സ്ക്രീന്‍ ചുവപ്പിക്കാന്‍ 'കാപ്പ'; പൃഥ്വിരാജിനൊപ്പം മഞ്ജു വാര്യര്‍

By Web TeamFirst Published Aug 18, 2021, 10:15 AM IST
Highlights

പൃഥ്വിരാജിനൊപ്പം മഞ്ജു വാര്യര്‍, ആസിഫ് അലി, അന്ന ബെന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

പൃഥ്വിരാജിനെ നായകനാക്കി വേണു സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'കാപ്പ' ഔദ്യോഗികമായി പ്രഖ്യാപിച്ചു. മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ ഫേസ്ബുക്ക് പേജുകളിലൂടെയാണ് ചിത്രത്തിന്‍റെ ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ അവതരിപ്പിച്ചത്. തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്‍റെ കഥ പറയുന്ന, ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ 'ശംഖുമുഖി' എന്ന നോവെല്ലയെ ആസ്‍പദമാക്കിയാണ് സിനിമ. ഇന്ദുഗോപന്‍റേതു തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ. ഫെഫ്‍ക റൈറ്റേഴ്സ് യൂണിയന്‍ നിര്‍മ്മാണ പങ്കാളിയാവുന്ന ആദ്യ ചലച്ചിത്ര നിര്‍മ്മാണ സംരംഭവുമാണ് ഇത്. അംഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനത്തിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിന്‍റെ ഭാഗമായി ഡോള്‍വിന്‍ കുര്യാക്കോസിന്‍റെ തിയറ്റര്‍ ഓഫ് ഡ്രീംസ് എന്ന നിര്‍മ്മാണക്കമ്പനിയുമായി ചേര്‍ന്നാണ് റൈറ്റേഴ്സ് യൂണിയന്‍ ചിത്രം നിര്‍മ്മിക്കുന്നത്. ജിനു വി എബ്രഹാം, ദിലീഷ് നായര്‍ എന്നിവരും നിര്‍മ്മാണ പങ്കാളികളാണ്.

പൃഥ്വിരാജിനൊപ്പം മഞ്ജു വാര്യര്‍, ആസിഫ് അലി, അന്ന ബെന്‍ എന്നിവരും 'കാപ്പി'യില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മറ്റ് അറുപതോളം അഭിനേതാക്കളും വിവിധ കഥാപാത്രങ്ങളായി എത്തും. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. തിരുവനന്തപുരം തന്നെയാവും സിനിമയുടെയും പശ്ചാത്തലം. മഞ്ജു വാര്യരും പൃഥ്വിരാജും ആദ്യമായാണ് മുഴുനീള കഥാപാത്രങ്ങളായി ഒരു ചിത്രത്തില്‍ ഒരുമിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇന്ദുഗോപന്‍ തന്നെ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം സാനു ജോണ്‍ വര്‍ഗീസ് ആണ്. എഡിറ്റിംഗ് മഹേഷ് നാരായണന്‍. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. കലാസംവിധാനം ദിലീപ് നാഥ്. വസ്ത്രാലങ്കാരം സമീര സനീഷ്. ചമയം റോണക്സ് സേവ്യര്‍. സ്റ്റില്‍സ് ഹരി തിരുമല. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജു വൈക്കം, അനില്‍ മാത്യു. ഡിസൈന്‍ ഓള്‍ഡ് മങ്ക്സ്.  

ജൂണില്‍ ചിത്രീകരണം ആരംഭിക്കേണ്ടിയിരുന്ന ചിത്രം കൊവിഡ് രണ്ടാംതരംഗത്തെത്തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. ആണും പെണ്ണും' എന്ന ആന്തോളജി ചിത്രത്തിലെ 'രാച്ചിയമ്മ'യ്ക്കു ശേഷം വേണു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കാപ്പ'. ദയ, മുന്നറിയിപ്പ്, കാര്‍ബണ്‍ എന്നിവയാണ് വേണു സംവിധാനം ചെയ്‍ത മറ്റു ചിത്രങ്ങള്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!