'മഞ്ഞുമ്മല്‍ ബോയ്‍സ്' ഒടിടിയിലേക്ക്; എത്തുക ഈ പ്ലാറ്റ്‍ഫോ‍മില്‍, ഒഫിഷ്യല്‍ പ്രഖ്യാപനം

By Web TeamFirst Published Apr 25, 2024, 8:30 AM IST
Highlights

ജാന്‍ എ മന്‍ എന്ന സൂപ്പര്‍ഹിറ്റിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രം

മലയാള സിനിമയിലെ എക്കാലത്തെയും വലിയ സാമ്പത്തിക വിജയമായി മാറിയ ചിത്രം മഞ്ഞുമ്മല്‍ ബോയ്സ് ഒടിടി റിലീസിന് ഒരുങ്ങുന്നു. മലയാള സിനിമയിലെ ആദ്യ 200 കോടി ക്ലബ്ബ് ചിത്രമാണിത്. പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം എത്തുക. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്. കന്നഡ, ഹിന്ദി ഭാഷകളിലും ഒടിടിയിലൂടെ ചിത്രം കാണാനാവും. മറുഭാഷാ ട്രെയ്‍ലറുകളും ഹോട്ട്സ്റ്റാര്‍ പുറത്തുവിടുന്നുണ്ട്. അതേസമയം റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

ജാന്‍ എ മന്‍ എന്ന സൂപ്പര്‍ഹിറ്റിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ ചിത്രീകരണ സമയത്തേ അത്യാവശ്യം പ്രേക്ഷകശ്രദ്ധ നേടിയ പ്രോജക്റ്റ് ആയിരുന്നു മഞ്ഞുമ്മല്‍ ബോയ്സ്. ഒരു അഭിമുഖത്തില്‍ ചിത്രം മലയാള സിനിമയുടെ സീന്‍ മാറ്റുമെന്ന് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ കൂടിയായ സുഷിന്‍ ശ്യാം പറഞ്ഞത് വന്‍ പബ്ലിസിറ്റി നല്‍കി. എന്നാല്‍ ചിത്രം ഏത് ഗണത്തില്‍ പെടുന്ന ചിത്രമാണെന്ന് പ്രേക്ഷകര്‍ക്ക് അറിവുണ്ടായിരുന്നില്ല. റിലീസിന് മുന്‍പായെത്തിയ ട്രെയ്‍ലറിലൂടെയാണ് ഇതൊരു സര്‍വൈവല്‍ ത്രില്ലര്‍ ആണെന്നും യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രമാണെന്നുമൊക്കെ പ്രേക്ഷകര്‍ അറിയുന്നത്. 

പിന്നീടങ്ങോട്ട് ചിത്രത്തിന് മികച്ച ഹൈപ്പ് ലഭിച്ചു. റിലീസിന് ഒരു ദിവസം മുന്‍പ് മാത്രമാണ് അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചതെങ്കിലും മികച്ച ബുക്കിംഗ് ആണ് ചിത്രം നേടിയത്. ഫെബ്രുവരി 22 നായിരുന്നു റിലീസ്. ആദ്യദിനം തന്നെ മസ്റ്റ് വാച്ച് എന്ന അഭിപ്രായം നേടിയതോടെ ചിത്രം തിയറ്ററുകളിലെ കുതിപ്പ് തുടങ്ങി. തമിഴ്നാട്ടിലും മലയാള സിനിമയുടെ സീന്‍ മാറ്റി ഈ ചിത്രം. 50 കോടിക്ക് മുകളില്‍ തമിഴ്നാട്ടില്‍ നിന്ന് മാത്രം നേടാനായി മഞ്ഞുമ്മല്‍ ബോയ്സിന്. 

ALSO READ : മിഥുന്‍ മുകുന്ദന്‍റെ സംഗീതം; 'പവി കെയര്‍ടേക്കറി'ലെ വീഡിയോ സോംഗ്

click me!