
ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാരം ഏറ്റുവാങ്ങുന്നതിന് മുന്‍പ് ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ മനസ് തുറന്ന് മോഹന്‍ലാല്‍. ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാരത്തിന്‍റെ കാര്യം താന്‍ സ്വപ്നത്തില്‍ പോലും ചിന്തിച്ചിട്ടില്ലെന്നും മലയാളത്തെയും കേരളത്തെയും സ്നേഹിക്കുന്ന എല്ലാവര്‍ക്കുമായി ഈ പുരസ്കാരം താന്‍ സമര്‍പ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രശാന്ത് രഘുവംശത്തിന്‍റെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മോഹന്‍ലാല്‍.
“ഈ പുരസ്കാരത്തെ ഏറ്റവും ബഹുമാനത്തോടെ ഞാന്‍ കാണുന്നു. ജൂറിയോടും ഇന്ത്യന്‍ സര്‍ക്കാരിനോടുമുള്ള നന്ദി ഞാന്‍ അറിയിക്കുന്നു. പിന്നെ ഇത് മലയാളത്തിന് കിട്ടിയ ഏറ്റവും വലിയ ഒരു അംഗീകാരമാണ്. എന്‍റെ മുന്നേ നടന്നുപോയ മഹാരഥന്മാരായ മികച്ച നടന്മാരെയൊക്കെ ഈ സമയം ഞാന്‍ സ്മരിക്കുകയാണ്. അവരുടെയൊക്കെ ഒപ്പം നടന്നാണ് ഒരുപാട് കാര്യങ്ങള്‍ ഞാന്‍ പഠിച്ചത്. എന്‍റെ കൂടെ പ്രവര്‍ത്തിച്ചവര്‍ക്കും ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും ഇനി പ്രവര്‍ത്തിക്കാന്‍ ഇരിക്കുന്നവര്‍ക്കും എല്ലാവര്‍ക്കുമായി ഞാനീ പുരസ്കാരം സമര്‍പ്പിക്കുകയാണ്. ഒപ്പം പ്രേക്ഷകര്‍, എന്‍റെ കുടുംബം, സുഹൃത്തുക്കള്‍ അവര്‍ക്കും. ഈ പുരസ്കാരം മുന്നോട്ടുള്ള യാത്രയ്ക്ക് ഒരു ഊര്‍ജ്ജം തന്നെയാണ്. അതേസമയം ഒരു ഉത്തരവാദിത്തം കൂടിയാണ്, സിനിമയ്ക്ക് വേണ്ടി ഇനി എന്താണ് ചെയ്യേണ്ടത് എന്ന ആലോചനയാണ് ഒപ്പമുള്ളത്”, മോഹന്‍ലാല്‍ പറഞ്ഞു.
വിമര്‍ശനങ്ങളോട് പലപ്പോഴും മൗനം പുലര്‍ത്തുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മോഹന്‍ലാലിന്‍റെ പ്രതികരണം ഇങ്ങനെ- “വിമര്‍ശകരോട് മത്സരിക്കേണ്ടതില്ല. ഓരോരുത്തര്‍ക്കും അവരുടേതായ ന്യായങ്ങള്‍ ഉണ്ട്. എനിക്ക് എന്‍റെ ന്യായവും ഉണ്ട്. എന്‍റെ സാമൂഹിക ഉത്തരവാദിത്വം എന്നത് കിട്ടുന്ന ജോലി നന്നായിട്ട് ചെയ്യുക എന്നതാണ്. സിനിമകളുടെ ജയപരാജയങ്ങള്‍ എന്‍റെ കാര്യമല്ല”, മോഹന്‍ലാലിന്‍റെ വാക്കുകള്‍. അമ്മ പ്രസിഡന്‍റ് സ്ഥാനം തന്നെ സംബന്ധിച്ച് ഒരു ഭാരമായിരുന്നില്ലെന്നും ഒട്ടേറെ നല്ല കാര്യങ്ങള്‍ ചെയ്യുന്ന ഒരു കൂട്ടായ്മ ആണെന്നും അദ്ദേഹം പറഞ്ഞു. “നിരവധി പേര്‍ക്ക് സംഘടന കൈനീട്ടം കൊടുക്കുന്നുണ്ട്. ഇപ്പോഴും നല്ല രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ചില്ലറ അഭിപ്രായ വ്യത്യാസങ്ങളൊക്കെ വരാം. പക്ഷേ അതുകൊണ്ട് അവിടെ നടക്കുന്ന നല്ല കാര്യങ്ങള്‍ ഇല്ലാതെയാവുന്നില്ല. പിന്നെ സിനിമക്കാരുടെ സംഘടന ആയതിനാല്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് വാര്‍ത്താപ്രാധാന്യം വരുന്നു എന്ന് മാത്രം”, മോഹന്‍ലാലിന്‍റെ വാക്കുകള്‍.