'നിങ്ങള്‍ അത് ചെയ്യരുത്'; 'ലൂസിഫര്‍' പ്രേക്ഷകരോട് മോഹന്‍ലാലും പൃഥ്വിരാജും പറയുന്നു

By Web TeamFirst Published Mar 29, 2019, 5:52 PM IST
Highlights

വ്യാഴാഴ്ച തീയേറ്ററുകളിലെത്തിയ ചിത്രത്തിന് പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നത്. കേരളത്തില്‍ മാത്രം 400 തീയേറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രത്തിന് ഇന്നലെ പല തീയേറ്ററുകളിലും രാത്രി വൈകി സ്‌പെഷ്യല്‍ ഷോകളും നടന്നു.

തീയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന തങ്ങളുടെ പുതിയ ചിത്രം 'ലൂസിഫറി'ന്റെ ക്ലിപ്പിംഗുകള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ഥിച്ച് മോഹന്‍ലാലും പൃഥ്വിരാജും. അത്തരത്തിലുള്ള പ്രവൃത്തി സിനിമയോടുള്ള വലിയ ദ്രോഹമാണെന്നും ശിക്ഷാര്‍ഹമായ കുറ്റമാണെന്നും തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ ഇരുവരും പറയുന്നു.

മോഹന്‍ലാലും പൃഥ്വിരാജും പറയുന്നു

'സുഹൃത്തുക്കളെ, ഏവര്‍ക്കും സുഖം ആണെന്ന് കരുതുന്നു. 'ലൂസിഫര്‍' എന്ന ഞങ്ങളുടെ സിനിമയ്ക്ക് നിങ്ങള്‍ നല്‍കിയ അഭൂതപൂര്‍വമായ വരവേല്‍പ്പിന് ആദ്യമായി നന്ദി പറഞ്ഞു കൊള്ളട്ടെ. 'ലൂസിഫര്‍' വലിയ വിജയത്തിലേക്ക് കുതിയ്ക്കുന്ന ഈ വേളയില്‍, ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തി വാട്‌സാപ്പ് വഴിയും സാമൂഹിക മാധ്യമങ്ങള്‍ വഴിയും ചിലര്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. വലിയ ദ്രോഹമാണ് ഇക്കൂട്ടര്‍ സിനിമയോട് കാണിക്കുന്നത്. ഇങ്ങനെയുള്ള ക്ലിപ്പിംഗുകള്‍ ഷെയര്‍ ചെയ്യുകയും പരത്തുകയും ചെയ്യുന്നതായി കണ്ടെത്തിയാല്‍, അത് ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് മനസ്സിലാക്കി തടകുകയും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യണമെന്ന് ഓരോരുത്തരോടും അഭ്യര്‍ത്ഥിക്കുന്നു. സസ്‌നേഹം Team L'

അതേസമയം വ്യാഴാഴ്ച തീയേറ്ററുകളിലെത്തിയ ചിത്രത്തിന് പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നത്. കേരളത്തില്‍ മാത്രം 400 തീയേറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രത്തിന് ഇന്നലെ പല തീയേറ്ററുകളിലും രാത്രി വൈകി സ്‌പെഷ്യല്‍ ഷോകളും നടന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം വിവേക് ഒബ്‌റോയ്, ടൊവീനോ തോമസ്, മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത് എന്നിവര്‍ക്കൊപ്പം പൃഥ്വിരാജും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

click me!