'അങ്ങയുടെ നേതൃത്വം ചരിത്രത്തില്‍ ഇടംപിടിക്കും'; 50 ലക്ഷത്തിനൊപ്പം മുഖ്യമന്ത്രിക്ക് മോഹന്‍ലാലിന്‍റെ കത്ത്

By Web TeamFirst Published Apr 7, 2020, 8:24 PM IST
Highlights

'ഈ പ്രതിസന്ധി മറികടക്കാനുള്ള പ്രവർത്തനങ്ങൾക്ക് അങ്ങ് നേരിട്ട് നേതൃത്വം നൽകുന്നത് ചരിത്രത്തിൽ തന്നെ ഇടം പിടിക്കാൻ പോവുകയാണ്..'

കൊവിഡ് 19 സൃഷ്‍ടിച്ച പ്രതിസന്ധി ഘട്ടത്തില്‍ മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്‍ നടത്തുന്ന ഇടപെടലുകള്‍ ചരിത്രത്താളുകളില്‍ ഇടംപിടിക്കുമെന്ന് മോഹന്‍ലാല്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ 50 ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു. ഇതോടൊപ്പം നല്‍കിയ കത്തിലാണ് ഈ വരികള്‍.

'നമ്മള്‍ എല്ലാവരെയും സംബന്ധിച്ച് പരീക്ഷണഘട്ടമാണ് ഇത്. ഈ മഹാമാരിയെ നിയന്ത്രിച്ചു നിര്‍ത്താന്‍ ഞങ്ങള്‍ക്കായി താങ്കള്‍ നിര്‍ദേശിച്ച സുരക്ഷാ മുന്‍കരുതലുകളെയും മാര്‍ഗ്ഗനിര്‍ദേശങ്ങളെയും ഞങ്ങള്‍ അഭിനന്ദിക്കുന്നു. ഈ പ്രതിസന്ധി മറികടക്കാനുള്ള പ്രവർത്തനങ്ങൾക്ക് അങ്ങ് നേരിട്ട് നേതൃത്വം നൽകുന്നത് ചരിത്രത്തിൽ തന്നെ ഇടം പിടിക്കാൻ പോവുകയാണ്. ഈ മഹാമാരിയെ നിയന്ത്രിക്കാനുള്ള അങ്ങയുടെ ഓഫീസിന്‍റെ മുന്‍കൈയില്‍ ഉണ്ടാവുന്ന ശ്രമങ്ങള്‍ക്കായി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന എളിയ സഹായം, 50 ലക്ഷം രൂപ ദയവായി സ്വീകരിക്കുക. താങ്കളുടെ ശ്രമങ്ങള്‍ തുടരുക സാര്‍. ഞങ്ങളുടെ ആശംസകള്‍ അങ്ങേയ്ക്കൊപ്പമുണ്ട്', എന്നാണ് മോഹന്‍ലാലിന്‍റെ കത്ത്.

 

ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ അടക്കമുള്ളവര്‍ നല്‍കിയ ധനസഹായത്തിന്‍റെ വിവരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നത്തെ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. കൊവിഡ് 19-മായി ബന്ധപ്പെട്ട് ലഭിക്കുന്ന സംഭാവനകള്‍‌ കൈകാര്യം ചെയ്യാനായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി പതിനെട്ട് ബാങ്കുകളില്‍‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അക്കൌണ്ട് നമ്പര്‍ 2 എന്ന പേരില്‍ സബ് അക്കൌണ്ട് ആരംഭിക്കും. 

click me!