
ഒരു സിനിമയുടെ കളക്ഷൻ തുടങ്ങുന്നത് അതിന്റെ ബുക്കിംഗ് തുടങ്ങുന്നത് മുതലാണ്. സൂപ്പർ താര ചിത്രങ്ങൾക്ക് വലിയ തോതിലുള്ള പ്രതികരണം ആകും ഇത്തരം പ്രീ-സെയിലുകൾക്ക് ലഭിക്കുക. അതുകൊണ്ട് തന്നെ റിലീസിന് മുൻപ് പ്രിയതാര ചിത്രങ്ങൾ എത്ര നേടി എന്നറിയാൻ പ്രേക്ഷകർക്ക് കൗതുകം കൂടുതലുമാണ്. അത്തരത്തിൽ ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബന്റെ പ്രീ-സെയിൽ കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്.
കഴിഞ്ഞ ദിവസം(18-1-2024) ആണ് മലൈക്കോട്ടൈ വാലിബന്റെ ബുക്കിംഗ് ആരംഭിച്ചത്. ആദ്യദിനം മുതൽ മികച്ച പ്രതികരണമാണ് ബുക്കിങ്ങിന് ലഭിക്കുന്നത്. പല തിയറ്ററുകളിലും തിരക്കും അനുഭവപ്പെട്ടു. ബുക്കിംഗ് ആരംഭിച്ച് ഒരു ദിവസം പിന്നിടുമ്പോൾ വാലിബന്റെ പ്രീ-സെയിൽ കളക്ഷൻ ഒരു കോടിക്ക് മേൽ ആണെന്ന് വിവിധ ട്രാക്കർമ്മാർ ട്വീറ്റ് ചെയ്യുന്നു. ഫാൻസ് ഷോകൾ കൂടി ഉൾപ്പെടുത്തിയാണിത്. വാലിബൻ റിലീസിന് ഇനി ആറ് ദിവസം ബാക്കിയുണ്ട്. അങ്ങനെയെങ്കിൽ പ്രീ- സെയിലിൽ ഒരുപക്ഷേ വാലിബൻ പുത്തൻ റെക്കോർഡ് ഇടാൻ സാധ്യതയുണ്ട്.
ഇതുവരെയുള്ള കണക്ക് പ്രകാരം കേരളത്തിൽ മികച്ച പ്രീ-സെയിൽ കളക്ഷൻ നേടിയ സിനിമകളിൽ രണ്ടെണ്ണം വിജയ് ചിത്രവും രണ്ടെണ്ണം മോഹൻലാൽ ചിത്രവുമാണ്. ഇ-ടൈംസിന്റെ റിപ്പോർട്ട് ആണിത്. മറ്റൊന്ന് കെജിഎഫ് രണ്ടാം ഭാഗവുമാണ്. ലിയോ(13കോടി അടുപ്പിച്ച്), ബീസ്റ്റ് (6.6 കോടി), ഒടിയൻ(7.2 ), മരക്കാർ(6.6 കോടി), കെജിഎഫ് 2 (7.3 കോടി) എന്നിങ്ങനെയാണ് പ്രീ-സെയിൽ ബിസിനസ് കണക്കുകൾ. ഇക്കൂട്ടത്തിലേക്ക് മലൈക്കോട്ടൈ വാലിബൻ എത്തുമോ അതോ ഇവയിൽ ഏതെങ്കിലും സിനിമയെ മറികടക്കുമോ എന്നത് വരും ദിവസങ്ങൾ അറിയാനാകും.
വലിയേച്ചിയുടെ ക്യൂട്ട് മുത്തം; കുഞ്ഞനുജത്തിയെ മാറോട് ചേർത്ത് നില ബേബി
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ചിത്രം ജനുവരി 25ന് തിയറ്ററുകളിൽ എത്തും. വ്യാഴ്ചയാണ് റിലീസ്. വെള്ളിയാഴ്ച റിപ്പബ്ലിക് ഡേയും മറ്റ് രണ്ട് ദിവസങ്ങൾ ശനിയും ഞായറും ആണ്. അതുകൊണ്ട് തന്നെ, എല്ലാം ഒത്തുവന്നാൽ റിലീസ് ചെയ്ത് ആദ്യ നാല് ദിവസം മികച്ച കളക്ഷൻ തന്നെ മോഹൻലാൽ ചിത്രം സ്വന്തമാക്കും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..