
മലയാള സിനിമയിലെ എക്കാലത്തെയും ക്ലാസ് ചിത്രമായ മണിച്ചിത്രത്താഴിന്റെ റി റിലീസ് ടീസർ പുറത്തുവിട്ടു. മലയാളികൾക്ക് ഇന്നും മനഃപാഠമായ ചിത്രത്തിലെ സംഭാഷണങ്ങളും രംഗങ്ങളും കോർത്തിണക്കിയാണ് ടീസർ റിലീസ് ചെയ്തിരിക്കുന്നത്. ഒപ്പം മികച്ച ദൃശ്യമികവും. ഹൊറർ ത്രില്ലർ മൂഡിൽ ഒരുക്കിയിരിക്കുന്ന ടീസർ കൂടി പുറത്തുവന്നതോടെ ഏറെ ആവേശത്തിലാണ് മലയാള സിനിമാസ്വാദകരും ആരാധകരും.
1993ൽ ഫാസിലിന്റെ സംവിധാനത്തിൽ ആയിരുന്നു മണിച്ചിത്രത്താഴ് റിലീസ് ചെയ്തത്. മോഹൻലാൽ, സുരേഷ് ഗോപി, തിലകൻ, നെടുമുടി വേണു, ഇന്നസെന്റ്, സുധീഷ, കെപിഎസി ലളിത തുടങ്ങിയവർ കസറിയപ്പോൾ ഗംഗ, നാഗവല്ലി എന്നീ കഥാപാത്രങ്ങളായി എത്തി ശോഭന പ്രകടനത്തിൽ അമ്പരപ്പിച്ചിരുന്നു. മലയാളത്തിലെ വൻ ഹിറ്റിന് പിന്നാലെ മണിച്ചിത്രത്താഴ് ഇതര ഭാഷകളിലും റീമേക്ക് ചെയ്തിരുന്നു. റി റിലീസിലൂടെ പുതിയ തലമുറയ്ക്ക് ചിത്രം ബിഗ് സ്ക്രീനില്‍ കാണാനുള്ള അവസരമാണ് ഒരുങ്ങുന്നത്.
അതേസമയം, മോഹൻലാലിന്റെ മറ്റൊരു സിനിമയും റി റിലീസിന് ഒരുങ്ങുകയാണ്. ദേവദൂതൻ ആണ് ആ ചിത്രം. സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം ജൂലൈ 26ന് തിയറ്ററുകളില്‍ എത്തും. നേരത്തെ ഭദ്രന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ ഹിറ്റായി മാറിയ സ്ഫടികവും റി- റിലീസ് ചെയ്തിരുന്നു.
ബിഗ് സ്ക്രീനില്‍ വീണ്ടും ആ ക്ലാസിക് പ്രകടനം, കൂടുതല്‍ മിഴിവോടെ 'ദേവദൂതന്‍', ഇനി നാല് ദിവസം
ബറോസ് ആണ് മോഹന്‍ലാലിന്‍റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. സെപ്റ്റംബർ 12ന് ആണ് റിലീസ് ചെയ്യുക. മോഹൻലാലിന്റെ സംവിധാനത്തിൽ എത്തുന്ന ആദ്യചിത്രം എന്ന പ്രത്യേകതയും ബറോസിന് ഉണ്ട്.ബറോസിനൊപ്പം മറ്റൊരു സിനിമ കൂടി റിലീസിന് ഒരുങ്ങുന്നുവെന്നാണ് വിവരം. ടൊവിനോ തോമസിന്റെ ബിഗ് ബജറ്റ്, ത്രീഡി ചിത്രം അജയന്റെ രണ്ടാം മോഷണം ആണ് ആ ചിത്രം. സെപ്റ്റംബർ 12ന് സിനിമ റിലീസ് ചെയ്യുമെന്നാണ് ട്വിറ്ററിലെ പ്രചരണം.