
'മിന്നല്‍ മുരളി'യിലെ (Minnal Murali) ശ്രദ്ധേയ കഥാപാത്രങ്ങളിലൊന്നാണ് കരാട്ടെ സ്‍കൂള്‍ നടത്തിപ്പുകാരിയായ 'ബ്രൂസ്‍ലി ബിജി' (Bruce Lee Biji). പുതുമുഖം ഫെമിന ജോര്‍ജ് (Femina George) ആണ് ഈ കഥാപാത്രത്തെ അനായാസതയോടെ അവതരിപ്പിച്ചിരിക്കുന്നത്. ടൊവീനോയുടെയും ഗുരു സോമസുന്ദരത്തിന്‍റെയും കഥാപാത്രങ്ങള്‍ കഴിഞ്ഞാല്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം പ്രശംസ ലഭിക്കുന്നതും ഫെമിന അവതരിപ്പിച്ച കഥാപാത്രത്തിനാണ്. ഒരു പുതുമുഖത്തെ സംബന്ധിച്ച് വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു അത്. ചിത്രത്തിനുവേണ്ടി നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ചും ലഭിക്കുന്ന അഭിനന്ദനങ്ങളിലുള്ള സന്തോഷവും സോഷ്യല്‍ മീഡിയയിലൂടെ ഫെമിന പങ്കുവച്ചു.
മിന്നല്‍ മുരളിക്കായുള്ള തയ്യാറെടുപ്പിനെക്കുറിച്ച് ഫെമിന ജോര്‍ജ്
2019 ഓഗസ്റ്റ് 18നായിരുന്നു മിന്നല്‍ മുരളിയുടെ ഓഡിഷന്‍. ഷോര്‍ട്ട്‍ലിസ്റ്റ് ചെയ്യപ്പെട്ടതിലുള്ള അത്‍ഭുതമായിരുന്നു എനിക്ക്. ആ ദിവസം പ്രത്യേകിച്ചും വലിയ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. ട്രെഡീഷണല്‍ ആയ എന്തെങ്കിലും വസ്ത്രം ധരിച്ച് മേക്കപ്പ് ഇല്ലാതെ വരാനായിരുന്നു നിര്‍ദേശം. മൂന്ന് സാഹചര്യങ്ങളായിരുന്നു ആദ്യ റൗണ്ടില്‍ അവതരിപ്പിക്കാനുണ്ടായിരുന്നത്. അത് നന്നായി ചെയ്യാനായെന്ന് എനിക്കു തോന്നി. രണ്ടാമത്തെ റൗണ്ട് ആദ്യത്തേതിലും രസമായിരുന്നു. ചിത്രത്തിലെ ഒരു കഥാപാത്രത്തെ (നായികയല്ല) അവതരിപ്പിക്കാനാണ് എന്നോട് ആവശ്യപ്പെട്ടത്. പിന്നാലെ വീണ്ടും ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ടു. പിന്നീട് കിക്ക് ബോക്സിംഗ് പഠിക്കേണ്ടിവന്നു. ശരീരഭാരം 6-7 കിലോ കുറച്ചു. അന്നുമുതല്‍ ഞാന്‍ ഈ ടീമിന്‍റെ ഭാഗമായിരുന്നു. കഥാപാത്രത്തിന് ഏറ്റവും മികച്ചത് നല്‍കണമെന്ന ആഗ്രഹത്താല്‍ ശാരീരികവും മാനസികവുമായി അധ്വാനിച്ചു.
എത്രത്തോളം ഭാഗ്യമുള്ളവളാണ് താനെന്ന് ചിന്തിക്കാനാവുന്നില്ലെന്നും പറയുന്നു ഫെമിന. "രണ്ട് വര്‍ഷവും നാല് മാസവും മുന്‍പ് തുടങ്ങിയ യാത്രയാണ്. ഇന്ന് ഉറങ്ങാനാവാതെ, വികാരപ്രകടനത്തിന് എന്ത് വാക്ക് ഉപയോഗിക്കണമെന്നറിയാതെ ഇരിക്കുകയാണ് ഞാന്‍. ആവേശം തോന്നുന്നു, ഇമോഷണലുമാണ് ഞാന്‍", കഥാപാത്രത്തെ സ്നേഹിക്കുന്നവര്‍ക്കൊപ്പം തന്‍റെ ബോക്സിംഗ് ട്രെയ്‍നര്‍ക്കുമുള്ള നന്ദിയും അറിയിക്കുന്നു ഫെമിന ജോര്‍ജ്. അതേസമയം ചിത്രത്തിനും കഥാപാത്രത്തിനും ലഭിക്കുന്ന നിരൂപണങ്ങളില്‍ 'ബ്രൂസ്‍ലി ബിജി'ക്ക് ഒരു സ്‍പിന്‍-ഓഫ് ചിത്രം ഉണ്ടാവുമോ എന്നുവരെ സിനിമാഗ്രൂപ്പുകളില്‍ ചോദ്യം ഉയരുന്നുണ്ട്. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തിയ ചിത്രത്തിന് സോഷ്യല്‍ മീഡിയയില്‍ വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്. തങ്ങളുടെ ഡയറക്ട് ഒടിടി റിലീസ് ആയെത്തിയ ചിത്രത്തിന് നെറ്റ്ഫ്ലിക്സും വന്‍ പരസ്യ പ്രചരണമാണ് നല്‍കിയിരുന്നത്.