'അയാളുടെ കരിയർ തന്നെ ട്രോളി നശിപ്പിക്കരുത്' ; കൈലാഷിന് വേണ്ടി സംവിധായകന്‍

By Web TeamFirst Published Apr 13, 2021, 12:16 PM IST
Highlights

'കഴിഞ്ഞ ദിവസം ഇറങ്ങിയ മിഷന്‍ സി എന്ന ചിത്രത്തിന്‍റെ പോസ്റ്ററില്‍ കൈലാഷിന്റെ ഫോട്ടോ ആണ് ഉണ്ടായിരുന്നത്. ഇതിനെ തുടര്‍ന്ന് വളരെ മോശമായി ഒരു നടനെ ചിത്രീകരിക്കുന്ന ഒരു അവസ്ഥയാണ് നടക്കുന്നത്. '

കൊച്ചി: 'മിഷന്‍ സി' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങിയതിന് പിന്നാലെ വലിയതോതിലുള്ള ട്രോള്‍ ആക്രമണമാണ് നടന്‍ കൈലാഷ് നേരിടുന്നത്. ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് 'മിഷന്‍ സി' എന്ന സിനിമയുടെ സംവിധായകന്‍ വിനോദ് ഗുരുവായൂർ. ഒരാളെ വ്യക്തിഹത്യ ചെയ്യുന്നതിന് ഒരു പരിധി ആവശ്യമാണെന്നും ട്രോളെന്ന് പറഞ്ഞ് ഒരാള്‍ക്കെതിരെ   എന്തും ചെയ്യാവുന്ന സ്ഥിതിയാണെന്നും വിനോദ് ഗുരുവായൂർ മനോരമ ഓൺലൈനിനോടു പറയുന്നു.

കഴിഞ്ഞ ദിവസം ഇറങ്ങിയ മിഷന്‍ സി എന്ന ചിത്രത്തിന്‍റെ പോസ്റ്ററില്‍ കൈലാഷിന്റെ ഫോട്ടോ ആണ് ഉണ്ടായിരുന്നത്. ഇതിനെ തുടര്‍ന്ന് വളരെ മോശമായി ഒരു നടനെ ചിത്രീകരിക്കുന്ന ഒരു അവസ്ഥയാണ് നടക്കുന്നത്. ആ നടനെതിരെ ഇത്രയും ആക്രമണം എന്തുകൊണ്ടാണെന്ന്  മനസിലായില്ല. കാരണം ഒരു സാധാരണ കുടുംബത്തിൽ നിന്നും വളർന്ന് അധ്വാനിച്ച് ചാൻസ് ചോദിച്ച് സംവിധായകരുടെയും പുറകെ നടന്ന് ഈ നിലയിൽ എത്തിയ താരമാണ് കൈലാഷ്.

ചിലപ്പോൾ എല്ലാ സിനിമകളും വലിയ സംവിധായകർക്കൊപ്പം അഭിനയിക്കാൻ സാധിച്ചന്ന് വരില്ല. സംവിധായകൻ നിർദ്ദേശിക്കുന്നത് അനുസരിച്ചായിരിക്കും പലപ്പോഴും അഭിനയിക്കേണ്ടി വരിക. കഥാപാത്രങ്ങൾക്കനുസരിച്ച് അഭിനയിക്കേണ്ടിയും വരാം. പക്ഷേ ഇന്നും സംവിധായകർ അദ്ദേഹത്തെ വിളിക്കുകയും സിനിമകൾ കൊടുക്കുകയും ചെയ്യുന്നത് എന്തെങ്കിലും ഒരു കഴിവില്ലാതെ ആയിരിക്കില്ല. കഴിവില്ല എന്ന് പറഞ്ഞ് ഒരാളെ മാറ്റി നിർത്തിയാൽ അയാളെ ഒരു സംവിധായകൻ വിളിക്കില്ല. ഇത് സംഘടിത ആക്രമണമാണ്. അയാളുടെ കരിയർ തന്നെ തകർക്കുന്ന സ്ഥിതിയിലുള്ള സൈബർ ആക്രമണമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

മിഷൻ സി എന്ന സിനിമയിൽ അദ്ദേഹം നന്നായി തന്നെ പെർഫോം ചെയ്തിട്ടുണ്ട്. സിനിമ പുറത്തിറങ്ങുമ്പോൾ നിങ്ങൾക്ക് അത് മനസിലാകും. ഇപ്പോൾ സിനിമയിലെ പോലും മോശമായി ചിത്രീകരിക്കുകയാണ്. എന്നോ ഒരു റോള് ചെയ്തതിന്റെ പേരിലാണ് അദ്ദേഹത്തെ ഇങ്ങനെ ആക്രമിച്ചുകൊണ്ടിരിക്കുന്നത്. സിനിമയിൽ പ്രധാനറോളാണ് തന്റേതെന്ന മനസിലാക്കി സാമ്പത്തികം പോലും നോക്കാതെ വന്ന് അഭിനയിച്ച ആളാണ് കൈലാഷ്. ട്രോളുകൾ നമുക്ക് ആവശ്യമാണ്. 

പക്ഷേ പരിധി വിടുമ്പോൾ അത് സങ്കടകരമാകും. ‘ജീവിക്കാൻ വേണ്ടിയാണ് അദ്ദേഹം ഇങ്ങനെ കഷ്ടപ്പെടുന്നത്. കോടീശ്വരനായ കൈലാഷിനെ ഞാൻ കണ്ടിട്ടില്ല. വളരെ സാധാരണക്കാരനായ ഒരു നടൻ. അതെനിക്ക് വ്യക്തിപരമായി അറിയാം. ഇതൊരു അടിച്ചമർത്തൽ പോലെ തോന്നി. അത് തെറ്റാണെന്ന് തോന്നുന്നുണ്ടെങ്കിൽ സ്വയം മാറിനിൽക്കാൻ നിങ്ങൾ തയാറാകണം. സിനിമ മോശമാകുമോ നല്ലതാകുമോ എന്ന് ചിത്രം പുറത്തിറങ്ങി കഴിഞ്ഞ് തീരുമാനിക്കുക. അതിനു മുമ്പ് തന്നെ വിധി എഴുതരുത് -വിനോദ് ഗുരുവായൂര്‍ പറയുന്നു.

വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന 'മിഷന്‍ സി' റംസാന്‍ റിലീസ് ആയി അടുത്ത മാസം തിയറ്ററുകളില്‍. മലയാളത്തിലും തമിഴിലും ഒരേ സമയമാവും റിലീസ്. റിയലിസ്റ്റിക് ക്രൈം ആക്ഷന്‍ ത്രില്ലര്‍ എന്ന് അണിയറക്കാര്‍ വിശേഷിപ്പിക്കുന്ന ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കൈലാഷ് ആണ്. 'ക്യാപ്റ്റന്‍ അഭിനവ്' എന്നാണ് കൈലാഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. 

എം സ്ക്വയര്‍ സിനിമാസിന്‍റെ ബാനറില്‍ മുല്ല ഷാജി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മീനാക്ഷി ദിനേശ് ആണ് നായിക. ജോഷിയുടെ 'പൊറിഞ്ചു മറിയം ജോസി'ല്‍ മറിയത്തിന്‍റെ കൗമാരകാലം അവതരിപ്പിച്ച മീനാക്ഷി ദിനേശ് ആദ്യമായി നായികയാവുകയാണ് ഈ ചിത്രത്തിലൂടെ. മേജര്‍ രവി, ജയകൃഷ്ണന്‍, ഋഷി തുടങ്ങിയവരും മറ്റു വേഷങ്ങളില്‍ എത്തുന്നു. 

click me!