
ലോസ് ഏഞ്ചലസ്: അന്തരിച്ച വിഖ്യാത പോപ് ഗായകന്‍ മൈക്കിള്‍ ജാക്‌സന്റെ മകള്‍ പാരീസ് ജാക്‌സണ്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൈഞരമ്പ് മുറിക്കാന്‍ ശ്രമിച്ച ഇരുപതുകാരിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്ന വാര്‍ത്തകള്‍ പാരീസ് തള്ളി.
രാവിലെ 7.30 ഓടെയാണ് പാരീസിനെ ആശുപത്രിയിലെത്തിച്ചത്. ലോസ് ഏഞ്ചലസിലെ പാരീസ് ജാക്ക്‌സന്റെ വീട്ടിലായിരുന്നു സംഭവം. ആത്മഹത്യാശ്രമം ആണെന്നു തന്നെയാണ് ആദ്യം പൊലീസിന് കിട്ടിയിരുന്ന വിവരം. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അവര്‍ തയാറായില്ല.
വിനോദവെബ്‌സൈറ്റായ ടിഎം ഇസഡാണ് ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ രൂക്ഷമായ ഭാഷയിലാണ് പാരീസ് വാര്‍ത്തകളോട് പ്രതികരിച്ചത്. മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് പച്ചക്കള്ളമാണെന്നായിരുന്നു പാരീസിന്റെ ട്വീറ്റ്.
മൈക്കിള്‍ ജാക്‌സണ്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളെ പീഡിപ്പിച്ചിരുന്നതായി അടുത്തിടെ പുറത്തിറങ്ങിയ ഒരു ഡോക്യുമെന്ററി വെളിപ്പെടുത്തിയിരുന്നു. 'ലീവിങ് നെവര്‍ലാന്‍ഡ്' എന്ന ഡോക്യുമെന്ററി, എച്ച്ബിഒ സംപ്രേഷണം ചെയ്തതോടെ ജാക്ക്‌സനെതിരെ ലോകമെമ്പാടും വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് മകള്‍ പാരിസ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മൈക്കിള്‍ ജാക്‌സന്റെ പീഡനത്തിരയായ രണ്ട് ആണ്‍കുട്ടികളാണ് ഇപ്പോള്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. തങ്ങള്‍ക്ക് ഏഴും പത്തും വയസ്സുള്ളപ്പോഴാണ് ജാക്‌സണ്‍ അവരെ പീഡിപ്പിച്ചിരുന്നതെന്ന് ഇപ്പോള്‍ അവര്‍ പറയുന്നു. ഡോക്യുമെന്ററി പുറത്തുവന്നതോടെ ഓസ്‌ട്രേലിയയിലും കാനഡയിലും റേഡിയോയില്‍ മൈക്കിള്‍ ജാക്‌സണിന്റെ ഗാനങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നത് നിര്‍ത്തി. ഫ്രഞ്ച് ആഢംബര വസ്ത്രനിര്‍മാതാക്കളായ ലൂയിസ് വ്യൂട്ടണ്‍, വിഖ്യാതഗായകന്റെ പേരില്‍ മാര്‍ക്കറ്റിലെത്തിച്ച വസ്ത്രശ്രേണി നിര്‍ത്തലാക്കി. ഇത്തരം സംഘര്‍ഷങ്ങളിലൂടെ മൈക്കിള്‍ ജാക്‌സണിന്റെ കുടുംബം കടന്നുപോകുന്നതിനിടെയാണ് മകളുടെ ആത്മഹത്യാശ്രമവും ലോകത്തെ പിടിച്ചുലച്ചത്. ചികിത്സയ്ക്ക് ശേഷം പാരീസ് സ്വന്തം വസതിയില്‍ തിരിച്ചെത്തിയിട്ടുണ്ട്.
മുമ്പ് പലവട്ടം ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുള്ള വ്യക്തിയാണ് പാരീസ് ജാക്ക്‌സണ്‍. ചെറുപ്പം മുതലേ മാനസികപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നയാളായാണ് പാരീസ്. റോളിങ് സ്‌റ്റോണ്‍ എന്ന മാഗസിന് നല്‍കിയ ഒരഭിമുഖത്തില്‍ പെണ്‍കുട്ടി തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. 2013 ല്‍ പാരീസ് ആത്മഹത്യയ്ക്ക് ശ്രമിച്ചത് വലിയ വാര്‍ത്തയായിരുന്നു. 2009ലാണ് അമിതമായി ഡ്രഗ് ഉപയോഗിച്ചതിനെ തുടര്‍ന്ന് മൈക്കിള്‍ ജാക്‌സണ്‍ അന്തരിച്ചത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ