മോദി ഇന്ത്യയെ രക്ഷിക്കാനെത്തിയ അവതാരമെന്ന് കൃഷ്ണകുമാര്‍; പിന്തുണയുമായി കെ സുരേന്ദ്രന്‍

Web Desk   | others
Published : Aug 20, 2020, 01:36 PM ISTUpdated : Aug 20, 2020, 01:48 PM IST
മോദി ഇന്ത്യയെ രക്ഷിക്കാനെത്തിയ അവതാരമെന്ന് കൃഷ്ണകുമാര്‍; പിന്തുണയുമായി കെ സുരേന്ദ്രന്‍

Synopsis

ഇന്ത്യ കൈവിട്ട് പോകുന്നുവെന്ന് തോന്നിയ സമയത്തായിരുന്നു 2014ല്‍ നരേന്ദ്ര മോദിയുടെ വരവ്. ഇന്ത്യയുടെ തലയായ കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കാന്‍ സാധിച്ചത് ഒരു അസാധാരണ സര്‍ക്കാര്‍ അധികാരത്തിലുള്ളതുകൊണ്ടാണെന്നും കൃഷ്ണകുമാര്‍

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിന സന്ദേശത്തിലെ പ്രധാനമന്ത്രിയുടെ സന്ദേശത്തെ പിന്തുണച്ച നടന്‍ കൃഷ്ണകുമാറിനെതിരായ വിമര്‍ശങ്ങള്‍ തള്ളി, പിന്തുണയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണനുമായുള്ള സംഭാഷണ മധ്യേയായിരുന്നു പ്രധാനമന്ത്രിയെ പ്രശംസിച്ചുകൊണ്ടുള്ള നടന്‍ കൃഷ്ണകുമാറിന്‍റെ പരാമര്‍ശം. പ്രധാനമന്ത്രിയെ അവതാരമായാണ് കാണുന്നത്. ഇന്ത്യ കൈവിട്ട് പോകുന്നുവെന്ന് തോന്നിയ സമയത്തായിരുന്നു 2014ല്‍ നരേന്ദ്ര മോദിയുടെ വരവ്. 

അതിന് ശേഷം വന്ന മാറ്റം എടുത്ത് പറയേണ്ടതാണെന്നും വളരെ നിസാരമായ കാര്യങ്ങള്‍ പോലും കണ്ടെത്താന്‍ കഴിയുന്ന നേതാവാണ് മോദിയെന്നും കൃഷ്ണകുമാര്‍ പറഞ്ഞിരുന്നു. അടുത്ത തലമുറകള്‍ക്ക് പ്രധാനമന്ത്രി ഒരുപാട് ഗുണം ചെയ്യും. ഇന്ത്യയുടെ തലയായ കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കാന്‍ സാധിച്ചത് ഒരു അസാധാരണ സര്‍ക്കാര്‍ അധികാരത്തിലുള്ളതുകൊണ്ടാണെന്നും കൃഷ്ണകുമാര്‍ പറഞ്ഞിരുന്നു.

കുറച്ച് കൂടി ക്ലിയര്‍ ചെയ്യാനുണ്ടെന്നും കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു. 1980ല്‍ ആര്‍എസ്എസിന്‍റെ പുളിമൂട് ശാഖയിലെ അംഗമായിരുന്നു താനെന്നും കൃഷ്ണകുമാര്‍ പറഞ്ഞിരുന്നു. മകള്‍ അഹാനയ്ക്കെതിരായ സൈബര്‍ ആക്രമണം ബുദ്ധിമുട്ടിക്കുന്നതായിരുന്നു. അഹാനയ്ക്ക് മാത്രമല്ല മറ്റ് മക്കള്‍ക്കെതിരെയും ആക്രമണമുണ്ടായി. മകള്‍ ചെയ്ത വീഡിയോ തെറ്റല്ല. സ്ത്രീകള്‍ക്ക് പ്രാധാന്യമുള്ള കാലമാണ് ഇത്. അത് സൈബറാക്രമണം നടത്തുന്നവര്‍ അറിയുന്നില്ലെന്നുമായിരുന്നു കൃഷ്ണകുമാര്‍ എ എന്‍ രാധാകൃഷ്ണനോട് പറഞ്ഞത്. 

ഈ വീഡിയോ വൈറലായതോടെ കൃഷ്ണകുമാറിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കൃഷ്ണകുമാറിന് പിന്തുണയുമായി കെ സുരേന്ദ്രനെത്തിയത്. നരേന്ദ്രമോദി സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങളെ അനുകൂലിച്ചതിന്‍റെ പേരിൽ താങ്കളേയും കുടുംബാംഗങ്ങളേയും വേട്ടയാടാന്‍ ആരേയും അനുവദിക്കില്ല. ഇതു പഴയ കേരളമല്ല, ലക്ഷോപലക്ഷം ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണ ഇന്ന് താങ്കൾക്കുണ്ട്. താങ്കളെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കാൻ കരുത്തുള്ള ഒരു മഹാ പ്രസ്ഥാനവും എപ്പോഴും കൂടെയുണ്ടെന്നായിരുന്നു സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്. 
 

PREV
click me!

Recommended Stories

നടി ആക്രമിക്കപ്പെട്ട കേസ്: കുറ്റവാളിയല്ലാതെ ശിക്ഷിക്കപ്പെട്ടുവെന്ന വികാരം ദിലീപിനുണ്ടായാൽ എന്താണ് തെറ്റെന്ന് രണ്‍ജി പണിക്കര്‍
"തായേ തായേ"; രാജേഷ് ധ്രുവ - സുകേഷ് ഷെട്ടി ചിത്രം "പീറ്റർ" പുതിയ ഗാനം പുറത്ത്