
മലയാളത്തിന്റെ സൂപ്പര്‍ഹീറോ ചിത്രമെന്ന വിശേഷണത്തോടെ എത്തിയ 'മിന്നല്‍ മുരളി'ക്ക് (Minnal Murali) മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ടൊവിനൊ തോമസിന്റെയും (Tovino Thomas) ബേസിലിന്റെയും സിനിമാ ജീവിതത്തില്‍ തന്നെ വഴിത്തിരിവുണ്ടാക്കാൻ പോന്നതാണ് 'മിന്നല്‍ മുരളി'യെന്നാണ് പൊതു അഭിപ്രായവും. എല്ലാത്തരം പ്രേക്ഷകരെയും തൃപ്‍തിപ്പെടുത്തുന്ന സിനിമയാണ് 'മിന്നല്‍ മുരളി'യെന്നുമാണ് അഭിപ്രായങ്ങള്‍. മിന്നല്‍ മുരളി എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പങ്കുവയ്‍ക്കുകയാണ് ടൊവിനൊ തോമസ്.
ടൊവിനൊ തോമസിന്റെ വാക്കുകള്‍
സൂപ്പര്‍ഹീറോ ആകുന്ന ഒരു സിനിമ ചെയ്യുക എന്ന് പറയുമ്പോള്‍ ഒരുപാട് മാതൃകകളില്ല. അപ്പോള്‍ സുരക്ഷിതമായ കരങ്ങളില്‍ എത്തിപ്പെടുക എന്നതാണ് വലിയ കാര്യം. എനിക്ക് കിട്ടിയത് നല്ലൊരു പ്രൊഡക്ഷൻ കമ്പനിയും നല്ലൊരു സംവിധായകനുമാണ്. മലയാളത്തിലെ തന്നെ കൊള്ളാവുന്ന ഒരുപാട് ആള്‍ക്കാര്‍ ഒന്നിച്ചുകൂടിയ സിനിമയാണ് ഇത്. ആ സിനിമയില്‍ ഇതുപോലൊരു കഥാപാത്രം ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ് കിട്ടുന്നത്. അത് നമുക്ക് പ്രിയപ്പെട്ട ആള്‍ക്കാര്‍ക്കൊപ്പം ഒരു സിനിമ ചെയ്യാൻ പറ്റി എന്നു പറയുന്നത് വലിയ സന്തോഷമാണ്. തുടക്കത്തില്‍ ചെറിയൊരു ആശയമായിരുന്നു. എല്ലാവരും ഒരുമിച്ച് ചര്‍ച്ച ചെയ്‍ത സിനിമയാണ്. കൊള്ളാവുന്ന ഒരു മലയാളം ചിത്രമായിരിക്കും ഇതെന്നാണ് തുടക്കത്തില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ഞാൻ ഇതിനെ കണ്ടിരുന്നത്. ഫൈനല്‍ ഡ്രാഫ്റ്റ് വായിക്കുമ്പോഴും സിനിമക്ക് ബേസിലും തിരക്കഥാകൃത്തുക്കളും എടുത്ത പ്രയത്‍നവും ഒക്കെ മനസിലായി. അതുവരെയുണ്ടായ തിരക്കഥയെ ഇങ്ങനെയുള്ള സിനിമയ്‍ക്ക് വേണ്ടിയുള്ള ഫോര്‍മാറ്റിലേക്ക് എത്തിച്ചു എന്നത് എനിക്ക് ഭയങ്കര ഇംപ്രസീവായിരുന്നു. എനിക്ക് ബേസിലിനോട് വലിയ സ്‍നേഹവും ബഹുമാനവും തോന്നി. അവര്‍ ശ്രദ്ധിച്ചത് മലയാള സിനിമ ഇപ്പോഴും കണ്ടന്റിന്റെ പേരിലാണ് അറിയപ്പെടുന്നത്. കണ്ടന്റ് വൃത്തിയായി മേക്ക് ചെയ്യുക, നല്ല പെര്‍ഫോര്‍മൻസ്, ഇങ്ങനെയുള്ള കാര്യങ്ങളാണ്. ഒരിക്കലും ബജറ്റിന്റെ ബാഹുല്യംകൊണ്ടല്ല സിനിമകള്‍ മലയാളത്തിന്റെ ശ്രദ്ധിക്കപ്പെടുന്നത്. ആ പേര് കളയാത്ത സിനിമയായിരിക്കും 'മിന്നല്‍ മുരളി' എന്ന് ഞാൻ വിചാരിക്കുന്നു. തിരക്കഥ വായിച്ചപ്പോഴേ പ്രതീക്ഷയുണ്ടായിരുന്നു. പ്രതീക്ഷ നിലനിര്‍ത്തി എന്നുതന്നെയാണ് സിനിമ എല്ലാവരും കണ്ടുകഴിഞ്ഞിട്ടും തോന്നിയത്. നല്ല ഭംഗിയുള്ള കഥയുള്ള ഒരു സിനിമയാണ് 'മിന്നല്‍ മുരളി'. നല്ല പെര്‍ഫോമൻസുള്ള സിനിമ. ഒരു സൂപ്പര്‍ഹീറോ സിനിമ എന്ന പേരില്‍ മാത്രം ഡിപൻഡ് ചെയ്യുന്നതല്ല. 'മിന്നല്‍ മുരളി'യുടെ ടോട്ടാലിറ്റി തന്നെയാണ് പ്രത്യേകത. പല പ്രതിസന്ധികളും തരണം ചെയ്‍ത് അതില്‍നിന്നൊക്കെ ഊര്‍ജ്ജം ഉള്‍ക്കൊണ്ട് ഒരു സംഘമായി ജോലി ചെയ്‍താണ് മിന്നല്‍ മുരളി പൂര്‍ത്തിയാക്കിയത്. നല്ല രീതിയില്‍ പരീക്ഷ എഴുതി കാത്തിരിക്കുന്ന കുട്ടികളുടെ ഫീലാണ് ഞങ്ങള്‍ക്ക്. നല്ല മാര്‍ക്ക് കിട്ടും.
'മിന്നല്‍ മുരളി' ഷൂട്ട് തുടങ്ങിയതിനു ശേഷം മുടി വെട്ടിയത് അടുത്തിടെയാണ്. ബാക്കി ഞാൻ ചെയ്‍ത സിനിമകള്‍ ചെയ്‍തത് ശ്രദ്ധിച്ചാല്‍ അറിയാം. എന്റെ കഴുത്തിലേക്ക് ഇറങ്ങിക്കിടക്കുന്ന മുടിയായിരുന്നു. 'മിന്നല്‍ മുരളി' എന്ന സിനിമക്ക് അത്ര പ്രാധാന്യം ഞാൻ നല്‍കിയിരുന്നു. ഒരുപക്ഷേ നമ്മുടെ എല്ലാവരുടെയും തന്നെ കരിയറിനെ മാറ്റിമറിച്ചേക്കാവുന്ന ഒന്ന്. ബോഡി ബില്‍ഡിംഗായിരുന്നില്ല ആവശ്യം. നാട്ടിൻപുറത്തുകാരനായ 'ജെയ്‍സണ്‍' എന്ന ഒരു ചെറുപ്പക്കാരനായിട്ട് തോന്നിക്കണമായിരുന്നു തുടക്കത്തില്‍. അവന്‍ സൂപ്പര്‍ഹീറോയിലേക്ക് വളരണം. അങ്ങനെ ക്രമാനുഗതമായിട്ടാണ് ഷൂട്ടിംഗും. തുടക്കത്തിലെ ഫിസിക്കലി അത്ര ആയിരുന്നെങ്കില്‍ സൂപ്പര്‍ഹീറോ ആകുമ്പോഴുള്ള ആവേശം നഷ്‍ടപ്പെടും. അവസാനം സൂപ്പര്‍ഹീറോ കോസ്റ്റ്യൂമില്‍ ഇയാളെ കാണുമ്പോള്‍ ആള്‍ക്കാര്‍ ആവേശഭരിതരാകും. ശാരീരികമായും മാനസികമായും വളര്‍ച്ചയുണ്ട്. വെല്ലുവിളിയായിരുന്നു. ചെറിയ ചെറിയ ട്രിക്കുണ്ടായിരുന്നു. വളയം എറിയുന്നതൊക്കെ പരമാവധി സ്വന്തം തന്നെ ചെയ്യുക എന്നതൊക്കെ. ക്ലൈമാക്സിലൊക്കെ സ്റ്റണ്ട് അങ്ങനെ തീര്‍ക്കുക എന്ന് പറയുന്നത് ഫിസിക്കല്‍ ഫിറ്റ്‍നെസ് ആവശ്യമുള്ളതായിരുന്നു.
ചെറിയ ഓഡിയൻസിന്റെ മുന്നിലല്ല സിനിമ വരുന്നത് എന്ന് ഞങ്ങള്‍ക്ക് ബോധ്യമുണ്ടായിരുന്നു. പല പരിമിതികളില്‍ തീര്‍ത്ത സിനിമ. പക്ഷേ മത്സരിക്കുന്നത് വൻകിടക്കരോടാണ്. പക്ഷേ ഞങ്ങളുടെ കയ്യില്‍ ഒരിക്കലും ആയിരം കോടിയോ ആയിരത്തിയഞ്ഞൂറ് കോടിയോ ഉണ്ടാകില്ല. ഞങ്ങള്‍ എന്താണ് ചെയ്‍തത് എന്ന് ചോദിച്ചാല്‍ ഞങ്ങള്‍ക്ക് അറിയാവുന്ന ജോലി ഏറ്റവും ആത്മാര്‍ഥതയോടെ ചെയ്‍തു. പ്രയത്‍നിച്ചു. സംവിധായകന്റെ ക്രാഫ്റ്റ്, അല്ലെങ്കില്‍ ഒരു നടന്റെ പെര്‍ഫോമൻസ്, സാങ്കേതിക പ്രവര്‍ത്തകരുടെ കഴിവ് എന്നതൊക്കെ ബജറ്റിനെ മാത്രം ആശ്രയിച്ചിട്ടുള്ളതല്ല. കഠിനാദ്ധ്വാനമാണ്. കമ്പ്യൂട്ടര്‍ ഗ്രാഫിക്സിനേക്കാള്‍ അധികം ഞങ്ങള്‍ പ്രാക്റ്റിക്കല്‍ ഇലമെന്റ്‍സിനാണ് പ്രാധാന്യം നല്‍കിയത്. കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് ഉപയോഗിച്ച് ഞങ്ങള്‍ ചെയ്‍തത് പ്രാക്റ്റിക്കലായി പറ്റാത്തത് മാത്രമാണ്. പ്രമോഷന്റെ ഭാഗമായിട്ട് നമ്മുടെ സിനിമയുടെ പ്രിവ്യു കണ്ടവരില്‍ ഞങ്ങളോട് ചോദിച്ചു, എങ്ങനെയാണ് ഇത്ര ബജറ്റില്‍ ഒരു സിനിമ ചെയ്യാൻ കഴിഞ്ഞത് എന്ന്. ഞങ്ങള്‍ അവരോട് പറഞ്ഞത്, ഞങ്ങള്‍ക്ക് ബജറ്റേ ഇല്ലാത്തതുള്ളൂ, പണിയെടുക്കാൻ മനസ്സുണ്ട് എന്നാണ്. അത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഞങ്ങളായിട്ട് തുടങ്ങിവെച്ചതുമല്ല, മലയാള സിനിമ അങ്ങനെയല്ലേ?. എത്രയോ കാലമായിട്ട് മലയാള സിനിമ മറ്റ് ഇന്ത്യൻ ഇൻഡസ്‍ട്രിയുമായിട്ട് കിടപിടിക്കുന്നത് ബജറ്റ് വെച്ചിട്ട് മാത്രമല്ലല്ലോ?.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ