നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് സ്‍മാര്‍ട്ട് ഫോണ്‍ പദ്ധതി; മമ്മൂട്ടിയെ നന്ദി അറിയിച്ച് മന്ത്രി ശിവന്‍കുട്ടി

By Web TeamFirst Published Jun 16, 2021, 2:20 PM IST
Highlights

തന്‍റെ നേതൃത്വത്തിലുള്ള ജീവകാരുണ്യ പ്രസ്‍ഥാനമായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്‍റര്‍നാഷണല്‍ ഫൗണ്ടേഷന്‍റെ പേരിലാണ് മമ്മൂട്ടി പദ്ധതി പ്രഖ്യാപിച്ചത്

സ്‍മാര്‍ട്ട് ഫോണ്‍ ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ പഠനം വഴിമുട്ടിയ നിര്‍ധന വിദ്യാര്‍ഥികള്‍ക്കായി 'വിദ്യാമൃതം' എന്ന പേരില്‍ പദ്ധതി പ്രഖ്യാപിച്ച മമ്മൂട്ടിക്ക് അഭിനന്ദനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മമ്മൂട്ടി മുന്നോട്ടുവച്ച മാതൃക പിന്തുടരാന്‍ നിരവധി പേര്‍ രംഗത്തുവരുമെന്ന് ഉറപ്പാണെന്നും അതിനാല്‍ അദ്ദേഹത്തോട് നന്ദി അറിയിക്കുന്നെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

"മലയാളത്തിന്‍റെ മഹാനടൻ ശ്രീ മമ്മൂട്ടിക്ക് നന്ദി. പഠനാവശ്യത്തിന് സ്‍മാര്‍ട്ട് ഫോൺ ഇല്ലാത്ത കുട്ടികൾക്ക് ഫോൺ എത്തിച്ചു കൊടുക്കാനുള്ള പദ്ധതിയുടെ ഭാഗമായി ശ്രീ മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ച വരികൾ സുമനസുകൾക്ക് മാതൃകയാകും. നിർധനരായ വിദ്യാർത്ഥികളെ സഹായിക്കാൻ ഈ മാതൃക പിന്തുടരാൻ നിരവധിപേർ രംഗത്തു വരും എന്ന് ഉറപ്പാണ്. ഈ പദ്ധതിക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു", വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

തന്‍റെ നേതൃത്വത്തിലുള്ള ജീവകാരുണ്യ പ്രസ്‍ഥാനമായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്‍റര്‍നാഷണല്‍ ഫൗണ്ടേഷന്‍റെ പേരിലാണ് മമ്മൂട്ടി പദ്ധതി പ്രഖ്യാപിച്ചത്. "സ്‍മാര്‍ട്ട് ഫോൺ ഇല്ല എന്ന ഒറ്റക്കാരണത്താൽ പഠിക്കാൻ പറ്റാത്ത എത്രയോ കുഞ്ഞുങ്ങൾ ഉണ്ടാവും. നിങ്ങളുടെ വീട്ടിൽ ഉള്ള ഉപയോഗയുക്തവും എന്നാൽ ഇപ്പോൾ ഉപയോഗിക്കാത്തതുമായ സ്‍മാര്‍ട്ട് ഫോൺ, ടാബ്‌ലറ്റ്, ലാപ്ടോപ് എന്നിവ അവർക്കൊരു ആശ്വാസം ആകും. ലോകത്ത് എവിടെനിന്നും ഞങ്ങളെ ഏൽപ്പിക്കാം, അർഹതപ്പെട്ട കൈകളിൽ അത് എത്തിക്കുമെന്ന് ഉറപ്പ് നൽകുന്നു", മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. 

സ്‍മാര്‍ട്ട് ഫോണ്‍, ലാപ്ടോപ്പ് എന്നിവ സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ അത് ഒരു കവറിലാക്കി തൊട്ടടുത്തുള്ള സ്‍പീഡ് ആന്‍ഡ് സേഫ് കൊറിയര്‍ സര്‍വ്വീസിന്‍റെ ഓഫീസില്‍ എത്തിക്കണം. കൊറിയര്‍ ഓഫീസില്‍ ഒരു ഡിക്ലറേഷന്‍ കൂടി കൊടുത്താല്‍ ദാതാവിന് കെയര്‍ ആന്‍ഡ് ഷെയര്‍ ഓഫീസിലേക്ക് അവ സൗജന്യമായി അയക്കാനാവും. അവിടെ ലഭിക്കുന്ന മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ മുന്‍ഗണനാക്രമത്തില്‍ വിദ്യാര്‍ഥികള്‍ക്ക് എത്തിച്ചു നല്‍കും. ഉപകരണങ്ങള്‍ കൊറിയര്‍ ഓഫീസില്‍ എത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ അവ വീട്ടിലെത്തി കൈപ്പറ്റും. സംശയനിവാരണത്തിന് ബന്ധപ്പെടാനുള്ള നമ്പരുകളടക്കമാണ് മമ്മൂട്ടി ഫേസ്ബുക്കിലൂടെ പദ്ധതി പ്രഖ്യാപിച്ചത്. 
 

click me!