
കേരള രാജ്യാന്തര ചലച്ചിത്ര മേളയ്‌ക്കെത്തുന്ന ചലച്ചിത്ര പ്രേമികളുടെ ആരോഗ്യ സുരക്ഷക്കായി തിരുവനന്തപുരം ജനറൽ ആശുപത്രിയുടെ നേതൃത്വത്തിൽ മെഡിക്കൽ എയ്ഡ് പോസ്റ്റ് പ്രവർത്തനസജ്ജം.
മേളയുടെ അവസാന ദിനമായ വെള്ളിയാഴ്ച്ച വരെ മുഖ്യ വേദിയായ ടാഗോർ തിയ്യറ്ററിൽ എയ്ഡ് പോസ്റ്റിന്റെ സേവനമുണ്ട്. ജനറൽ ആശുപത്രിയിൽ നിന്നുള്ള നാല് ജീവനക്കാർക്ക് പുറമെ ആംബുലൻസ് യൂണിറ്റും രണ്ട് അധിക ജീവനക്കാരുമടങ്ങുന്ന സംഘമാണ് മെഡിക്കൽ സെല്ലിലുള്ളത്.
മേളയ്ക്കിടെ പ്രതിനിധികൾക്കുണ്ടാകുന്ന ക്ഷീണം, പനി, ജലദോഷം, ചുമ തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകൾക്ക് പ്രാഥമിക ചികിത്സ ലഭ്യമാണ്. ആശുപത്രികളിൽ നേരിട്ട് പോകാൻ ബുദ്ധിമുട്ടുള്ളവർക്ക് പെട്ടെന്ന് ലഭ്യമാക്കേണ്ട മരുന്നുകൾ ഇവിടെ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. തുമ്മലും മറ്റ് അലർജി സംബന്ധമായ അസ്വസ്ഥതകളുമായി എത്തുന്നവർക്കും പനിയോ ശരീരവേദനയോ ഉള്ളവർക്ക് താപനില പരിശോധിച്ച ശേഷം വേണ്ട മരുന്നുകൾ നൽകും. കൂടാതെ മരുന്നുകളെ സംബന്ധിച്ച നിർദ്ദേശങ്ങളും ആരോഗ്യപ്രവർത്തകർ നൽകുന്നുണ്ട്.
രക്തസമ്മർദ്ദത്തിൽ വ്യതിയാനം അനുഭവപ്പെടുന്നവർക്കായി ബി.പി. പരിശോധിക്കാനുള്ള സൗകര്യവുവുമുണ്ട്. നിലവിൽ നഴ്‌സിംഗ് ഓഫീസർമാർ, നഴ്‌സിംഗ് അസിസ്റ്റന്റുമാർ എന്നിവരുടെ സേവനം ലഭ്യമാണ്.
പരിശോധനയ്ക്ക് ശേഷം തുടർചികിത്സ ആവശ്യമുള്ളവരെ ആംബുലൻസിൽ ആശുപത്രിയിലെത്തിക്കുകയും ചെയ്യും. മേളയുടെ സമാപനം വരെ സിനിമയുടെ തിരക്കുകൾക്കിടയിലും ഡെലിഗേറ്റുകളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുകയാണ് ഈ മെഡിക്കൽ സംഘം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ