
ഒരു സിനിമ റിലീസ് ചെയ്യുക അതിന് മികച്ച പ്രതികരണം ലഭിക്കുക എന്നത് അല്പം ശ്രമകരമായ കാര്യമാണ്. അത്തരത്തിൽ മികച്ച പ്രതികരണം ലഭിച്ചാലും ആ പടത്തിന്റെ രണ്ടാം ഭാഗത്തിന് വിജയം കൈവരിക്കാനാവുക എന്നതും കുറച്ച് പാടാണ്. അത്തരത്തിൽ ആദ്യ സിനിമയ്ക്ക് പിന്നാലെ രണ്ടാം ഭാഗവും റിലീസ് ചെയ്ത് മലയാള സിനിമയിൽ ചരിത്രം കുറിച്ച സംവിധായകനാണ് ജീത്തു ജോസഫ്. അതും മോഹൻലാല്‍ ചിത്രം ദൃശ്യം ഫ്രാഞ്ചൈസികളിലൂടെ. ഒടുവിൽ മൂന്നാമതൊരു വരവിന് കൂടി മോഹൻലാൽ- ജീത്തു കോമ്പോ ഒന്നിച്ചു. ദൃശ്യം 3യ്ക്ക് വേണ്ടി. ഏറെ പ്രതീക്ഷയോടെ മലയാളികൾ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായിരിക്കുകയാണ് ഇപ്പോൾ.
ദൃശ്യം 3യുടെ പാക്കപ്പ് വീഡിയോ മോഹൻലാൽ അടക്കമുള്ളവർ പങ്കുവച്ചിട്ടുണ്ട്. ലാസ്റ്റ് ഷോട്ട് ഓക്കെയെന്ന് പറഞ്ഞതിന് പിന്നാലെ ഞെട്ടലോടെ അല്ലെങ്കിൽ നാണത്തോടെയൊക്കെ നിൽക്കുന്ന മോഹൻലാലിനെ വീഡിയോയിൽ കാണാം. ഏറ്റവും ഒടുവിൽ എല്ലാവരും ചേർന്ന് കേക്ക് മുറിക്കുകയും ചെയ്യുന്നുണ്ട്. ശേഷം 'സ്നേഹത്തോടെ ജോർജ്ജുകുട്ടി' എന്ന് മോഹൻലാൽ എഴുതുന്നുണ്ട്. കൂടി നിന്നവരോട് ജോർജ്ജുകുട്ടി എന്ന് എഴുതിയത് കറക്ട് ആണോന്നും മോഹൻലാൽ ചോദിക്കുന്നുണ്ട്.
പാക്കപ്പ് വീഡിയോ പുറത്തുവന്നതോടെ ജോർജ്ജുകുട്ടിയുടെ മൂന്നാം വരവിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. റിലീസ് തിയതി പുറത്തുവിടാനും ഫസ്റ്റ് ഷോയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യട്ടെ എന്നും പറഞ്ഞ് ധൃതി കൂട്ടുന്ന ആരാധകരെയും പോസ്റ്റുകൾക്ക് താഴെ കാണാം. സിനിമ 'മിന്നിച്ചേക്കണേ അണ്ണാ..' എന്ന് ജീത്തുവിനോടായും ആരാധകർ പറയുന്നുണ്ട്.
2025 സെപ്റ്റംബർ 22ന് ആയിരുന്നു ദൃശ്യം 3യുടെ ചിത്രീകരണം ആരംഭിച്ചത്. ദൃശ്യം ഒന്നും രണ്ടും മനസ്സിലേറ്റിയ പ്രേക്ഷകര്‍ മൂന്നും മനസ്സിലേറ്റി നടക്കട്ടേയെന്നാണ് പ്രാര്‍ത്ഥന എന്നായിരുന്നു അന്ന് മോഹൻലാൽ നിറമനസോടെ പറഞ്ഞത്. മോഹൻലാലിന് പുറമേ മീന, അൻസിബ ഹസൻ, എസ്‍തര്‍ അനില്‍, ആശാ ശരത്, സിദ്ധിഖ്, കലാഭവൻ ഷാജോണ്‍, ഇര്‍ഷാദ്, ഗണേഷ് കുമാർ തുടങ്ങിയ താരങ്ങളും സിനിമയിൽ ഉണ്ടാകും. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമിച്ചിരിക്കുന്നത്.