
മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് നടൻ മനോജ് കെ ജയൻ. ലണ്ടനിൽ വച്ച് മമ്മൂട്ടിയെ കണ്ടപ്പോഴെടുത്ത ഫോട്ടോയാണ് മനോജ് ഷെയർ ചെയ്തിരിക്കുന്നത്. മമ്മൂക്ക വളരെ സന്തോഷവാനായി, ആരോഗ്യവാനായിരിക്കുന്നുവെന്നും ദൈവത്തിനു നന്ദിയെന്നും മനോജ് ഫോട്ടോകൾക്കൊപ്പം കുറിച്ചു.
"ലണ്ടൻ പഴയ ലണ്ടൻ അല്ലായിരിക്കാം..,പക്ഷേ ബിലാല് പഴയ ബിലാല് തന്നെയാണ്. പ്രിയപ്പെട്ട മമ്മൂക്കയെ ലണ്ടനിൽ വച്ച് കഴിഞ്ഞദിവസം കണ്ടപ്പോൾ..ഒരുപാട് സന്തോഷം. മമ്മൂക്ക വളരെ സന്തോഷവാനായി., ആരോഗ്യവാനായിരിക്കുന്നു. ദൈവത്തിനു നന്ദി", എന്നായിരുന്നു മനോജ് കെ ജയന്റെ വാക്കുകൾ. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. "ഈ ബിലാലിനെ നമ്മുക്ക് വേണം. എന്നും നിത്യഹരിത ബിലാൽ ആയി. ഒരുപാട് സന്തോഷം", എന്നൊക്കെയാണ് കമന്റുകൾ.
'പേട്രിയറ്റ്' എന്ന സിനിമയുടെ ഭാഗമായാണ് മമ്മൂട്ടി ലണ്ടനിലെത്തിയത്. മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിൽ മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ജിനു ജോസഫ്, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, ദര്‍ശന രാജേന്ദ്രന്‍, സെറീന്‍ ഷിഹാബ് തുടങ്ങിയവര്‍ക്കൊപ്പം മദ്രാസ് കഫേ, പത്താന്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിന്റെ താരനിരയിലുണ്ട്. ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ്.
സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമ്മാണം നിർവഹിക്കുന്നത്. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. ചിത്രത്തിന്റെ കഥയും തിരക്കഥയും മഹേഷ് നാരായണന്റേതാണ്. മലയാളത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ചിത്രമായാണ് ഈ പ്രൊജക്റ്റ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ടീസർ നാളെ ഉച്ചയ്ക്ക് 12 മണിക്ക് പുറത്തു വരും. ശ്രീലങ്ക, അസർബൈജാൻ, ഡൽഹി, ഷാർജ, കൊച്ചി, ലഡാക്ക് എന്നിവിടങ്ങളിൽ ആയാണ് ചിത്രത്തിന്റെ മുൻ ഷെഡ്യൂളുകൾ പൂർത്തിയാക്കിയത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ