ അതിന്‍റെ ഏറ്റവും നല്ല കാലത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുന്നുവെന്ന് സൗത്ത്‍വുഡ് എക്സില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു. 

 

ഓരോ സാങ്കേതിക മേഖലയിലും ലോകോത്തര മികവ് അനുഭവിപ്പിക്കുന്ന ചിത്രം ഛായാഗ്രഹണത്തിലും പ്രൊഡക്ഷന്‍ ഡിസൈനിലും ഒരു ചുവട് മുന്നില്‍ നില്‍ക്കുന്നുവെന്ന് അരവിന്ദ് എന്ന പ്രേക്ഷകര്‍ കുറിക്കുന്നു. ചില രംഗങ്ങള്‍ എങ്ങനെ യാഥാര്‍ഥ്യമാക്കിയെന്ന് അത്ഭുതം തോന്നുമെന്നും. ചിത്രത്തിന്‍റെ ആദ്യ പകുതി പിന്നിട്ടപ്പോള്‍ത്തന്നെ മികച്ച പ്രതികരണങ്ങളാണ് എക്സിലും യുട്യൂബിലും എത്തിയത്. ആദ്യ ഷോകളിലൂടെത്തന്നെ പോസിറ്റീവ് അഭിപ്രായം നേടിയതോടെ മലയാളത്തില്‍ അടുത്ത ഹിറ്റ് അതിന്‍റെ യാത്ര ആരംഭിക്കുന്നുവെന്ന വിലയിരുത്തലിലാണ് ട്രേഡ് അനലിസ്റ്റുകള്‍. പ്രേമലു, ഭ്രമയുഗം എന്നീ ഹിറ്റുകള്‍ക്ക് പിന്നാലെ മഞ്ഞുമ്മല്‍ ബോയ്സ് കൂടി മികച്ച അഭിപ്രായം നേടുന്നത് തിയറ്റര്‍ വ്യവസായത്തിന് വലിയ നേട്ടമാണ് സമ്മാനിക്കുക.

 

സമീപകാലത്ത് ഏറ്റവും കുറവ് പ്രൊമോഷണല്‍ മെറ്റീരിയലുകളിലൂടെ വമ്പന്‍ പ്രീ റിലീസ് ഹൈപ്പ് നേടിയ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലിംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഒരു സര്‍വൈവല്‍ ത്രില്ലര്‍ ആണ്. കൊടൈക്കനാലിലെ ഗുണ കേവ്സിലേക്കുള്ള യാത്ര പശ്ചാത്തലമാക്കുന്ന, യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കുന്ന ചിത്രമാണിത്.

ALSO READ : വിറ്റത് 95,134 ടിക്കറ്റുകള്‍! ആദ്യ ഷോയ്ക്ക് മുന്‍പേ 'മഞ്ഞുമ്മല്‍ ബോയ്‍സ്' നേടിയ കളക്ഷന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

PREV
Read more Articles on
click me!

Recommended Stories

മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്
'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും