'ജയിലില്‍' ഏറ്റുമുട്ടാന്‍ മോഹന്‍ലാലും രജനിയും? നെല്‍സണ്‍ ഒരുക്കുന്നത് മാസ് ഫൈറ്റ് സീന്‍ എന്ന് റിപ്പോര്‍ട്ട്

By Web TeamFirst Published Mar 2, 2023, 12:04 PM IST
Highlights

പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ജയിലറുടെ വേഷത്തിലാണ് ചിത്രത്തില്‍ രജനി എത്തുക

ഏത് പ്രൊജക്റ്റ് ആയാലും നായകന്‍ രജനികാന്ത് ആയാല്‍ അതിനു ലഭിക്കുന്ന സവിശേഷമായ ഒരു പ്രേക്ഷകശ്രദ്ധയുണ്ട്. രജനിയുടെ അടുത്ത ചിത്രം, നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ജയിലറിന്‍റെ കാര്യവും അങ്ങനെയാണ്. രജനിയുടെ നായകത്വം കൂടാതെ തെന്നിന്ത്യന്‍ സിനിമയിലെ മറ്റു സൂപ്പര്‍താരങ്ങളുടെ സാന്നിധ്യം ഈ ചിത്രത്തെക്കുറിച്ച് പ്രേക്ഷക പ്രതീക്ഷകള്‍ ഉയര്‍ത്തുന്ന ഘടകമാണ്. ശിവരാജ് കുമാറും ജാക്കി ഷ്രോഫുമൊക്കെ മുഴുനീള കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ അതിഥിതാരമായി മോഹന്‍ലാലും എത്തുന്നുണ്ട്. മലയാളികളെ സംബന്ധിച്ച് ചിത്രത്തോട് കൂടുതല്‍ താല്‍പര്യമുണ്ടാക്കുന്ന ഘടകമാണിത്. ചിത്രത്തിലെ മോഹന്‍ലാലിന്‍റെ കഥാപാത്രത്തെക്കുറിച്ച് ഔദ്യോ​ഗിക വിവരങ്ങളൊന്നും പുറത്തെത്തിയിട്ടില്ലെങ്കിലും ചിത്രത്തിലെ ഒരു സീക്വന്‍സിനെക്കുറിച്ച് ചില റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരിക്കുകയാണ്.

ചിത്രത്തിലെ ഒരു സുപ്രധാന സംഘട്ടന രം​ഗത്തില്‍ രജനികാന്തും മോഹന്‍ലാലും പരസ്പരം ഏറ്റുമുട്ടും എന്നതാണ് അത്. ഈ രം​ഗത്തില്‍ നിരവധി വില്ലന്മാരോട് രജനി ഏറ്റുമുട്ടുന്നുണ്ടെന്നും അതിന്‍റെ ഭാ​ഗമായാണ് മോഹന്‍ലാലും എത്തുന്നതെന്നും കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സീക്വന്‍സ് നെല്‍സണ്‍ ചിത്രീകരിക്കുന്നത് ജയിലില്‍ വച്ചാണെന്ന് ചില തമിഴ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തമന്ന, സുനില്‍, ശിവരാജ് കുമാര്‍ എന്നിവരും ഈ സീനില്‍ ഉണ്ടായിരിക്കുമെന്നാണ് വിവരം. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫര്‍.

പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ജയിലറുടെ വേഷത്തിലാണ് ചിത്രത്തില്‍ രജനി എത്തുക. രമ്യ കൃഷ്ണന്‍, വിനായകന്‍ തുടങ്ങിയവരൊക്കെ രജനിക്കൊപ്പം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്. അണ്ണാത്തെയ്ക്കു ശേഷം എത്തുന്ന രജനീകാന്ത് ചിത്രമാണിത്. സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലാനിധി മാരന്‍ ആണ് സംവിധാനം.

ALSO READ : ആദ്യ പത്തില്‍ ആരൊക്കെ? ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ജനപ്രീതി നേടിയ 10 നായികമാര്‍

click me!