
മലയാള സിനിമാസ്വാദകർ ഒന്നടങ്കം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആട് 3. ജയസൂര്യ നായകനായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ലൊക്കേഷനുകളിൽ നിന്നെല്ലാം പുറത്തുവരുന്ന അപ്ഡേറ്റുകൾ ഏറെ ആവേശത്തോടെയാണ് സിനിമാസ്വാദകർ ഏറ്റെടുക്കുന്നത്. അത്തരത്തിൽ സംവിധായകൻ മിഥുൻ മാനുവൽ തോമസ് പങ്കുവച്ചൊരു പോസ്റ്റ് ശ്രദ്ധനേടുകയാണ്. ഒരു എഐ ഫോട്ടോയാണ് മിഥുൻ പങ്കുവച്ചിരിക്കുന്നത്.
'ചുമ്മാ ഒരു എഐ.. ആട് 3 ഷൂട്ടിംഗ് പുരോഗമിക്കുന്നു..', എന്നാണ് ഫോട്ടോയ്ക്ക് ഒപ്പം മിഥുൻ കുറിച്ചിരിക്കുന്നത്. ഫോട്ടോയിൽ 104-ാം ദിനം എന്ന് രേഖപ്പെടുത്തിയിട്ടുമുണ്ട്. ക്യാമറകളും ചെസ് ബോർഡിന് സമാനമായ മാതൃകയും ഒപ്പം മിസ്റ്റീരിയസ് ആയിട്ടുള്ളൊരു കെട്ടിടവുമെല്ലാം ഫോട്ടോയിൽ ഉണ്ട്. ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ എന്തോ പ്രത്യേകമായ മിഥുൻ ഒരുക്കുന്നുവെന്നാണ് ഏവരും കമന്റ് ചെയ്യുന്നത്. ഒപ്പം ആട് 3യ്ക്ക് വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും പ്രേക്ഷകർ കുറിക്കുന്നുണ്ട്.
ജയസൂര്യയുടെ കരിയറിലെ 107-ാമത് സിനിമ കൂടിയാണ് ആട് 3. ഫ്രൈഡൈ ഫിലിംസിന്‍റെ ബാനറില്‍ വിജയ് ബാബു നിർമിക്കുന്ന ചിത്രത്തിൽ ജയസൂര്യ, വിജയ് ബാബു, വിനായകൻ, സണ്ണി വെയ്ൻ, സൈജു ഗോവിന്ദ കുറുപ്പ്, അജു വർഗീസ്, ഷാൻ റഹ്മാൻ, ഇന്ദ്രൻസ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.
2024 മാർച്ചിൽ ആയിരുന്നു മൂന്നാം ഭാഗം വരുന്നുവെന്ന ഔദ്യോഗിക പ്രഖ്യാപനം വന്നത്. പിന്നാലെ ഒക്ടോബറിൽ സിനിമ തുടങ്ങുമെന്ന് അറിയിച്ച് ചിത്രത്തിന്റെ ടൈറ്റിലും പുറത്തുവിട്ടു. 'ആട് 3-വണ്‍ ലാസ്റ്റ് റൈഡ്' എന്നാണ് മൂന്നാം ഭാഗത്തിന്റെ പേര്. ഈ വർഷം ഫെബ്രുവരിയിൽ പ്രീ പ്രൊഡക്ഷൻ വർക്കുകളും ആരംഭിച്ചിരുന്നു. ജയസൂര്യ, ഷാജി പാപ്പനായി എത്തിയ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രം തിയറ്ററിൽ പരാജയമായിരുന്നുവെങ്കിലും പ്രേക്ഷകർ ഏറ്റെടുത്തു. പിന്നാലെ രണ്ടാം ഭാഗവും എത്തി വിജയം കൊയ്തിരുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - വിനയ് ബാബു, ഛായാഗ്രഹണം - അഖിൽ ജോർജ്ജ്, സംഗീതം - ഷാൻ റഹ്മാൻ, എഡിറ്റർ - ലിജോ പോൾ, ലൈൻ പ്രൊഡ്യൂസർ -ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി സുശീലൻ, പ്രൊഡക്ഷൻ ഡിസൈനർ അനീസ് നാടോടി, മേക്കപ്പ്- റോണെക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യർ, ക്രിയേറ്റീവ് ഡയറക്ടർ- വിഷ്ണു ഭരതൻ, വിഎഫ്എക്സ് സൂപ്പർവൈസർ - ജിഷ്‍ണു ആർ ദേവ്, സ്റ്റിൽ ഫോട്ടോഗ്രാഫി - വിഷ്ണു എസ് രാജൻ, പോസ്റ്റർ ഡിസൈൻസ് - കോളിൻസ് ലിയോഫിൽ, വാർത്താ പ്രചാരണം- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.