
തിരുവനന്തപുരം: ഇരുപത്തിയേഴാം കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ബൊളീവിയൻ ചിത്രം ഉതാമക്ക് മികച്ച ചിത്രത്തിനുള്ള സുവർണചകോരം നേടി. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കത്തിനാണ് മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്കാരം. മാധ്യമപുരസ്കാരങ്ങളിൽ ഏഷ്യാനെറ്റ് ന്യൂസ് തിളങ്ങി മികച്ച ദൃശ്യമാധ്യമപ്രവര്‍ത്തകയ്ക്കുള്ള പുരസ്കാരം ഏയ്ഞ്ചൽ മേരി മാത്യുവും, ക്യാമറാമാനുള്ള പുരസ്കാരം രാജീവ് സോമശേഖരനും സ്വന്തമാക്കി.
വരൾച്ചയെ അഭിമുഖീകരിക്കുന്ന വൃദ്ധ ദമ്പതികളെ സന്ദർശിക്കുന്ന ചെറുമകൻ്റെ കഥ പറഞ്ഞ ഉതാമയ്ക്ക് ആണ് സുവർണ ചകോരം ലഭിച്ചത്. മികച്ച സംവിധായകനുള്ള രജത ചകോരം നേടിയത് കെർ ഒരുക്കിയ ടർക്കിഷ് സംവിധായകൻ തൈഫൂൺ പിർസെയാണ്. മികച്ച നവാഗത സംവിധായകനുള്ള രജതചകോരവും മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും അറബിക് ചിത്രമായ ആലം നേടി. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം മഹേഷ് നാരായണൻ സംവിധാനം ചെയ്ത അറിയിപ്പിനാണ്.
റോമി മെയ്തെയ് സംവിധാനം ചെയ്ത അവർ ഹോമിനാണ് മികച്ച ചിത്രത്തിനുള്ള ഫിപ്രസി രാജ്യാന്തര പുരസ്‌കാരം. അവർ ഹോം നെറ്റ്പാക് സ്‌പെഷ്യൽ ജൂറി പരാമർശവും നേടി. ഇന്ദു വി എസിനാണ് മികച്ച മലയാളത്തിലെ മികച്ച നവാഗത സംവിധായകനുള്ള ഫിപ്രസി പുരസ്‌കാരം ചിത്രം 19 (1 )(എ) നേടി. ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള എഫ്.എഫ്എസ്.ഐ - കെ.ആര്‍ മോഹനന്‍ പുരസ്‌കാരം. അമർ കോളനിയുടെ സംവിധായകൻ സിദ്ധാർഥ് ചൗഹാനാണ്.
സമാപന സമ്മേളനത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രജ്ഞിത്തിനെ കാണികൾ കൂവിവിളിച്ചു. നൻപകൽ നേരത്ത് മയക്കത്തിന് ടിക്കറ്റ് കിട്ടാത്തതിന് പ്രതിഷേധിച്ചവർക്കെതിരായ കേസും ഓൺലൈൻ ബുക്കിംഗ് തകരാറുകളും ആണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന് നേരെ കൂവലിന് കാരണം. എന്നാൽ കൂക്കുവിളിച്ചവരെ താൻ 1977-ലെ എസ്എഫ്ഐ ആണെന്ന് ഓര്‍മ്മിപ്പിച്ച് രഞ്ജിത്ത് വായടിപ്പിച്ചു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ