Letterboxd list : 'സ്പൈഡര്‍മാനൊ'പ്പം മിന്നല്‍ മുരളി; മികച്ച ആക്ഷന്‍, അഡ്വഞ്ചര്‍ ചിത്രങ്ങളുടെ ആഗോള ലിസ്റ്റില്‍

By Web TeamFirst Published Jan 12, 2022, 10:22 PM IST
Highlights

നെറ്റ്ഫ്ലിക്സിന്‍റെ ക്രിസ്‍മസ് റിലീസ് ആയി എത്തിയ ചിത്രം

കൊവിഡ് കാലത്ത് ഒടിടി പ്ലാറ്റ്‍ഫോമുകളുടെ സാധ്യത ഏറ്റവുമധികം തിരിച്ചറിഞ്ഞ ഇന്ത്യന്‍ ഭാഷാ സിനിമ മലയാളമാവും. ചെറുതും വലുതുമായ പല മലയാള ചിത്രങ്ങളും ഇക്കാലയളവില്‍ ആഗോള പ്രേക്ഷകരുടെ മുന്നിലേക്കെത്തി. അക്കൂട്ടത്തിലെ അവസാന ചിത്രമാണ് ടൊവീനോ നായകനായ മിന്നല്‍ മുരളി (Minnal Murali). നെറ്റ്ഫ്ലിക്സിന്‍റെ ആഗോള ലിസ്റ്റിലെ ആദ്യ പത്തില്‍ തുടര്‍ച്ചയായ മൂന്ന് വാരങ്ങള്‍ പിന്നിടുന്ന 'മുരളി' ഇപ്പോഴിതാ മറ്റൊരു ഇന്‍റര്‍നാഷണല്‍ ലിസ്റ്റിലേക്കും ഇടംനേടിയിരിക്കുകയാണ്. ചലച്ചിത്ര പ്രേമികള്‍ക്കു വേണ്ടിയുള്ള സോഷ്യല്‍ നെറ്റ്‍വര്‍ക്കിംഗ് സര്‍വ്വീസ് ആയ ലെറ്റര്‍ബോക്സ്ഡിന്‍റെ (Letterboxd) ഒരു വാര്‍ഷിക ലിസ്റ്റിലാണ് മിന്നല്‍ മുരളി തലയുയര്‍ത്തി നില്‍ക്കുന്നത്.

2021ല്‍ ഏറ്റവുമധികം റേറ്റിംഗ് ലഭിച്ച ആക്ഷന്‍, അഡ്വഞ്ചര്‍ ചിത്രങ്ങളുടെ ലിസ്റ്റിലാണ് മിന്നല്‍ മുരളി ഉള്ളത്. പത്ത് ചിത്രങ്ങളുടെ ലിസ്റ്റില്‍ ഒന്‍പതാം സ്ഥാനത്താണ് മുരളി. സ്പൈഡര്‍മാന്‍: നോ വേ ഹോം ആണ് ഒന്നാം സ്ഥാനത്ത്. രണ്ടാംസ്ഥാനത്ത് ഡ്യൂണ്‍, മൂന്നാമത് തമിഴ് ചിത്രം സര്‍പട്ട പരമ്പരൈ, നാലാമത് ദ് ലാസ്റ്റ് ഡ്യുവല്‍, അഞ്ചാമത് ദ് ഗ്രീന്‍ നൈറ്റ്, ആറാമത് ഷാങ് ചി, ഏഴാമത് ഫ്രീക്ക്സ് ഔട്ട്, എട്ടാമത് സുയിസൈഡ് സ്ക്വാഡ്, ഒന്‍പതാമത് മിന്നല്‍ മുരളി, പത്താമത് ഓള്‍ഡ് ഹെന്‍റി എന്നിങ്ങനെയാണ് ലിസ്റ്റ്.

 

2021ല്‍ ഏറ്റവുമധികം റേറ്റിംഗ് ലഭിച്ച അന്തര്‍ദേശീയ സിനിമകളുടെ ലിസ്റ്റില്‍ ആദ്യ 20ല്‍ മറ്റു രണ്ട് മലയാള ചിത്രങ്ങളും ഇടംപിടിച്ചിട്ടുണ്ട്. ജിയോ ബേബി സംവിധാനം ചെയ്‍ത ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ദിലീഷ് പോത്തന്‍റെ ജോജി എന്നിവയാണ് അവ. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ പത്താം സ്ഥാനത്തും ജോജി 18-ാം സ്ഥാനത്തുമാണ്. തമിഴില്‍ നിന്ന് സര്‍പട്ട പരമ്പരൈ, ജയ് ഭീം, കര്‍ണ്ണന്‍, ബോളിവുഡില്‍ നിന്ന് സര്‍ദാര്‍ ഉദ്ധം എന്നിവയും ഈ ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്.

click me!