മോഹൻലാലിന് ഇനി സംവിധായകന്റെ മേലങ്കി; താരസമ്പന്നമായി ‘ബറോസ്‘ പൂജാ ചടങ്ങുകൾ

By Web TeamFirst Published Mar 24, 2021, 10:44 AM IST
Highlights

മമ്മൂട്ടി, പ്രിയദർശൻ, സത്യൻ അന്തിക്കാട്, സിബി മലയിൽ, ലാൽ, ദിലീപ്, പൃഥ്വിരാജ്, സിദ്ദീഖ് ഉൾപ്പടെ സിനിമാരംഗത്തെ നിരവധി പ്രമുഖരും ചടങ്ങിൽ എത്തി

മോഹൻലാൽ നടനിൽ നിന്ന് സംവിധായകനിലേക്ക് കടക്കുന്ന സിനിമയാണ് 'ബറോസ്'എന്ന ത്രീഡി ചിത്രം. സിനിമയുടെ പ്രീ പ്രൊഡക്ഷൻ ജോലികൾ അടുത്തിടെ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തിന് കാക്കനാട് നവോദയ സ്റ്റുഡിയോയിൽ ഇന്ന് തുടക്കം കുറിക്കുകയാണ്. ഇന്ത്യയിലെ ആദ്യത്തെ ത്രിമാന ചിത്രമായ മൈഡിയർ കുട്ടിച്ചാത്തൻ ഒരുക്കിയ ജിജോ പുന്നൂസാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്.

മമ്മൂട്ടി, പ്രിയദർശൻ, സത്യൻ അന്തിക്കാട്, സിബി മലയിൽ, ലാൽ, ദിലീപ്, പൃഥ്വിരാജ്, സിദ്ദീഖ് ഉൾപ്പടെ സിനിമാരംഗത്തെ നിരവധി പ്രമുഖരും ചടങ്ങിൽ എത്തി. മോഹൻലാൽ തന്നെയാണ് ചിത്രത്തിൽ പ്രധാനകഥാപാത്രമായ ബറോസ് എന്ന ഭൂതമായി എത്തുന്നത്. 

ഭാഗ്യം എന്ന് പറയുന്നത് തന്നെ സംബന്ധിച്ചു ഒരു വാക്കല്ല അവസ്ഥ ആണ്. ഈ അവസ്‌ഥയിലൂടെ പല തവണ കടന്നു പോകാൻ കഴിഞ്ഞു. ഇത് ഏറ്റവും വലിയ ഭാഗ്യമായി കാണുന്നുവെന്നായിരുന്നു മോഹൻലാൽ പറഞ്ഞത്. ഈ ചരിത്രത്തിന്റെ ഭാഗം ആകാൻ കഴിഞ്ഞത് ഭാഗ്യമാണെന്നായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ വാക്കുകൾ.

മാര്‍ച്ച് 24ന് ബറോസിന്റെ ചിത്രീകരണം ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം മോഹന്‍ലാല്‍  അറിയിച്ചിരുന്നു. എല്ലാ പ്രേക്ഷകരുടെയും പ്രാര്‍ത്ഥനകളും അനുഗ്രഹവും ഒപ്പമുണ്ടാകണമെന്നും മോഹന്‍ലാല്‍ ആവശ്യപ്പെട്ടു. ആശിർവാദ് സിനിമാസാണ് 'ബറോസ്' നിർമ്മിക്കുന്നത്. പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. 

പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്‍പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു. ബറോസില്‍ വാസ്‌കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക. ഭാര്യയുടെ വേഷത്തിലാകും പാസ് വേഗ എത്തുക. സെക്സ് ആൻഡ് ലൂസിയ, ഓള്‍ റോഡ്‌സ് ലീഡ്‌സ് ടു ഹെവന്‍, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പാസ് വേഗ.

click me!