
പാര്‍വതി നായികയായി പ്രദര്‍ശനത്തിന് എത്തിയ ഉയരെ തിയേറ്ററില്‍ വൻ വിജയമാണ് നേടിയത്. സംവിധായകൻ രാജേഷ് പിള്ളയുടെ സഹസംവിധായകനായിരുന്ന മനു അശോകനായിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. ചിത്രം ഇപ്പോള്‍ നൂറ് ദിവസം പിന്നിടുകയാണ്. ചിത്രത്തിന്റെ വിജയാഘോഷത്തില്‍ നന്ദി അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മനു അശോകൻ.
മനു അശോകന്റെ ഫേസ്ബുക്ക് പോസ്റ്റ്
‘മോന് ഹിന്ദി അറിയാമോ?’, കരിയറിലെയും ജീവിതത്തിലെയും വഴിത്തിരിവായ രാജേഷേട്ടന്റെ (രാജേഷ് രാമൻ പിളള) എന്നോടുള്ള ആദ്യത്തെ ചോദ്യം. ട്രാഫിക് സിനിമയുടെ ഹിന്ദി പതിപ്പില്‍ അസോസിയേറ്റ് ഡയറക്ടർ ആയി മുംബൈയിലേക്ക്. അഞ്ചാറ് വർഷത്തെ കഷ്ടപ്പാടിനൊടുവിൽ കിട്ടിയ വലിയ അവസരം. രാജേഷേട്ടനുമായി സിനിമയ്ക്കും അപ്പുറത്തുള്ള ബന്ധം. മേഘേച്ചി (മേഘ രാകേഷ്), അഛൻ, രേഘേച്ചി അങ്ങനെപലരും ജീവിതത്തിലേയ്ക്ക് വന്നു.
ആ പടം കഴിഞു, വീണ്ടും മുന്നോട്ട്.... എങ്ങനെയെങ്കിലും സിനിമ ചെയ്യണം എന്ന അപക്വമായ ചിന്തകൾ, ശ്രമങ്ങൾ....ആ മനുഷ്യൻ പിന്നെയും ട്വിസ്റ്റ് തരാൻ വേണ്ടി വിളിച്ചു ‘ഈ പടം കഴിഞ്ഞാൽ പിന്നെ ഞാൻ ഇനി സിനിമ ചെയ്യുമോ എന്നറിയില്ല , മോൻ വർക്ക് ചെയ്യണം എന്റെ കൂടെ'. രാജേഷേട്ടന്റെ അവസാന ചിത്രമായ വേട്ട. റിലീസിന്റെ പിറ്റേദിവസം ഞങ്ങളെ ഒക്കെ പറ്റിച്ച് പിള്ളേച്ചൻ പോയി.
ബ്ലാക്ക് ഔട്ട് ആയി നടക്കുന്ന സമയം. അവള്‍ , ശ്രീയ അരവിന്ദ് ഫുൾ സ്വിങിൽ കൂടെ നിന്നു. പാവത്തിന് നല്ല ടെൻഷൻ ഉണ്ടായിരുന്നു. കൂടെ അച്ഛനമ്മമാരും...അവരൊക്കെ കുറെ കാലമായി ഇതേ ടെൻഷനിലാണ്...ജീവിതത്തിലെ മൂന്നാമത്തെ ട്വിസ്റ്റ് എലമെന്റും കൂടി തന്നിട്ടായിരുന്നു രാജേഷേട്ടൻ പോയത്. ബോബി ആൻഡ് സഞ്ജയ്. ഏത് പുതുമുഖ സംവിധായകന്റെയും ഡ്രീം റൈറ്റേർസ്.
എന്നെപ്പറ്റി നല്ല ഫീഡ്ബാക്ക് അവർക്ക് പിള്ളേച്ചൻ കൊടുത്തിരുന്നു. ആദ്യം പരിചയപ്പെട്ടത് സഞ്ജു ഏട്ടനെ ആണ്. കഥകൾ രണ്ടു മൂന്നെണ്ണം പറഞ്ഞു. അവർക്ക് സ്ക്രിപ്റ്റ് എഴുതാൻ സമയം ഇല്ലാരുന്നു. മറ്റു ചിത്രങ്ങളുടെ പണിപ്പുരകളിൽ തിരക്കിലായിരുന്നു. പക്ഷേ ഒരു ദിവസം രാവിലെ എനിക്ക് സഞ്ജു ഏട്ടന്റെ കോൾ വന്നു. ഞങ്ങൾ എഴുതാം മനുവിന് വേണ്ടി എന്ന്.... എണീറ്റൊരോട്ടം ആരുന്നു സഞ്ജു ഏട്ടന്റെ ഫ്ലാറ്റിലേക്ക്.... സൗഹൃദം ഒക്കെ ഉണ്ടെങ്കിലും എങ്ങനെ ഇവരെ ഡീൽ ചെയ്യും എന്നറിയില്ലായിരുന്നു.
ഫെസ്റ്റിവൽ ലെറ്റേർസിൽ പങ്കെടുക്കാൻ ഞങ്ങൾ ഒരുമിച്ച് ഒരു യാത്ര. തെറിയുടെ രാഷ്ട്രീയം എന്ന ഒറ്റ സെഷൻ ...ഐസ് ബ്രേക്കിങ് സംഭവിക്കാൻ അതിലും വലിയ ഒന്നും കിട്ടാനില്ലായിരുന്നു. അതിനു ശേഷം ആണ് ബോബി ചേട്ടനെ (ബോബി ചെറിയാൻ) കിട്ടുന്നത്...രണ്ടും രണ്ട് ഐറ്റം ആണ്....പഠിക്കുന്ന കോളജിലെ പ്രൊഫസ്സർ ആണ് ബോബി ചേട്ടൻ എങ്കിൽ അതെ കോളജിലെ സീനിയർ ചേട്ടൻ ആണ് സഞ്ജു ഏട്ടൻ. പിന്നെ രണ്ടു പേരുടെയും കൂടെ യാത്രകൾ...ചർച്ചകൾ...അതിലേവിടെയോ ഞങ്ങൾക് കിട്ടിയ സിനിമ ... ഉയരെ...
പി വി ഗംഗാധരൻ സാറും മക്കളായ ഷേനുഗ, ഷെഗ്ന, ഷേർഗ എന്നീ ചേച്ചിമാരും കൂടെ വന്നപ്പോൾ കാര്യം നല്ല സ്ട്രോങ്ങ് ആയി. പാർവതി , ടൊവീനോ, ആസിഫ്, സിദ്ധിഖ് ഇക്ക, കറിയാച്ചൻ അങ്കിൾ, പ്രതാപ് പോത്തൻ സാർ, ഭഗത് മാനുവൽ അങ്ങനെ തുടങ്ങി ചെറുതും വലുതുമായ ഒരുപാട് പേർ.....എല്ലാവരും ഒരുമിച്ച് നിന്ന 55 ദിവസത്തെ ചിത്രീകരണം. ദിവസങ്ങൾ മാത്രമല്ല പാതിരാത്രികൾ കൂടി.....
ആ കഷ്‍ടപ്പാടിന്റെ ഫലം, ‘ഉയരെ’ റിലീസ് ആയിട്ട് 101–മത്തെ ദിവസം ആണിന്ന്... സ്വപ്നം കണ്ടത്തിനുമപ്പുറം എന്നെ കൊണ്ടെത്തിച്ചതിന്..ഒരു പാട് നന്ദി..നന്ദി..
എന്റെ കുഞ്ഞു ശ്രീയ അരവിന്ദ് , കുഞ്ഞി, പിള്ളേച്ചൻ, മേഘചേച്ചി ബോബി ചേട്ടൻ, സഞ്ജു ഏട്ടൻ , അഞ്ജനേച്ചി, എന്റെ കൂടെ കട്ടയ്ക്കു നിന്ന എന്റെ ഡയറക‌്‌ഷൻ ടീം, സനീഷ്, ശ്യാം മോഹൻ–ശ്യാം, ശരത്തേട്ടൻ, എന്റെ ചുട്ടി, ശിൽപ-, അശ്വിൻ, കിരൺ.. എല്ലാവരോടും സ്നേഹം...നിങ്ങളായിരുന്നു സെറ്റിലെ എന്റെ ധൈര്യം.
പാട്ടു പാടി തോൽപ്പിക്കുക ..അതായിരുന്നു ഗോപിച്ചേട്ടൻ....നീ മുകിലോ ആദ്യം കേട്ടപ്പോ തന്നെ ഞാൻ തോറ്റു...പിന്നെ രണ്ടു പാടുകൾ ബിജിഎം, റി റെക്കോർഡിങ്..ഉയരയെ വീണ്ടും ഉയരത്തിലേയ്ക്ക് കൊണ്ടുപോയത് ഗോപിച്ചേട്ടന്റെ സംഗീതമാണ്. താങ്ക്‌യൂ ഗോപിച്ചേട്ടാ ..
ചാലക്കുടി യാത്രയിൽ എനിക്ക് കിട്ടിയ എന്റെ ഛായാഗ്രാഹകൻ മുകേഷ്, പിന്നെ മുകേഷിന്റെ പട്ടാളം ഷിനോസ്, സുമേഷ്, അഖിൽ, കൂടെ ഫോക്കസിന്റെ രാജാവ് ദീപക് ഏട്ടൻ, എന്തുപറഞ്ഞാലും നോക്കാം ചെയ്യാം എന്നു മാത്രം പറഞ്ഞ് ഒടുവിൽ വട്ടായി , ആ വട്ട് കാണാതിരിക്കാൻ തലയിൽ തൊപ്പി വെച്ച് നടക്കുന്ന ആർട്ട് ഡയറക്ടർ, അനീഷേട്ടൻ, റോണി, മനു, തമ്പാൻ , രാജേഷ് , ചന്ദ്രൻ, അജി , രമേശേട്ടൻ...പിന്നേം ഒരുപാട് പേർ...
ഷാജി പുൽപള്ളി, വേട്ട യിൽ പരിചയപ്പെട്ടതാണ്. വിളിച്ചപ്പോൾ ഓടി വന്നു. മേക്ക്അപ് ടീം , സ്പെഷൽ എഫക്ട് ടീം എല്ലാവർക്കും നന്ദി. കുഞ്ഞപ്പൻ പാതാളം, സജി ചേട്ടൻ, ബിജു ചേട്ടൻ , വാസു ഏട്ടൻ, ജ്യോതിഷ് നന്ദി എന്നെയും കുഞ്ഞുവിന്റെയും. സജി ജോസഫ്, നിങ്ങടെ മുഖത്ത് നോക്കി ചൂടാവാൻ കൂടീ പറ്റില്ല. കൂടാതെ ബിനു തോമസ്, നീ സൂപ്പറാടാ.... ഷമീജ് , രാധാകൃഷ്ണൻ നന്ദി...
സ്വന്തം പടത്തിന്റെ തിരക്കുണ്ടായിട്ട് കൂടി ഒരുപാട് സമയം എനിക്ക് തന്ന എഡിറ്റർ മഹേഷേട്ടൻ .. കൂടെ രാത്രിയും, പകലും എപ്പോ വിളിച്ചാലും എണീറ്റ് വർക് ചെയ്യുന്ന രാഹുൽ. ചങ്കിടിപ്പിന്റെ അവസാനനാളുകളിൽ തിരുവനന്തപുരം വിസമയയിൽ ഓടി നടന്നു മിക്സ് ചെയ്ത കോമ്രേഡ് വിഷ്ണു–ശ്രീശങ്കർ, നിക്സൺ, രാഹുല്‍, മണി നന്ദി പറഞ്ഞാലും തീരില്ല...
‘പൈസ നോക്കണ്ട, റിസൽ മാത്രം നോക്കിയാൽ മതി. അതുമാത്രം മതി’. എന്നത് ധൈര്യത്തോടെ എന്നോട് പറഞ്ഞ എന്റെ പ്രൊഡ്യൂസേഴ്സ്... എങ്ങനെ ഈ ധൈര്യം കിട്ടി നിങ്ങൾക്ക്, ഒരു പരിചയവുമില്ലാത്ത എനിക്ക് ഈ പടം തരാൻ. പിന്നെ നിങ്ങളെ പറഞ്ഞിട്ട് കാര്യമില്ല, അച്ഛൻ പണ്ടേ ഇതൊക്കെ പഠിപ്പിച്ച് തന്നതാണല്ലൊ.. എത്ര പറഞ്ഞാലും തീരാത്ത നന്ദി ആ അച്ഛനും അമ്മയ്ക്കും ഈ മക്കൾക്കും...
അവസാനമായി ഈ 101–മത്തെ ദിവസം ഇങ്ങനെ ഒരു പോസ്റ്റ് ഇടാൻ എനിക്ക് അവസരം തന്ന, ഉയരെ കണ്ടു ചിരിച്ച , കരഞ്ഞ, ചിന്തിച്ച എല്ലാ പ്രേക്ഷകർക്കും ഒരായിരം ആയിരം നന്ദി....
ഉയരേ...ഉയരെ
മനു അശോകൻ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ