
തിയറ്റർ വിട്ടിറങ്ങുമ്പോഴും പ്രേക്ഷക മനസ് നിറയെ ജോർജ് സാറാണ്. സോഷ്യല്‍ മീഡിയയില്‍ സ്ക്രോള്‍ ചെയ്താലും അവിടെയും ജോർജ് സാർ തന്നെ താരം. സിനിമ ഇറങ്ങി ദിവസങ്ങള്‍ കഴിഞ്ഞിട്ടും മാറ്റമില്ലാത്ത തുടരുന്ന ട്രെന്‍ഡ്, 'ഹലോ. ജോർജ് സാറാണേ'. പറഞ്ഞ് വരുന്നത് മോഹൻലാൽ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം തുടരുവിലെ വില്ലനെ കുറിച്ചാണ്. ജോർജ് എന്നാണ് കഥാപാത്ര പേര്. ആ വേഷം യാതൊരുവിധ കോട്ടവും തട്ടാതെ തന്റെ കൈക്കുള്ളിൽ ഭദ്രമാക്കി വച്ചതാകട്ടെ പ്രകാശ് വർമ എന്ന പുതുമുഖ നടനും.
ചിരിച്ചുകൊണ്ടുള്ള കഴുത്തറുപ്പാണ് ചിത്രത്തില്‍ ജോർജ് സാറിന്റെ മെയിന്‍. പണ്ട് എന്‍.എഫ് വർഗീസൊക്കെ ചെയ്തുവച്ച പോലൊരു കഥാപാത്രം. നല്ല ചിരിയോടെ, പ്രൗഡിയോടെ മോഹന്‍ലാലിനൊപ്പം പിടിച്ചുനിന്ന 'ഒരു സുന്ദര കാലമാടന്‍' എന്നാണ് ആരാധകർ ജോര്‍ജിന് നല്‍കുന്ന വിശേഷണം. സിനിമാ പ്രേമികള്‍ക്ക് പ്രകാശ് പുതുമുഖമാണെങ്കിലും പരസ്യ മേഖലയില്‍ പക്ഷേ അങ്ങനെയല്ല.
വൊഡോഫോൺ സൂസൂ, ഹച്ച് തുടങ്ങിയ പരസ്യ ചിത്രങ്ങളുടെ പിന്നിലെ ബുദ്ധികേന്ദ്രമാണ് പ്രകാശ് വർമ. ബെംഗളൂരു കേന്ദ്രമായുള്ള പരസ്യചിത്ര സ്ഥാപനമായ 'നിർവാണ'യുടെ സ്ഥാപകന്‍, കാമെറി, ബിസ്‍ലെരി, കിറ്റ്കാറ്റ്, ഐഫോണ്‍, നെറ്റ്ഫ്ലിക്സ്, ആമസോണ്‍ പ്രൈം തുടങ്ങി ഇന്ത്യക്കകത്തും പുറത്തും നിരവധി പ്രമുഖ ബ്രാന്‍ഡുകള്‍ക്കായി പ്രകാശ് വര്‍മ പരസ്യചിത്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. "നിങ്ങളുടെ നിമിഷം കാത്തിരിക്കുന്നു" എന്ന പരസ്യവാചകത്തോട് കൂടി വിദേശികളെ കേരളത്തിലേക്ക് ആകർഷിക്കാൻ കേരള ടൂറിസം വകുപ്പ് നിർമിച്ച പരസ്യ ചിത്രം ഒരുക്കിയതും പ്രകാശ് ആയിരുന്നു.
ദുബായി ടൂറിസത്തിനുവേണ്ടി ഷാറരൂഖ് ഖാനെ വച്ച് പ്രകാശ് വർമ ചെയ്ത പരസ്യവും ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂട്ടി ലിജോ ജോസ് പെല്ലിശേരിയും ഒന്നിച്ച നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയ്ക്ക് ആശയം നല്‍കിയ പരസ്യം ഒരുക്കിയതും പ്രകാശായിരുന്നു.
ആലപ്പുഴ എസ്ഡി കോളേജിൽ നിന്നും ബിരുദപഠനം പൂർത്തിയാക്കിയ ശേഷം സിനിമാ മോഹവുമായി അലഞ്ഞ് നടന്നൊരു കാലമുണ്ടായിരുന്നു പ്രകാശിന്. ഒടുവില്‍ ലോഹിതദാസ്, വിജി തമ്പി എന്നിവർക്കൊപ്പം സഹസംവിധായകനായി നിന്ന് സിനിമ പഠിച്ചു. പിന്നീട് വി.കെ പ്രകാശിനൊപ്പം പരസ്യ ചിത്രങ്ങളുടെ സഹായിയായി പ്രവർത്തിച്ചു. സെക്കന്‍ഡുകള്‍ കൊണ്ടൊരു കഥ പറയേണ്ട ആ മേഖലയിലെ വെല്ലുവിളി പ്രകാശിനൊരു ഹരമായി മാറി. പിന്നീട് ആ മേഖലയിലെ അതികായനായി വളരാൻ പ്രകാശിന് സാധിച്ചു. ദിലീപിനെ നായകനാക്കി ലാൽ ജോസ് ഒരുക്കിയ 'ഏഴ് സുന്ദര രാത്രികളുടെ' നിർമാതാവ് കൂടിയാണ് അദ്ദേഹം.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ