'അമ്മയിലെ മെമ്മറി കാര്‍ഡ് വിവാദം തെരഞ്ഞെടുപ്പ് തന്ത്രം'; ശക്തർക്കെതിരെ പറയുമ്പോഴുള്ള ആക്രമണമെന്ന് മാലാ പാർവതി

Published : Aug 05, 2025, 01:49 AM IST
Maala Parvathi

Synopsis

2018 മുതൽ 2025 വരെയുള്ള ഒരു ജനറൽ ബോഡിയിലും ആരും വിഷയം ഉന്നയിച്ചിട്ടില്ലെന്നും ഐസി അംഗമായിരുന്ന തന്‍റെ മുന്നിലും പരാതി വന്നിട്ടില്ലെന്നും മാലാ പാർവതി

കൊച്ചി: താര സംഘടനയായ അമ്മയിലെ മെമ്മറി കാര്‍ഡ് വിവാദം തെരഞ്ഞെടുപ്പ് തന്ത്രമെന്ന് നടി മാലാ പാര്‍വതി. 2018 മുതല്‍ 2025 വരെ ഒരു ജനറല്‍ ബോഡിയിലും വിഷയം ഉന്നയിച്ചിട്ടില്ലെന്നും ഐസി അംഗമായിരുന്ന തന്‍റെ മുന്നിലും പരാതി വന്നിരുന്നില്ലെന്നും മാലാ പാര്‍വതി ഫേസ് ബുക്കില്‍ കുറിച്ചു. ഹേമാ കമ്മറ്റിക്ക് മുന്നിലും ഇങ്ങനെയൊരു പ്രശ്നം പറഞ്ഞതായി കണ്ടില്ലെന്നും മാല പാർവതി പറയുന്നു.

പൊന്നമ്മ ബാബു, പ്രിയങ്ക, ഉഷ തുടങ്ങിയവരാണ് കഴിഞ്ഞ ദിവസങ്ങളിൽ ആരോപണവുമായി രംഗത്തു വന്നത്. നടിമാർ ദുരനുഭവങ്ങൾ പറഞ്ഞ വീഡിയോ അടങ്ങിയ മെമ്മറി കാർഡ് കുക്കു പരമേശ്വരന്‍റെ കയ്യിലാണ് എന്നായിരുന്നു ആരോപണം. എന്നാൽ കുക്കു പരമേശ്വരൻ അന്ന് ഒരു കമ്മറ്റിയിലും ഉണ്ടായിരുന്നില്ല എന്നാണ് മാലാ പാർവതി പറയുന്നത്.

ആരോപണ വിധേയനായതുകൊണ്ട് ബാബുരാജ് മാറി നിൽക്കണമെന്ന് താൻ പറഞ്ഞിരുന്നു. അന്നേ പണി വരുന്നുണ്ട് എന്ന് തോന്നി. ശക്തര്‍ക്കെതിരെ പ്രതികരിക്കുമ്പോള്‍ ഭീഷണികള്‍ സ്വാഭാവികമാണ് എന്നും ഇപ്പോഴത്തെ ആരോപണം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കുക്കു പരമേശ്വരനെ തോൽപ്പിക്കാനാണ് എന്നും മാലാ പാർവതി പ്രതികരിച്ചു.

മാലാ പാർവതിയുടെ കുറിപ്പിന്‍റെ പൂർണരൂപം

അമ്മയിലെ ഇലക്ഷനും അതിനോട് അനുബന്ധിച്ച് നടക്കുന്ന വിവാദങ്ങളും മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. മെമ്മറി കാർഡാണ് പുതിയ വിവാദം. അമ്മയുടെ വാർത്തകൾ ദിവസേന എന്ന രീതിയിൽ നൽകുന്ന ഒരു യൂ ട്യൂബർ പറഞ്ഞാണ് ആദ്യം ഇതിനെ കുറിച്ച് കേൾക്കുന്നത്. പിന്നെ ഉഷ ഹസീന ഹോളി ഡേ ഇന്നിൽ നടന്ന മീറ്റിംഗിനെ കുറിച്ച് പറയുകയുണ്ടായി. വിഷയത്തെ കുറിച്ച് കൂടുതൽ അറിയാൻ പലരെയും വിളിച്ച് വിഷയം തിരക്കി. 12 പേർ ചേർന്ന യോഗം വീഡിയോ ചിത്രീകരിച്ചെന്നും പിന്നീട് മെമ്മറി കാർഡ് കാണാതായെന്നും കുക്കു പരമേശ്വരൻ അതെടുത്ത് വച്ചേക്കുകയാണ് എന്ന ആരോപണവും കേട്ടു. അന്ന് എക്സിക്യുട്ടീവ് കമ്മിറ്റിയിലോ സബ് കമ്മിറ്റിയിലോ കുക്കു ഇല്ല. ഭാരവാഹികൾ പറഞ്ഞിട്ട് സഹായിക്കാനായെത്തിയതല്ലാതെ, വേറെ ബന്ധമില്ല എന്ന് കുക്കു പറഞ്ഞു.

2018 മുതൽ 2025 വരെ ഒരു ജനറൽ ബോഡിയിലും ഇത് ഉന്നയിച്ച് കേട്ടിട്ടില്ല. ഐസി അംഗമായി ചുമതലയെടുത്ത ചുരുങ്ങിയ നാളുകളിലും ഇന്ന് പരാതി ഉന്നയിക്കുന്നവർ ഈ വിഷയം ശ്രദ്ധയിൽ പെടുത്തിയിട്ടില്ല. മാത്രമല്ല കഴിഞ്ഞ വർഷം കുക്കു ഇലക്ഷന് നിന്നപ്പോൾ കുക്കുവിനെ സപ്പോർട്ട് ചെയ്യാൻ ഉഷ ഹസീന മുൻപന്തിയിൽ ഉണ്ടായിരുന്നു. ഹേമ കമ്മിറ്റിയിലോ ഹേമമമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്ന സമയത്തോ ഇങ്ങനെ ഒരു പ്രശ്നം മാധ്യമങ്ങളിൽ കണ്ടതുമില്ല. അങ്ങനെയുള്ള സാഹചര്യത്തിൽ ബാബുരാജിനെ പ്രകീർത്തിച്ച് കൊണ്ട് സംസാരിക്കുന്ന ഉഷ ഹസീനയും പൊന്നമ്മ ബാബുവും പറയുന്ന ആരോപണത്തെ ഇലക്ഷനുമായി ബന്ധപ്പെട്ട തന്ത്രമായാണ് ഞാൻ കാണുന്നത്.

എനിക്കെതിരെ വലിയ ആരോപണങ്ങളാണ് പൊന്നമ്മ ബാബു പറയുന്നത്. ഞാനിതിൽ നിന്ന് പിന്മാറണമെന്ന് പറഞ്ഞ് ആരെയൊക്കെയോ ഇടപെടുത്തി എന്ന്. ഞാൻ അതിശയിക്കുകയാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട ഉഷ ഹസീനയ്ക്ക് ഞാൻ ദിവ്യ അയ്യർ ഐഎസിന്‍റെയും മെറിൻ ജോസഫ് ഐപിഎസിന്‍റെയും നമ്പറുകൾ ഷെയർ ചെയ്ത് കൊടുക്കുകയാണ് ചെയ്തത്. ഇങ്ങനെ ഒരു വിഷയം നടക്കുന്നു എന്ന് അധികാരികളെ അറിയിക്കുകയും ചെയ്തു. അറിയിച്ചിട്ടുണ്ട് എന്ന് പൊന്നമ്മ ബാബുവിന് വോയിസ് നോട്ടും ഇട്ടു. അതവർ പറയും എന്ന് പ്രതീക്ഷ എനിക്കില്ല. സ്ക്രീൻ ഷോട്ട് ഷെയർ ചെയ്യാം.

ബാബുരാജ് ഇലക്ഷന് നിൽക്കരുത് എന്ന് പറഞ്ഞത് വ്യക്തിപരമായിരുന്നില്ല. ആരോപണ വിധേയർ ഇലക്ഷനിൽ നിന്ന് ഒഴിഞ്ഞ് നിൽക്കണമെന്ന അഭിപ്രായക്കാരിയാണ് ഞാൻ. നാമനിർദേശ പത്രിക  പിൻവലിച്ച് അദ്ദേഹം ഇട്ട പോസ്റ്റിനെ, യൂ ട്യൂബർ വ്യാഖ്യാനിച്ച് പറഞ്ഞതിൽ പണി വരുന്നുണ്ട് എന്ന് വ്യക്തമാണ്. ശക്തർക്കെതിരെ നിൽക്കുമ്പോൾ അത് സ്വാഭാവികയുമാണ്. ഇനി വരാനിരിക്കുന്ന വലിയ അറ്റാക്കുകളുടെ മുന്നോടി ആയാണ് ഞാൻ ഈ അറ്റാക്കുകളെ കാണുന്നത്.

നെല്ലും പതിരും തിരിച്ചറിയാൻ കഴിയുന്ന, ചോറുണ്ണുന്ന മലയാളികൾ ഈ നാട്ടിലെ ജനങ്ങളെ വിശ്വാസമുണ്ട്. വരുന്ന വിഷയങ്ങൾ, അറിയുന്ന മുറയ്ക്ക് മറുപടി പറഞ്ഞ് ഞാൻ ഇവിടെ ഉണ്ടാകും. അമ്മയുടെ ഒരു വാട്ട്സാപ്പ് ഗ്രൂപ്പിൽ നിന്നാണ് പല പ്രശ്നങ്ങളും തുടങ്ങുന്നത്. അത് ഇവിടെ വിശദീകരിക്കുന്നില്ല. 

ഇപ്പോഴത്തെ വിവാദം എക്സിക്യൂട്ടിവിലോ സബ് കമ്മിറ്റിയിലോ ഭാരവാഹി അല്ലാത്ത കുക്കുവിനെതിരെ എത്ര ബഹളമുണ്ടാക്കിയിട്ടും എന്ത് കാര്യം എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാവുന്നില്ല. എന്നാൽ ഇതിൽ പ്രശ്നം അനുഭവിക്കുന്നവർ, നിങ്ങളുടെ യുക്തി പോലെ നിയമ സഹായം തേടുക. അല്ലാതെ മാലാ പാർവ്വതി ഇടയ്ക്ക് കയറുന്നു എന്നൊന്നും പറയണ്ട. ഞാൻ ഇതിൽ കക്ഷി അല്ല.വാട്ട്സപ്പ് ഗ്രൂപ്പിലെ അഡ്മിനും യൂ ട്യൂബറും, ഒരുമിച്ച് ഒരു പോലെ പറയുന്ന കാര്യങ്ങൾ ഒരിടത്ത് നിന്ന് ഉത്ഭവിക്കുന്നതാണെന്ന് ഞാൻ നേരത്തെ ശ്രദ്ധിച്ചതാണ്. അത് കൊണ്ട് തന്നെ വെൽ പ്ലാൻഡ് അറ്റാക്ക് ആണ്. നമുക്ക് നോക്കാം. നിയമവും, പോലീസും കോടതിയും നിങ്ങൾക്ക് മാത്രമല്ല ഉള്ളത്..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

പ്രഭാസിന്‍റെ ഹൊറര്‍ ഫാന്‍റസി ചിത്രം; 'രാജാസാബി'ലെ രണ്ടാം ഗാനം എത്തി
ഐഎഫ്എഫ്കെയിൽ നിലപാട് വ്യക്തമാക്കി പ്രിയനന്ദനൻ | IFFK 2025 | Priyanandanan