Mohanlal : 'ഒടിടിക്ക് നല്‍കിയത് ബ്രോ ഡാഡിയും 12ത്ത് മാനും മാത്രം'; വ്യക്തമാക്കി മോഹന്‍ലാല്‍

By Web TeamFirst Published Nov 30, 2021, 9:10 PM IST
Highlights

"മരക്കാര്‍ ഡയറക്റ്റ് റിലീസിന് ഒരിക്കലും കരാര്‍ ഒപ്പിട്ടിരുന്നില്ല"

മരക്കാറിന്‍റെ (Marakkar) തിയറ്റര്‍ റിലീസ് പ്രഖ്യാപിക്കപ്പെടുന്നതിനു മുന്‍പുയര്‍ന്ന വിവാദത്തില്‍ പ്രതികരണവുമായി മോഹന്‍ലാല്‍ (Mohanlal). ആശിര്‍വാദ് നിര്‍മ്മിച്ച രണ്ട് സിനിമകള്‍ക്കായി മാത്രമാണ് ഡയറക്റ്റ് റിലീസിനുള്ള ഒടിടി കരാര്‍ ഒപ്പിട്ടിരിക്കുന്നതെന്ന് മോഹന്‍ലാല്‍ അറിയിച്ചു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയും (Bro Daddy) ജീത്തു ജോസഫ് ചിത്രം 12ത്ത് മാനും (12th Man) ആണിവ. മറ്റു രണ്ട് ചിത്രങ്ങള്‍ അപ്പോഴത്തെ സാഹചര്യം നോക്കി തിയറ്റര്‍ ആണോ ഒടിടി ആണോയെന്ന് തീരുമാനിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. മരക്കാര്‍ റിലീസിനു മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

മരക്കാര്‍ ഡയറക്റ്റ് ഒടിടി റിലീസ് ചെയ്യാന്‍ ഞങ്ങള്‍ കരാര്‍ ഒപ്പിട്ടിരുന്നില്ല. ആമസോണ്‍ പ്രൈം പോലെ ഒരു വലിയ കമ്പനിയുമായി അത്തരമൊരു കരാറില്‍ ഒപ്പിട്ടിരുന്നുവെങ്കില്‍ അവര്‍ ചിത്രം തിയറ്റര്‍ റിലീസിനായി വിട്ടുതരുമായിരുന്നോയെന്നും മോഹന്‍ലാല്‍ ചോദിച്ചു. "പലരുടെയും അഭിപ്രായങ്ങള്‍ ഞങ്ങളുടെ വായിലേക്ക് വച്ചുതരുകയായിരുന്നു", മരക്കാര്‍ റിലീസ് വിവാദത്തെക്കുറിച്ച് പ്രിയദര്‍ശന്‍ പ്രതികരിച്ചു. മോഹന്‍ലാല്‍ സാറിനോടുള്ള സ്നേഹം ആശിര്‍വാദ് സിനിമാസിനോടും എല്ലാവരും കാണിച്ചിട്ടുണ്ട്. 25ല്‍ ഏറെ ചിത്രങ്ങള്‍ ആശിര്‍വാദ് നിര്‍മ്മിച്ചു. മുന്‍പുണ്ടായിരുന്ന സ്‍നേഹത്തില്‍ ചിലര്‍ക്ക് (തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകിനെ ഉദ്ദേശിച്ച്) കുറവ് വന്നോ എന്ന് തോന്നിയപ്പോഴാണ് ചില ആശയക്കുഴപ്പങ്ങളില്‍ തങ്ങളും പെട്ടതെന്ന് ആന്‍റണി പെരുമ്പാവൂര്‍ പറഞ്ഞു.

അതേസമയം ആശിര്‍വാദിന്‍റെ മറ്റു നാല് ചിത്രങ്ങള്‍ ഒടിടിയിലേക്ക് പോകുമെന്ന ആന്‍റണി പെരുമ്പാവൂരിന്‍റെ മുന്‍ പ്രസ്‍താവനയില്‍ ഇന്ന് വ്യക്തത വന്നിരിക്കുകയാണ്. മരക്കാര്‍ ഒടിടി റിലീസ് ആയിരിക്കുമെന്ന് പ്രഖ്യാപിക്കാന്‍ ഈ മാസം 5ന് അദ്ദേഹം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മറ്റു നാല് ചിത്രങ്ങളും ഡയറക്റ്റ് ഒടിടി റിലീസ് ആയിരിക്കുമെന്ന് അറിയിച്ചിരുന്നു. ബ്രോ ഡാഡി, 12ത്ത് മാന്‍ എന്നിവ കൂടാതെ ഷാജി കൈലാസ് ചിത്രം എലോണ്‍, വൈശാഖ് ചിത്രം മോണ്‍സ്റ്റര്‍ എന്നിവയായിരുന്നു അവ. എന്നാല്‍ ബ്രോ ഡാഡി, 12ത്ത് മാന്‍ എന്നിവ മാത്രമാണ് ഡയറക്റ്റ് ഒടിടി റിലീസിനുള്ള കരാര്‍ ഉറപ്പിച്ചിരിക്കുന്നതെന്നും മറ്റു രണ്ട് ചിത്രങ്ങള്‍ അപ്പോഴത്തെ സാഹചര്യം നോക്കി തിയറ്റര്‍ വേണോ ഒടിടി വേണോ എന്ന് തീരുമാനിക്കുമെന്നുമാണ് മോഹന്‍ലാല്‍ ഇന്ന് അറിയിച്ചിരിക്കുന്നത്. 

click me!